Categories
local news sports

കാസർകോട് ജില്ലയുടെ സമഗ്ര കായിക വികസനത്തിന് മാർഗരേഖയായി; കായിക വികസന പ്രൊജക്ട് പ്രകാശനം ചെയ്തു; വിഭാവനം ചെയ്യുന്നത് 358.14 കോടി രൂപയുടെ പദ്ധതികൾ

സർക്കാറിൻ്റെ സഹായം മാത്രം ആശ്രയിക്കാതെ സ്വകാര്യ സംരംഭകരുടേയും പ്രാദേശിക മനുഷ്യവിഭവശേഷി പ്രയോജനപ്പെടുത്തിയും കായിക മേഖല ശക്തിപ്പെടുത്തണം.

കാസർകോട്: ജില്ല ഒളിമ്പിക് അസോസിയേഷൻ തയ്യാറാക്കിയ ഓൺ യുവർ മാർക്ക് സമഗ്ര കായിക വികസന പ്രൊജക്ട് പ്രകാശനം ചെയ്തു. ടോക്കിയോ ഒളിമ്പിക്സി നോട് അനുബന്ധിച്ച് ജില്ലാ ഒളിമ്പിക് അസോസിയേഷനും ഒളിമ്പിക് വേവും ചേർന്ന് നടത്തിയ ഒളിമ്പിക് ക്വിസ് മത്സരത്തിൻ്റെയും സ്പോട്സ് ലേഖന മത്സരത്തിൻ്റെയും വിജയികൾക്ക് ഉള്ള അവാർഡുകളും ജേഴ്സികളും വിതരണം ചെയ്തു.

പടന്നക്കാട് നെഹ്റു ആർട്സ് ആൻ്റ് സയൻസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡണ്ട് വി.സുനിൽകുമാർ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാതയ്ക്ക് നൽകിയാണ് സമഗ്ര കായിക വികസന പ്രൊജക്ട് പ്രകാശനം ചെയ്തത്. തുടർന്ന് നഗരസഭ ചെയർപേഴ്സൺ കെവി സുജാത ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനന് കൈമാറി നാടിന് സമർപ്പിച്ചു.

ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട് ടി.വി. ബാലൻ അധ്യക്ഷത വഹിച്ചു. കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ഇ.പി.രാജ് മോഹൻ, പടന്നക്കാട് നെഹ്റു എഡ്യുക്കേഷൻ സൊസൈറ്റി സെക്രട്ടറി കെ.രാമനാഥ്, കാഞ്ഞങ്ങാട് പ്രസ് ഫോറം സെക്രട്ടറി ജോയ് മാരൂർ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം അഷറഫ് കർള, വോളിബോൾ ഇന്ത്യൻ കോച്ച് ടി.ബാലചന്ദ്രൻ, ഫുട്ബോൾ കോച്ച് പി.കുഞ്ഞികൃഷ്ണൻ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡണ്ട് പള്ളം നാരായണൻ എന്നിവർ സംസാരിച്ചു. ഡോ. എം.കെ. രാജശേഖരൻ പ്രൊജക്ട് പരിചയപ്പെടുത്തി. ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ സെക്രട്ടറി എം. അച്യുതൻ മാസ്റ്റർ സ്വാഗതവും ട്രഷറർ വി.വി. വിജയമോഹനൻ നന്ദിയും പറഞ്ഞു.

മൂന്നുവർഷത്തിനകം ജില്ലയുടെ കായിക വികസനത്തിന് കുതിപ്പുണ്ടാക്കാൻ സമഗ്ര കായിക വികസന പ്രൊജക്ട് സഹായകമാകുമെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് വി. സുനിൽകുമാർ പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ല ഒളിമ്പിക് അസോസിയേഷൻ ഇത്തരത്തിൽ കായിക വികസന പ്രൊജക്ട് തയാറാക്കുന്നത്. സർക്കാറിൻ്റെ സഹായം മാത്രം ആശ്രയിക്കാതെ സ്വകാര്യ സംരംഭകരുടേയും പ്രാദേശിക മനുഷ്യവിഭവശേഷി പ്രയോജനപ്പെടുത്തിയും കായിക മേഖല ശക്തിപ്പെടുത്തണം.

വിവിധ സ്പോർട്സ് അസോസിയേഷനുകൾ കടലാസ് സംഘടനകൾ ആകാതെ ഉണർന്നു പ്രവർത്തിക്കണം. വർഷങ്ങളായി തുടരുന്ന ഭാരവാഹികൾ നിർജീവമായ സംഘടനകളിൽ നിന്ന് മാറി പുതിയ കാര്യപ്രാപ്തിയുള്ളവർക്ക് അവസരം നൽകണം. പടന്നക്കാട് നെഹ്റു കോളേജിൽ ഓൺ യുവർ മാർക്ക് ജില്ലയുടെ സമഗ്ര കായിക വികസന പ്രൊജക്ട് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ 20 സ്ക്കൂളുകളിൽ കൂടി കുട്ടികൾക്ക് ഹോക്കി സ്റ്റിക്കുകൾ വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

സമഗ്ര കായിക വികസനത്തിന് ജില്ലയിൽ വിഭാവനം ചെയ്യുന്നത് 358.14 കോടി രൂപയുടെ പദ്ധതികൾ

കാസർകോട് ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ തയ്യാറാക്കിയ ഓൺ യുവർ മാർക്ക് സമഗ്ര കായിക വികസന പ്രൊജക്ട് ജില്ലയുടെ സമ്പൂർണകായിക പുരോഗതിയ്ക്കുള്ള മാർഗരേഖയാണ്. 358.14 കോടി രൂപയുടെ പദ്ധതികൾക്കാണ് ഇതിൽ രൂപം നൽകിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ കായിക വികസന പ്രൊജക്ട് സമഗ്രമായി തയ്യാറാക്കുന്നത്.

കായിക രംഗത്തെ നൂതന സാങ്കേതിക വിദ്യയും അറിവും നേട്ടങ്ങളും ജില്ലയിലെ കായിക താരങ്ങൾക്ക് അനുഭവഭേദ്യമാക്കുന്നതിന് ലക്ഷ്യമിട്ടാണ് പ്രൊജക്ട് തയ്യാറാക്കിയത്. പ്രതിഭയുള്ള കുട്ടികളെ കണ്ടെത്തി ദേശീയ അന്തർദേശീയ നിലവാരത്തിൽ ജില്ലയിൽ നിന്നും വളർത്തിയെടുക്കുക എന്നതും ലക്ഷ്യമാണ്. എല്ലാ പ്രായത്തിലുമുള്ള ആളുകളുടെ കായിക ക്ഷമത നിലനിർത്തുന്നതിനും വളർത്തിയെടുക്കുന്നതിനും അവസരം ലഭ്യമാക്കുകയും അതിനായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് കായികപരിശീലനത്തിന് നിലവാരമുള്ള ആധുനിക പരിശീലന ഉപകരണങ്ങൾ ലഭ്യമാക്കുകയും പ്രൊജക്ട് പ്രാധാന്യം നൽകുന്നു. ജില്ലയിലെ 37 കായിക ഇനങ്ങളെ ഉൾപ്പെടുത്തിയാണ് പ്രോജക്ട് തയ്യാറാക്കിയിട്ടുള്ളത്. വിവിധ കായിക ഇനങ്ങളുടെ പശ്ചാത്തല സൗകര്യ വികസനം ചെറുപ്രായത്തിൽ തന്നെ കുട്ടികളെ കണ്ടെത്തുക, മികച്ച പരിശീലനം എന്നിവ പ്രോജക്ടിന്റെ സവിശേഷതയാണ്. കേരളത്തിൽ ആദ്യമായാണ് ഒരു ജില്ലയുടെ സമഗ്ര കായിക വികസനത്തിന് പ്രോജക്ട് തയ്യാറാക്കുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest