Categories
sports

കടന്നുപോയത് എട്ട് വര്‍ഷങ്ങള്‍; ധോണിക്ക് ശേഷം വീണ്ടുമൊരു ഐ.സി.സി കിരീടം നേടാനാകാതെ വിരാട് കോലിയുടെ ടീം ഇന്ത്യ

ഇന്ത്യ അവസാനമായൊരു ഐ.സി.സി കിരീടം ഉയർത്തിയത് എം.എസ് ധോണിയുടെ നേതൃത്വത്തില്‍ 2013 ജൂൺ 23ന് ആയിരുന്നു.

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്‍റെ ഫൈനലിൽ പരാജയപ്പെട്ടതോടെ ധോണിക്ക് ശേഷം ഒരു ഐ.സി.സി കിരീടം ഉയർത്താനാകാതെ ഇന്ത്യ. ഏകദിന, ടെസ്റ്റ്, ട്വന്റി മത്സരങ്ങളിൽ കോലിയുടെ ടീം മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും എം.എസ് ധോണി ക്യാപ്റ്റൻസിയിൽ നിന്ന് മാറിയ ശേഷം ഇന്ത്യക്ക് ഇതുവരെ ഐ.സി.സി ടൂർണമെന്റുകളിൽ കപ്പ് നേടാൻ സാധിച്ചിട്ടില്ല.

2013ലെ ചാംപ്യൻസ് ട്രോഫി കപ്പ് നേടിയ ശേഷം ടെസ്റ്റ് ഫൈനൽ അടക്കം ആറ് ഐ.സി.സി ടൂർണമെന്റുകളും എട്ടുവർഷവും ഇതുവരെ പിന്നിട്ടെങ്കിലും ഇന്ത്യ ഒരു കപ്പ് പോലും നേടിയില്ല. മൂന്ന് തവണ സെമിയിലും മൂന്ന് തവണ ഫൈനലിലും ഇന്ത്യ തോൽക്കുകയായിരുന്നു. കോലി നായകനായ ശേഷം 2016ലെ ട്വന്‍റി 20 ലോകകപ്പ്, 2017ലെ ചാംപ്യന്‍സ് ട്രോഫി, 2019ലെ ഏകദിന ലോകപ്പ് എന്നിങ്ങനെ ഐ.സി.സി ടൂര്‍ണമെന്‍റുകളിലാണ് ഇതിന് മുന്‍പ് ഇന്ത്യ തോറ്റത്. ഇനി വരുന്നതാകട്ടെ ട്വന്‍റി 20 ലോകകപ്പാണ്.

ഇന്ത്യ അവസാനമായൊരു ഐ.സി.സി കിരീടം ഉയർത്തിയത് എം.എസ് ധോണിയുടെ നേതൃത്വത്തില്‍ 2013 ജൂൺ 23ന് ആയിരുന്നു. എട്ട് വർഷങ്ങൾക്കിപ്പുറം മറ്റൊരു ജൂൺ 23ന് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്‍റെ ഫൈനലിൽ കോലിയും സംഘവും കിരീടം ഉയർത്തുമെന്ന ആരാധകരുടെ പ്രതീക്ഷകൾ കൂടിയാണ് ന്യൂസിലൻഡിന്‍റെ മനോഹരമായ ജയത്തിൽ കൊഴിഞ്ഞത്. 2013 ജൂണ്‍ 23ന് ഇംഗ്ലണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ ആതിഥേയ ടീമിനെ കീഴടക്കിയാണ് ധോണി നയിച്ച ഇന്ത്യ ചാംപ്യന്‍സ് ട്രോഫി സ്വന്തമാക്കിയത്. ആ നേട്ടത്തോടെ വലിയൊരു ചരിത്രവുമായിരുന്നു ധോണി കുറിച്ചത്.

ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാംപ്യൻസ് ട്രോഫി എന്നിങ്ങനെ മൂന്ന് ഐ.സി.സി കിരീടങ്ങളും നേടിയ ആദ്യ ക്യാപ്റ്റനായി ധോണി മാറിയിരുന്നു. ഈ റെക്കോഡ് ഇതുവരെ ആരും തിരുത്തിയിട്ടില്ല. ധോണിക്ക് ശേഷം കോലിയുടെ നേതൃത്വത്തിൽ നാല് ഐ.സി.സി ടൂർണമെന്റുകളിലാണ് ഇന്ത്യ കളിച്ചത്. ഇതിൽ ഒന്നിൽ പോലും കിരീടം നേടാൻ കഴിയാത്തതിനെ തുടർന്ന് സോഷ്യൽമീഡിയയിൽ കോലിക്കെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *