Categories
national news

മോദിക്കും രാഹുലിനും എതിരായ വിദ്വേഷ പ്രസംഗ പരാതി; മറുപടി നൽകാൻ കൂടുതൽ സമയം അനുവദിച്ചു

പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രസം​ഗിച്ചെന്ന പരാതിയിലാണ് മോദിക്കും രാഹുലിനും എതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയത്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും എതിരായ വിദ്വേഷ പ്രസംഗ പരാതിയിൽ മറുപടി നൽകാൻ കൂടുതൽ സമയം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ബി.ജെ.പിക്കും കോൺഗ്രസിനും ഒരാഴ്‌ച കൂടി സമയം അനുവദിച്ചു. മെയ് ആറിന് രാവിലെ 11 മണിക്കുള്ളിൽ മറുപടി നൽകണം എന്നാണ് നിർദേശം.

പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രസം​ഗിച്ചെന്ന പരാതിയിലാണ് മോദിക്കും രാഹുലിനും എതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയത്. ഇരുവരും പെരുമാറ്റ ചട്ടം ലംഘിച്ച് പ്രസംഗിച്ചെന്ന പരാതിയിലാണ് നടപടി. ജനപ്രാതിനിധ്യ നിയമത്തിൻ്റെ 77-ാം വകുപ്പ് പ്രകാരമായിരുന്നു നടപടി സ്വീകരിച്ചത്.

ഏപ്രിൽ 11ന് കോട്ടയത്ത് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിൻ്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസിന് നോട്ടീസ് അയച്ചത്. ബി.ജെ.പി രാജ്യത്തെ മതത്തിൻ്റെയും, ജാതിയുടെയും, ഭാഷയുടെയും പേരിൽ വിഭജിക്കാൻ ശ്രമിക്കുന്നു എന്നതായിരുന്നു രാഹുൽ നടത്തിയ പരാമർശം.

ഏപ്രിൽ 21ന് രാജസ്ഥാനിലെ ബൻസ്വരയിൽ മോദി നടത്തിയ പ്രസംഗത്തിലാണ് ബി.ജെ.പിക്ക് നോട്ടീസ് അയച്ചത്. കോണ്‍ഗ്രസ് പ്രകടന പത്രികയിലെ വാഗ്‌ദാനം ചൂണ്ടിക്കാണിച്ചായിരുന്നു രാജസ്ഥാനിൽ വച്ച് നരേന്ദ്രമോദിയുടെ വിവാദ പരാമര്‍ശം.

കടന്നു കയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും നിങ്ങളുടെ സ്വത്ത് നല്‍കുന്നത് അംഗീകരിക്കാനാവുമോ എന്നതായിരുന്നു മോദിയുടെ വിവാദ പരാമ‍ർശങ്ങളിലൊന്ന്. ‘അമ്മമാരുടെയും സഹോദരിമാരുടെയും സ്വര്‍ണ്ണത്തിൻ്റെ കണക്കെടുത്ത് ആ സ്വത്ത് വീതിക്കുമെന്നാണ് കോണ്‍ഗ്രസിൻ്റെ പ്രകടന പത്രിക പറയുന്നത്.

രാജ്യത്തിൻ്റെ സ്വത്തില്‍ മുസ്ലീങ്ങള്‍ക്ക് ആദ്യ അവകാശമുണ്ടെന്നാണ് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഈ സ്വത്തുക്കളെല്ലാം കൂടുതല്‍ മക്കളുള്ളവര്‍ക്കും നുഴഞ്ഞു കയറ്റക്കാര്‍ക്കും നല്‍കുമെന്നാണ് അതിനര്‍ത്ഥം. നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കള്‍ നുഴഞ്ഞു കയറ്റക്കാര്‍ക്ക് നല്‍കണോ? ഇത് നിങ്ങള്‍ക്ക് അംഗീകരിക്കാനാകുമോ?’ എന്നായിരുന്നു രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ നരേന്ദ്ര മോദിയുടെ പരാമര്‍ശം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest