Categories
Kerala news

നടന്‍ കലാഭവന്‍ സോബി ജോര്‍ജ് പോലീസ് പിടിയില്‍; വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ, ബാലഭാസ്‌കറിൻ്റെ മരണത്തിൽ സി.ബി.ഐ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇത്തരം നടപടികൾ ഉണ്ടായതെന്ന് സോബി ജോര്‍ജ്

വിസ നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാത്തതിനെ തുടര്‍ന്ന് 2023-ലാണ് പരാതി

വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ നടൻ കലാഭവൻ സോബി ജോർജ് (56) പിടിയിൽ. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്‌ത്‌ പുല്‍പ്പള്ളി താന്നിതെരുവ് സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ ശേഷം മുങ്ങിയ സോബിയെ കൊല്ലം ചാത്തന്നൂരിൽ വച്ചാണ് ബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സ്വദേശിയായ നെല്ലിമറ്റം കാക്കനാട് വീട്ടില്‍ സോബി ജോര്‍ജിനെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്.

സ്വകാര്യ വാഹനത്തിൽ സഞ്ചരിക്കുന്നതിന് ഇടയിലാണ് പിടിയിലായത്. ഇരുപത്തിയഞ്ചോളം കേസുകളാണ് സോബിക്കെതിരെ രജിസ്റ്റർ ചെയ്‌തത്. വയനാട്ടിൽ മാത്രം സോബിക്കെതിരെ ആറ് കേസുകളാണ് രജിസ്റ്റർ ചെയ്‌തത്. ജില്ലയിൽ നിന്ന് മാത്രം 26 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.

2021 സെപ്റ്റംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് പുല്‍പ്പള്ളി സ്വദേശിയില്‍ നിന്ന് പല തവണകളിലായി 3,04,200 രൂപ വാങ്ങിയത്. ബാങ്ക് അക്കൗണ്ട് മുഖാന്തിരമായിരുന്നു ഇടപാട്.

വിസ നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാത്തതിനെ തുടര്‍ന്ന് 2023-ലാണ് പരാതി നല്‍കിയത്. എസ്.ഐ ശശികുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അരുണ്‍ജിത്ത്, പി.കെ സുമേഷ് തുടങ്ങിയവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

വയലിനിസ്റ്റ് ബാലഭാസ്‌കറിൻ്റെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് തനിക്കെതിരെ ഇത്തരം നടപടികൾ ഉണ്ടായതെന്നും കലാഭവൻ സോബി മാധ്യമങ്ങളോട് പറഞ്ഞു. ഇതുകൊണ്ട് ആ കേസിൽ നിന്ന് പിന്തിരിയുമെന്ന് ആരും കരുതേണ്ടെന്നും സോബി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *