Categories
articles news

കാട്ടുതീയ്ക്കും വെള്ളപ്പൊക്കത്തിനും ശേഷം എലി ശല്യം; ലോകത്തിലെ ഏറ്റവും മാരകമായ എലിവിഷം 5000 ലിറ്റര്‍ വാങ്ങിയതായി അധികൃതര്‍

വലിയ ഷെഡ്ഡുകളില്‍ സൂക്ഷിച്ചിരുന്ന വൈക്കോലാണ് എലികളുടെ വാസസ്ഥലം.വൈക്കോല്‍ കത്തിച്ച് എലികളെ തുരത്താനുള്ള ശ്രമം തകൃതിയായി നടക്കുന്നുണ്ട്.

എലികളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ഓസ്ട്രലേിയക്കാര്‍. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓസ്‌ട്രേലിയയില്‍ വല്ലാത്ത എലി ശല്യമാണ്. എലികള്‍ എന്ന് പറഞ്ഞാല്‍ പത്തോ നൂറോ പോലുമല്ല. കൂട്ടം കൂട്ടമായെത്തുന്ന ആയിരക്കണക്കിന് എലികള്‍. വയലുകളില്‍, റോഡുകളില്‍ എന്നുവേണ്ട വീടുകള്‍ക്കുള്ളില്‍ പോലും എലികളുടെ വിളയാട്ടമാണ്.

ഇവയുടെ ആക്രമണത്തില്‍ ലക്ഷക്കണക്കിന് ഡോളറിന്‍റെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വര്‍ഷങ്ങളായുള്ള വരള്‍ച്ചയ്ക്ക് ശേഷം നല്ല വിളവെടുപ്പ് പ്രതീക്ഷിച്ച കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാണ് എലികള്‍ മൂലം ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്.കാട്ടുതീയ്ക്കും വെള്ളപ്പൊക്കത്തിനും ശേഷമാണ് ഓസ്‌ട്രേലിയയില്‍ എലിപ്രളയം. ക്വീന്‍സ്ലാന്‍ഡ്, ന്യൂ സൗത്ത് വെയില്‍സ് മേഖലകളിലാണ് ശല്യം രൂക്ഷം. വീട്ടില്‍ അലമാര തുറക്കുമ്പോള്‍ എലികള്‍ ചാടി വരുന്നതും മെത്തയ്ക്കുള്ളിലും തലയിണയിലും എലികളെ കണ്ടെത്തുന്നതും തുടങ്ങി ഒട്ടേറെ വീഡിയോകളാണ് പ്രശ്‌നത്തിന്‍റെ രൂക്ഷത വെളിവാക്കി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

വലിയ ഷെഡ്ഡുകളില്‍ സൂക്ഷിച്ചിരുന്ന വൈക്കോലാണ് എലികളുടെ വാസസ്ഥലം.വൈക്കോല്‍ കത്തിച്ച് എലികളെ തുരത്താനുള്ള ശ്രമം തകൃതിയായി നടക്കുന്നുണ്ട്. എന്നാല്‍ ഇതിലും വലിയ ഒരു പ്‌ളാനും അധികൃതരുടെ കയ്യിലുണ്ട്. എലികളെ കൂട്ടത്തോടെ വിഷം കൊടുത്ത് കൊല്ലുക. ലോകത്തെതന്നെ ഏറ്റവും മാരകമായ എലിവിഷം 5000 ലിറ്റര്‍ വാങ്ങിയതായി അധികൃതര്‍ പറഞ്ഞു. ഒറ്റ ഡോസ് കൊണ്ട് തന്നെ എലികളെ കൊല്ലാന്‍ കഴിയുന്ന വിഷമാണിത്.

എന്നാല്‍ വിഷം ഭക്ഷ്യധാന്യങ്ങളില്‍ കലരാനും വന്യമൃഗങ്ങളെ ബാധിക്കാനും സാധ്യതയുള്ളതിനാല്‍ ഈ പ്രയോഗത്തിന് ഒരു വിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഗോതമ്പ്,ബാര്‍ളി, കനോള, കന്നുകാലിത്തീറ്റ എന്നിവയാണ് എലികള്‍ക്ക് കൂടുതലും പ്രിയം.ശൈത്യകാലം അടുക്കുന്നതോടെ വിശന്നുവലയുന്ന എലികള്‍ വീടുകള്‍ക്കുള്ളിലേക്ക് കൂട്ടത്തോടെ അഭയം തേടുമെന്നും അധികൃതര്‍ ആശങ്കപ്പെടുന്നു.ഹോട്ടലുകളൊക്കെയും ഇവയുടെ ശല്യം കാരണം അടച്ചിട്ടിരിക്കുകയാണ്.

എലികള്‍ ആളുകളെ കടിച്ച് പരിക്കേല്പ്പിക്കുന്നതിനാല്‍ ഇതുമായി ആശുപത്രികളിലെത്തുന്നവരും ഏറെ. എലികളില്‍ വലിയ തോതില്‍ പ്രജനനം തുടങ്ങിയത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നുണ്ട്. വിഷം കൊടുത്ത് നാട്ടുകാര്‍ ചെറിയ തോതില്‍ ഇവയെ കൊന്നൊടുക്കുന്നുണ്ടെങ്കിലും ചത്ത എലികള്‍ പ്രദേശത്തെ ജലസംഭരിണികളിലും മറ്റും പൊങ്ങുന്നത് മറ്റൊരു പ്രതിസന്ധിയാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest