Categories
Kerala news

‘സുരേഷ് ഗോപിക്ക് ഒരു സീറ്റ് കിട്ടി, ആഘോഷിക്കേണ്ട; അടുത്ത തവണ ജയിക്കില്ല, എഴുതി വെച്ചോ’: ജി.സുധാകരൻ

രാജവാഴ്‌ചയുടെ, നഷ്ടപ്പെട്ട ഫ്യൂഡല്‍ സമ്പ്രദായങ്ങളുടെ ആരാധകനാണ് ഇന്ത്യന്‍ പ്രധാനമന്ത്രി

കൊച്ചി: സുരേഷ് ഗോപിക്ക് ഒരു സീറ്റ് കിട്ടി, അതുകൊണ്ട് എന്താണെന്ന് സി.പി.എം നേതാവ് ജി.സുധാകരന്‍ ചോദിച്ചു. ഒരു സീറ്റ് കിട്ടിയപ്പോള്‍ വലിയ ആഘോഷമല്ലേ നടത്തുന്നത്. അങ്ങനെ ആഘോഷിക്കേണ്ട കാര്യം എന്താണ്? വലിയ സംഭവമായി അവര്‍ക്ക് വേണമെങ്കില്‍ ആഘോഷിക്കാം. അവര്‍ക്ക് ഇതുവരെ ഒന്നും കിട്ടിയിട്ടില്ലല്ലോ. ദാഹിച്ച് വലഞ്ഞിരിക്കുമ്പോള്‍ വെള്ളം കിട്ടുമ്പോള്‍ ഒരു സന്തോഷമുണ്ടാകുമെന്ന് സുധാകരന്‍ പരിഹസിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിൻ്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജി.സുധാകരന്‍.

‘ഹിന്ദുവര്‍ഗീയതയെ എല്ലാവരും യോജിച്ച് നിന്ന് ചെറുക്കേണ്ടതിൻ്റെ പ്രാധാന്യമാണിത്. ഇപ്പോഴും 79 ശതമാനം വോട്ട് അവര്‍ക്ക് കിട്ടിയിട്ടില്ല. 19 ശതമാനം വോട്ട് മാത്രമാണ് അവര്‍ക്ക് കിട്ടിയത്. തൃശൂര്‍ പോട്ടെ. അടുത്ത തവണ അദ്ദേഹത്തിന് എന്തുകിട്ടും അവിടെ? അടുത്ത തവണ സുരേഷ് ഗോപി ജയിക്കില്ല. എഴുതിവെച്ചോ.’ -ജി.സുധാകരന്‍ പറഞ്ഞു.

‘ബി.ജെ.പിക്ക് എന്താണ് സന്തോഷിക്കാനുള്ളത്. പറയൂ. ബംഗാളില്‍ സീറ്റ് പോയില്ലേ. 17 സീറ്റ് 12 ആയില്ലേ. ജനസംഖ്യയില്‍ 18 കോടി വരും മുസ്ലീങ്ങള്‍. ഇവരില്‍ 16 കോടി മുസ്ലീം വോട്ടര്‍മാരില്‍ ഒറ്റ വോട്ട് പോലും ബി.ജെ.പിക്ക് കിട്ടിയിട്ടില്ല. 16 കോടി വോട്ട് വേണ്ട എന്ന് പറയുന്നത് മണ്ടത്തരമല്ലേ? അവര്‍ ഹിന്ദു വര്‍ഗീയതയുടെ കനം കുറച്ച് അവര്‍ ആര്‍.എസ്‌.സിൻ്റെ പ്രൊഡക്ട് ആണ് എന്ന ചിന്താഗതിയൊക്കേ മാറ്റിവെച്ച് ഭരണഘടന അനുസരിച്ച് നല്ലകാര്യങ്ങള്‍ ചെയ്‌താലോലോ? അത് ചെയ്‌തില്ലല്ലോ. കിട്ടിയ അവസരങ്ങള്‍ ഒന്നും ചെയ്‌തില്ല.

എന്തെങ്കിലും പഠിക്കുന്നുണ്ടോ മോദി? ഇവിടെ കര്‍ഷക തൊഴിലാളി പെന്‍ഷന്‍ കൊടുത്തൂ. ഈ രാജ്യത്തെ കര്‍ഷക തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്ന കാര്യം അദ്ദേഹത്തിന് ചിന്തിക്കാന്‍ പറ്റുമോ? തൊഴിലില്ലായ്‌മ വേതനം ഇന്ത്യ മുഴുവന്‍ കൊടുക്കുന്നുണ്ടോ മോദി? കേരളത്തില്‍ കൊടുത്തില്ലേ. ഇത്തരത്തില്‍ കോടിക്കണക്കിന് ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന ഒരു സാമൂഹിക സുരക്ഷാ പദ്ധതിയും അദ്ദേഹം നടപ്പാക്കിയില്ല. മോദിയെ താഴെ ഇറക്കുന്നതിന് പറ്റിയ സുവര്‍ണാവസരം ആയിരുന്നു ഈ തെരഞ്ഞെടുപ്പ്. ഇതില്‍ കുറച്ച് താഴോട്ട് പോയി,’ -സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

‘മോദി രാമക്ഷേത്രത്തില്‍, കെജരിവാള്‍ ഹനുമാന്‍ ക്ഷേത്രത്തിലേക്കും’

ഹിന്ദു വര്‍ഗീയത രാജ്യത്ത് ശക്തിപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് ജി.സുധാകരന്‍ ആരോപിച്ചു. ‘ഈ ഹിന്ദു വര്‍ഗീയതയില്‍ ആകൃഷ്ടരായ ബുദ്ധിജീവികള്‍ അടക്കം മുസ്ലീങ്ങളെ ആക്ഷേപിച്ചു. മുസ്ലീങ്ങളെ ആക്ഷേപിക്കുന്നതിൻ്റെ കാര്യമെന്താണ്? പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇത്തവണ പറ്റിയ തെറ്റ് മുസ്ലീങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി സംസാരിച്ചു എന്നതാണ്. ഒരു മാസത്തോളമാണ് സംസാരിച്ചത്. ഒരു പ്രധാനമന്ത്രി അങ്ങനെ ചെയ്യാമോ? ഏതെങ്കിലും പ്രധാനമന്ത്രിമാര്‍ അങ്ങനെ ചെയ്‌തിട്ടുണ്ടോ? വാജ്‌പേയ് പോലും അങ്ങനെ ചെയ്‌തിട്ടില്ല. മോദി അഹങ്കാരമല്ലെ കാണിച്ചത്. താന്‍ എന്തോ ആണ്, താന്‍ ദൈവം വരെ ആണ്. പാര്‍ലമെണ്ടില്‍ വടി വച്ചു. ആ വടിയും കൊണ്ടുള്ള വരവ് കാണണം. പൂജാരിമാര്‍ പൂജിച്ച് കൊണ്ടുവരുന്ന പോലെ?, ജനാധിപത്യത്തില്‍ ചെങ്കോല്‍ ഉണ്ടോ?,’- സുധാകരന്‍ ചോദിച്ചു.

‘രാജവാഴ്‌ചയുടെ, നഷ്ടപ്പെട്ട ഫ്യൂഡല്‍ സമ്പ്രദായങ്ങളുടെ ആരാധകനാണ് ഇന്ത്യന്‍ പ്രധാനമന്ത്രി. അദ്ദേഹം ചെയ്‌ത ഏറ്റവും വലിയ തെറ്റാണിത്. അദ്ദേഹം ഭരണഘടനയെ അപമാനിക്കുകയാണ് ചെയ്‌തത്. പാര്‍ലമെണ്ടിനകത്ത് വടി കൊണ്ട് വച്ചു.അതിനോട് യോജിക്കുന്നവരാണോ അവിടെ ഇരിക്കുന്ന എല്ലാവരും. പാര്‍ട്ടി ചെറുതോ വലുതോ എന്നതല്ല. എന്തുകൊണ്ട് നിരവധി പാര്‍ട്ടികളുടെ സൊസൈറ്റികള്‍ ഉണ്ടാകുന്നു? കേരള കോണ്‍ഗ്രസിന് തന്നെ ആറോ ഏഴോ പാര്‍ട്ടിയുണ്ട്. ഓരോ പാര്‍ട്ടിയും ഓരോ പ്രത്യയ ശാസ്ത്രമാണ് എന്നാണ് ലെനിന്‍ പറഞ്ഞത്. ഈ സമൂഹത്തിന് ഇത്രയും പ്രത്യയശാസ്ത്രങ്ങള്‍ ഉണ്ട്. അതാണ് പാര്‍ട്ടിയായി വരുന്നത്.

വലതുപക്ഷത്ത് തന്നെ പല റേഞ്ചുകളിലുള്ള പ്രത്യയ ശാസ്ത്രമുണ്ട്. ഇടതുപക്ഷത്തും ഇത്തരത്തില്‍ വ്യത്യസ്ത റേഞ്ചുകളില്‍ ഐഡിയോളജി ഉണ്ട്. പാര്‍ട്ടികളുടെ ബാഹുല്യത്തില്‍ വിഷമിക്കേണ്ട കാര്യമില്ല. ഇത്രയും ചീള് ചീള് ആശയമുള്ളത് കൊണ്ടാണ്. പറഞ്ഞപോലെ ഈ പാര്‍ലമെണ്ടിലെ എല്ലാവരും മോദിയുടെ ചെങ്കോലുകാരാണോ? അല്ലല്ലോ? പാര്‍മെണ്ടിനെ അമ്പലമാക്കാന്‍ കഴിയുമോ? ഇതൊന്നും വേണ്ടത്ര മുതലെടുക്കാന്‍ കഴിഞ്ഞില്ല. ഒരു പരിധിയോളം കഴിഞ്ഞൂ. കാരണം ബി.ജെ.പിക്ക് മൂന്നില്‍ രണ്ടുഭൂരിക്ഷം പോയില്ലേ?,’ -ജി.സുധാകരന്‍ വിമര്‍ശിച്ചു.

‘400 കിട്ടിയില്ല എന്നുമാത്രമല്ല ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം പോലും ലഭിച്ചില്ല. ഇതില്‍ കൂടുതല്‍ നാണക്കേട് വേണോ? എന്നിട്ടും അദ്ദേഹത്തിന് എന്തെങ്കിലും ഭാവ വ്യത്യാസമുണ്ടോ? നാണക്കേട് ഉണ്ടായാലും ഭാവിക്കാത്ത തൊലിക്കട്ടി അദ്ദേഹത്തിന് ഉണ്ട്. അദ്ദേഹം വിജയിക്കാന്‍ പോകുന്നില്ല. അടുത്തപ്രാവശ്യം അധികാരത്തില്‍ വരുന്നത് സംശയമാണ്. രാജ്യത്ത് ബി.ജെ.പി വ്യാപിച്ചു എന്നത് ശരിയാണ്. എന്നാല്‍ പാര്‍ട്ടിയുടെ സാന്ദ്രത കുറഞ്ഞു എന്നതിൻ്റെ തെളിവാണ് യു.പി. പഞ്ചാബില്‍ ഒന്നുമില്ല. എ.എ.പിയുടെ എടുത്തുചാട്ടം കൊണ്ടാണ് ഡല്‍ഹിയില്‍ സീറ്റ് കിട്ടാതിരുന്നത്. അരവിന്ദ് കെജരിവാളും അങ്ങേയറ്റം അന്ധവിശ്വാസിയാണ്. എപ്പോഴും അദ്ദേഹം ഹനുമാന്‍ കോവിലിലേക്ക് ഓടുന്നത് എന്തിനാണ്? മോദി രാമക്ഷേത്രത്തില്‍ പോകും, കെജരിവാള്‍ ഹനുമാന്‍ ക്ഷേത്രത്തിലേക്ക് പോകും. ഇവര്‍ തമ്മിലുള്ള വ്യത്യാസമെന്താണ്? രണ്ടുപേരും അന്ധവിശ്വാസികളും കടുത്ത വലതു പക്ഷക്കാരുമാണ്,’ -ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *