Categories
Kerala news

പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ നേരിട്ടത് ക്രൂരമായ മർദനമെന്ന് യുവതി; മർദിച്ചത് സ്ത്രീധനം ആവശ്യപ്പെട്ട്, ചാർജറിൻ്റെ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചുവെന്നും പരാതി

പ്രതി രാഹുലിനെ ഇതുവരെ പിടികൂടാത്തതിലും കുടുംബത്തിന് അമർഷമുണ്ട്

കോഴിക്കോട്: പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ നേരിട്ടത് ക്രൂരമായ മർദനമെന്ന് യുവതി. മർദിച്ചത് സ്ത്രീധനം ആവശ്യപ്പെട്ടാണെന്നും തലയിലും നെറ്റിയിലും മർദിച്ചെന്നും യുവതി പറഞ്ഞു. ചാർജറിൻ്റെ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു. രാഹുൽ ലഹരി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നതായും യുവതി പറഞ്ഞു. തന്നെ ഭർത്താവ് രാഹുൽ കൊലപ്പെടുത്താൻ ശ്രമിച്ചിട്ടും ആരും വഴക്കിൽ ഇടപ്പെടില്ലെന്നും യുവതി. ശുചിമുറിയിൽ വീണതാണെന്ന് പറയാൻ ഭർതൃവീട്ടുകാർ ആവശ്യപ്പെട്ടെന്നും യുവതി കൂട്ടിച്ചേർത്തു.

എല്ലാ കാര്യങ്ങളും പൊലീസിനെ അറിയിച്ചിട്ടും മൊഴി പൂർണമായി രേഖപ്പെടുത്തിയില്ലെന്ന് യുവതി ആരോപിക്കുന്നു. പറഞ്ഞ പല കാര്യങ്ങളും റിപ്പോർട്ടിൽ ഇല്ലെന്നും യുവതി വിശദീകരിച്ചു. ഇതിനിടെ പൊലീസിനെതിരെ യുവതിയുടെ കുടുംബം രംഗത്തുവന്നു.

വീഴ്‌ചകൾ ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രിക്ക് പരാതി നൽകി. ക്രൂരമർദ്ദനത്തിൻ്റെ തെളിവുകൾ സഹിതം ഹാജരാക്കിയിട്ടും വകുപ്പുകൾ ചേർക്കുന്നതിൽ ഉൾപ്പെടെ പോലീസ് വിട്ടുവീഴ്‌ച ചെയ്‌തതായാണ് ആരോപണം.

കഴുത്തിൽ കേബിൾ കുരുക്കി കൊലപ്പെടുത്താൻ ശ്രമിച്ചെന്നും, ക്രൂരമർദ്ദനത്തിന് ഇരയായെന്നും യുവതി പോലീസിന് മൊഴി നൽകിയിരുന്നു. എന്നിട്ടും പോലീസ് വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നാണ് കുടുംബത്തിൻ്റെ പരാതി. സംഭവ ദിവസം പരാതി അറിയിക്കാൻ സ്റ്റേഷനിൽ എത്തിയപ്പോഴും മോശം പെരുമാറ്റം നേരിടേണ്ടി വന്നതായും യുവതിയുടെ പിതാവ്.

പ്രതി രാഹുലിനെ ഇതുവരെ പിടികൂടാത്തതിലും കുടുംബത്തിന് അമർഷമുണ്ട്. വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകി. അന്വേഷണം കാര്യക്ഷമം ആക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ഗാർഹിക പീഡന പരാതി ആയതുകൊണ്ട് എസ്.പിയുടെ നിർദേശമില്ലാതെ അറസ്റ്റ് ചെയ്യാൻ ആവില്ലന്നാണ് പോലീസ് നിലപാട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *