Categories
Kerala news

തൃശൂർ, പാലക്കാട് ജില്ലകളിൽ തുടർച്ചയായ രണ്ടാം ദിനവും ഭൂചലനം‌, വീടുകളും കെട്ടിടങ്ങളും തകർന്നു

നാഷണൽ സെൻ്റെർ ഫോർ സീസ്‌മോളജിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ 3.0 ആണ് തീവ്രത

തൃശൂരിലും പാലക്കാട്ടും വിവിധ പ്രദേശങ്ങളിൽ തുടർച്ചയായ രണ്ടാം ദിനവും ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ 3.56 നാണ് തൃശൂരില്‍ ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം, എരുമപ്പെട്ടി, വേലൂർ, വടക്കാഞ്ചേരി മേഖലകളിലാണ് പ്രകമ്പനമുണ്ടായത്. ഏതാനും സെക്കൻഡുകളോളം ഇത് നീണ്ടു നിന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ശനിയാഴ്‌ച രാവിലെയും ഈ മേഖലയില്‍ ഭൂചലനം ഉണ്ടായിരുന്നു.

പാലക്കാട് തൃത്താല, ആനക്കര, കപ്പൂർ, തിരുമിറ്റക്കോട് ‍‌ഭാഗങ്ങളിൽ ഞായറാഴ്‌ച പുലര്‍ച്ചെ നാലുമണിയോടെ ഭൂചലനമുണ്ടായി. തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്നും എന്നാല്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.

ശനിയാഴ്‌ച തൃശൂർ ജില്ലയിൽ കുന്നംകുളം, തലപ്പിള്ളി താലൂക്കുകളുടെ വിവിധ ഭാഗങ്ങളിലും അതിർത്തിയിലുള്ള പാലക്കാട് ജില്ലയിലെ പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. രാവിലെ 8.15ന് ഏകദേശം 4 സെക്കൻഡ് നീണ്ടുനിന്ന മുഴക്കത്തോടുകൂടിയ പ്രകമ്പനമാണ് റിപ്പോർട്ട് ചെയ്‌തത്. നാഷണൽ സെൻ്റെർ ഫോർ സീസ്‌മോളജിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ 3.0 ആണ് തീവ്രത രേഖപ്പെടുത്തിയിട്ടുള്ളത്.

ഭൂമിക്ക് താഴെ നിന്നു മുഴക്കവും വിറയലും അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. റവന്യു, ജിയോളജി വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. തൃശൂരിൽ നിന്ന് 18 കിലോമീറ്റർ വടക്കുമാറിയാണ് പ്രഭവകേന്ദ്രം എന്നാണ് നാഷണൽ സെൻ്റെർ ഫോർ സീസ്‌മോളജിയുടെ പ്രാഥമിക നിഗമനം.

0Shares

Leave a Reply

Your email address will not be published. Required fields are marked *