Categories
articles news

കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്നും താത്കാലികമായി മാറുമോ?; പ്രതിസന്ധി മറികടക്കാന്‍ സി.പി.എമ്മിൽ ആലോചന

കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനം ഒഴിയേണ്ട കാര്യമില്ലെന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച കേന്ദ്രകമ്മിറ്റിയോഗം അഭിപ്രായപ്പെട്ടത്.

ബിനീഷ് കോടിയേരിക്കെതിരെ ഇഡി അന്വേഷണം കടുപ്പിക്കുമ്പോള്‍ പ്രതിസന്ധി മറികടക്കാനുള്ള ആലോചന സി.പി.എം കേന്ദ്രങ്ങളില്‍ തുടങ്ങി. കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് തല്‍ക്കാലം മാറിനില്‍ക്കുക എന്ന ആശയം പാര്‍ട്ടിയില്‍ സജീവചര്‍ച്ചയാണ്.

കോടിയേരിക്കും സംസ്ഥാന ഘടകത്തിനും കേന്ദ്രനേതൃത്വം പൂര്‍ണ പിന്തുണ നല്‍കിയെങ്കിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് പോകുന്ന പാര്‍ട്ടിക്കും മുന്നണിക്കും ഒരു താല്‍ക്കാലിക മാറ്റം ആവശ്യമാണെന്ന വിലയിരുത്തലിലാണ് സംസ്ഥാന ഘടകം. കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനം ഒഴിയേണ്ട കാര്യമില്ലെന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച കേന്ദ്രകമ്മിറ്റിയോഗം അഭിപ്രായപ്പെട്ടത്. മക്കള്‍ ചെയ്യുന്ന കുറ്റത്തിന് നേതാക്കളായ അച്ഛൻമാര്‍ക്ക് ബാധ്യതിയില്ലെന്ന മുന്‍നിലപാട് ചൂണ്ടിക്കാണിച്ചായിരുന്നു തീരുമാനം.

എന്നാല്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ ബിനീഷ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ നിരത്തി ഇഡി നിലപാട് കടുപ്പിക്കുകയാണ്. മയക്കുമരുന്ന് വ്യാപാരമടക്കം ബിനീഷിന് മേല്‍ വരുന്ന സാഹചര്യമാണുള്ളത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് തീയ്യതി ഉടന്‍ പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അവസാനഘട്ടത്തിലാണ്.

മുഴുവന്‍ ശക്തിയും സമാഹരിച്ച് തെരഞ്ഞെടുപ്പ് രംഗത്തേക്കിറങ്ങാന്‍ പാര്‍ട്ടി സംവിധാനമൊന്നാകെ തയ്യാറെടുക്കുമ്പോള്‍ സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെയുള്ള ഗുരുതര ആരോപണങ്ങള്‍ തിരിച്ചടയാകുമോ എന്ന ഭയം നേതൃത്വത്തിനുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest