Categories
local news

ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഫ്‌ലാഗ് ഓഫ് ചെയ്തു; കൃഷി വകുപ്പിൻ്റെ സഞ്ചരിക്കുന്ന പഴം-പച്ചക്കറി വണ്ടി കാസർകോട് ജില്ലയിൽ ഓടി തുടങ്ങി

സ്ഥിരം വിപണിയില്ലാത്ത സ്ഥലങ്ങളില്‍ ഹോര്‍ട്ടികോര്‍പ്പിൻ്റെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന വില്‍പനശാലകളും കൂടുതല്‍ ഔട്ട്ലെറ്റുകളും ആരംഭിക്കും.

കാസർകോട്: പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തില്‍ ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ എന്നിവയുടെ സഹകരണത്തോടെ ആരംഭിച്ച സഞ്ചരിക്കുന്ന പഴം-പച്ചക്കറി വണ്ടി ജില്ലയില്‍ ഓടിത്തുടങ്ങി. കാഞ്ഞങ്ങാട് അലാമിപ്പള്ളി പരിസരത്ത് സഞ്ചരിക്കുന്ന പഴം-പച്ചക്കറി വണ്ടി ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഫ്‌ലാഗ് ഓഫ് ചെയ്തു.

കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.വി സുജാത അധ്യക്ഷയായി. പ്രിന്‍സിപ്പിള്‍ കൃഷി ഓഫീസര്‍ ആര്‍.വീണാറാണി പദ്ധതി വിശദീകരിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ മഞ്ജുള മുരളീധരന്‍ സ്വാഗതവും വി.എഫ്.പി.സി.കെ ജില്ലാ മാനേജര്‍ സിന്ധു.എസ് നാരായണ്‍ നന്ദിയും പറഞ്ഞു.

തക്കാളി ഉള്‍പ്പെടെ പച്ചക്കറിയുടെ വില അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പഴം-പച്ചക്കറി വണ്ടികള്‍ രംഗത്തിറക്കിയത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് പഴം-പച്ചക്കറി വിപണികള്‍ പ്രവര്‍ത്തിക്കുക. തിങ്കള്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ കാഞ്ഞങ്ങാട്ടും, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കാസറര്‍കോടും, വ്യാഴാഴ്ച മഞ്ചേശ്വരം താലൂക്കാസ്ഥാനമായ ഉപ്പളയിലും, ശനിയാഴ്ച പരപ്പയിലും വിപണി പ്രവര്‍ത്തിക്കും.

സംസ്ഥാനത്തെ കര്‍ഷകര്‍, മറ്റിടങ്ങള്‍, അയല്‍ സംസ്ഥാനങ്ങള്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് തക്കാളിയും മറ്റു പച്ചക്കറികളും സംഭരിച്ച് വിതരണം ചെയ്യുന്ന പദ്ധതിയാണിത്. സ്ഥിരം വിപണിയില്ലാത്ത സ്ഥലങ്ങളില്‍ ഹോര്‍ട്ടികോര്‍പ്പിൻ്റെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന വില്‍പനശാലകളും കൂടുതല്‍ ഔട്ട്ലെറ്റുകളും ആരംഭിക്കും.

പഴം-പച്ചക്കറി വണ്ടിയില്‍ വലിയ വിലക്കുറവിലാണ് പച്ചക്കറികള്‍ നല്‍കുന്നത്. അറുപത് രൂപ വിപണി വിലയുള്ള തക്കാളി 50 രൂപ നിരക്കിലും 100 രൂപയുള്ള വെണ്ട 90 രൂപയിലും 80 രൂപ വിലയുള്ള പയര്‍ 65 രൂപയിലും 50 രൂപ വിലയുള്ള ചേന 34 രൂപയിലും 100 രൂപ വിലയുള്ള മുളക് 85 രൂപയിലും 46 രൂപ പൊതു വിപണിയില്‍ വിലയുള്ള സവാള 43 രൂപയിലും സഞ്ചരിക്കുന്ന വിപണിയില്‍ നിന്ന് ലഭിക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest