Categories
Kerala news

ലാലേട്ടന് ഒരു പിറന്നാള്‍ സമ്മാനം; ‘കിരീടത്തിലെ പാലം’ വിനോദ സഞ്ചാര കേന്ദ്രമാക്കുന്നു, ‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്‍’: മുഖ്യമന്ത്രി

കണ്ണീര്‍പൂവിൻ്റെ കവിളില്‍ തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നിനും സാക്ഷ്യം വഹിച്ച ഈ പാലം

മലയാളത്തിൻ്റെ പ്രിയനടന്‍ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

1980ലെ ഫാസില്‍ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂവാണ് മലയാളത്തിന് ലാലേട്ടനെ സമ്മാനിച്ചത്. അന്ന് തൊട്ട് മലയാളിയുടെ നെഞ്ചകത്താണ് മോഹന്‍ലാല്‍. നടന വൈഭവത്തിൻ്റെ നാല് പതിറ്റാണ്ട്, മോഹന്‍ലാല്‍ യുഗം, പക്ഷെ, ഒരാണ്ടിൻ്റെ കണക്കെടുപ്പില്‍ തീരുന്നതല്ല മലയാളിക്ക് മോഹന്‍ലാല്‍, വിസ്‌മയങ്ങളുടെ ഒരു ഖനി തന്നെയാണത്.

മോഹന്‍ലാലിൻ്റെ കഥാപാത്രങ്ങള്‍ നമ്മള്‍ പിന്നിട്ട കാലത്തിൻ്റെ അവശേഷിപ്പുകള്‍ ആയിരുന്നു. അഭിനയത്തിൻ്റെ രസമാപിനി നഷ്‌ടപ്പെട്ടിട്ടില്ലാത്ത കഥാപാത്രങ്ങളായിരുന്നു ഓരോന്നും. വില്ലന്‍ വേഷങ്ങളില്‍ നിന്ന് നായകനിലേക്ക്, പിന്നീട് മലയാളിയുടെ നെഞ്ചകത്തേക്ക് ഇതായിരുന്നു ലാലേട്ടൻ്റെ റൂട്ട്. ഗ്രാമീണനും നാഗരികനും ആന്റി ഹീറോയും പ്രതിനായകനും ഫ്യൂഡല്‍ പ്രഭുവും ഉള്‍പ്പെട്ട വേഷങ്ങള്‍ ലാലിലൂടെ അനായസം കടന്ന് പോയി.

കിരീടത്തിലെ സേതുമാധവനും, ഭരതത്തിലെ ഗോപിനാഥനും എന്നും ലാലേട്ടൻ്റെ ഐക്കോണിക്കുകള്‍ തന്നെയാണ്. ഒരൊറ്റ വാക്കുപോലും ഉച്ചരിക്കാതെ, മൗനത്തിൻ്റെ ഗംഭീരമായ വാചാലതയില്‍ സൃഷ്ടിക്കപ്പെട്ട കഥാപാത്രങ്ങളില്‍ അയാള്‍ എന്നും മലയാളിയെ വിസ്‌മയിപ്പിച്ചു. ഇന്നിൻ്റെ സ്വഭാവികതയോട് ചേര്‍ന്ന് നിന്ന് അഭിപ്രായങ്ങള്‍ പറയാനും ലാലേട്ടന്‍ മറക്കാറില്ല.

മോഹന്‍ലാല്‍ എന്നത് മലയാളിക്കൊരു പേരല്ല, ഒരു കാലഘട്ടത്തെ സിനിമാ കോട്ടകകളില്‍ പിടിച്ചിരുത്തിയ വൈകാരികതയാണ്. മലയാളത്തിൻ്റെ പ്രിയപ്പെട്ട കംപ്ലീറ്റ് ആക്റ്റർക്ക് പിറന്നാള്‍ ആശംസകള്‍…

‘കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കും

കിരീടം സിനിമയിലെ പാലം വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങി കഴിഞ്ഞുവെന്ന് മന്ത്രി മൂഹമ്മദ് റിയാസ്. കിരീടം പാലത്തെയും വെള്ളായണി കായലിൻ്റെ മനോഹാരിതയെയും ആസ്വദിക്കാന്‍ സാധിക്കുന്ന വിധത്തില്‍ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തും.

നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:

ലാലേട്ടന് ഒരു പിറന്നാള്‍ സമ്മാനം..
‘കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞു.
മലയാളികളുടെ മനസ്സില്‍ ‘കിരീടം’ സിനിമയ്‌ക്കൊപ്പം പതിഞ്ഞതാണ് ആ പാലവും. നെല്‍പ്പാടങ്ങള്‍ക്ക് നടുവിലെ ചെമ്മണ്‍ പാതയില്‍ മോഹന്‍ലാലിൻ്റെ സേതുമാധവനും ശ്രീനാഥും കണ്ടുമുട്ടുന്ന രംഗങ്ങള്‍ക്കും കണ്ണീര്‍പൂവിൻ്റെ കവിളില്‍ തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നിനും സാക്ഷ്യം വഹിച്ച ഈ പാലം മലയാളസിനിമയിലെ ഒരു നാഴികക്കല്ലിനെയാണ് അടയാളപ്പെടുത്തുന്നത്. കിരീടം പാലത്തെയും വെള്ളായണി കായലിൻ്റെ മനോഹാരിതയെയും ആസ്വദിക്കാന്‍ സാധിക്കുന്ന വിധത്തില്‍ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തും വിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങള്‍ അവസാന
ഘട്ടത്തിലാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *