Categories
business news

ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് മോണിറ്റര്‍ റിപ്പോര്‍ട്ട്: ലോകത്തിൽ ഏറ്റവും എളുപ്പത്തില്‍ ബിസിനസ് തുടങ്ങാവുന്ന അഞ്ച് രാജ്യങ്ങളില്‍ ഒന്നായിമാറി ഇന്ത്യ

സര്‍വേയില്‍ പങ്കെടുത്ത 82 ശതമാനം പേരും ഇന്ത്യയില്‍ വളരെ എളുപ്പത്തില്‍ ബിസിനസ് തുടങ്ങാന്‍ കഴിയുമെന്നാണ് അഭിപ്രായപ്പെട്ടത്.

ലോകത്ത് ഏറ്റവും എളുപ്പത്തില്‍ ബിസിനസ് തുടങ്ങാവുന്ന അഞ്ച് രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ.500 ലേറെ ഗവേഷകര്‍ ചേര്‍ന്ന് തയ്യാറാക്കിയ ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് മോണിറ്റര്‍ റിപ്പോര്‍ട്ട് 2021-22 ലാണ് ഇന്ത്യ ഈ അഭിമാനാര്‍ഹമായ നേട്ടമുണ്ടാക്കിയത്.

ദുബൈ എക്‌സ്‌പോയിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ലോകത്തെ 47 ഓളം പ്രമുഖ സാമ്പത്തിക ശക്തികള്‍ക്കിടയില്‍ 2000 ത്തിലേറെ പേരില്‍ നിന്നായി അഭിപ്രായം തേടിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

സര്‍വേയില്‍ പങ്കെടുത്ത 82 ശതമാനം പേരും ഇന്ത്യയില്‍ വളരെ എളുപ്പത്തില്‍ ബിസിനസ് തുടങ്ങാന്‍ കഴിയുമെന്നാണ് അഭിപ്രായപ്പെട്ടത്. പ്രാദേശിക സംരംഭകത്വ സാഹചര്യം, സംരംഭകത്വ പ്രവര്‍ത്തനം, സംരംഭകരോടുള്ള മനോഭാവം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളോടാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ പ്രതികരിച്ചത്.

ഇന്ത്യയില്‍ ബിസിനസ് തുടങ്ങാന്‍ വളരെയേറെ സാധ്യതകളുണ്ടെന്നാണ് ഭൂരിഭാഗം അഭിപ്രായപ്പെട്ടത്. 86 ശതമാനം ഇന്ത്യാക്കാരും കരുതുന്നത് തങ്ങള്‍ക്ക് ബിസിനസ് തുടങ്ങാനുള്ള ശേഷിയും അറിവുമുണ്ടെന്നാണ്. സര്‍വേയില്‍ പങ്കെടുത്ത 54 ശതമാനം പേരും തകര്‍ച്ച ഭയന്ന് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ബിസിനസ് തുടങ്ങാന്‍ മടിക്കുന്നവരാണ്. പേടി മൂലം ബിസിനസ് തുടങ്ങാന്‍ മടിക്കുന്ന കൂടുതല്‍ പേരുള്ള രാജ്യങ്ങളില്‍ രണ്ടാമതാണ് ഇന്ത്യ.

ലോകത്തെ കുറഞ്ഞ വ്യക്തിഗത വരുമാനമുള്ള രാജ്യങ്ങളില്‍ എളുപ്പത്തില്‍ ബിസിനസ് തുടങ്ങാനാവുന്ന ഒന്നാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്ത് ബിസിനസ് തുടങ്ങാനുള്ള സാമ്പത്തിക സഹായം, സര്‍ക്കാര്‍ നയം, ബിസിനസിനുള്ള പിന്തുണ, നികുതിയും നടപടിക്രമങ്ങളും, സര്‍ക്കാരിൻ്റെ സംരംഭകത്വ പദ്ധതികള്‍ തുടങ്ങിയവയെല്ലാം പുതുസംരംഭകര്‍ക്ക് സഹായകരമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest