Categories
articles news

കരയുന്നവന് കനിവുമായി കണ്ണീരൊപ്പാൻ ഇനി ഡോക്ടർ ഹമീച്ചയില്ല

വർഷങ്ങൾക്ക് മുമ്പ് പ്രമുഖരായ കാസർക്കോട്ടെ സാമൂഹ്യ സ്നേഹികൾ ഫ്രൈഡേ ക്ളബ്ബ് സങ്കൽപ്പങ്ങൾ സാക്ഷാത്ക്കരിച്ചപ്പോൾ അധ്യക്ഷ പദവി നൽകി ആദരിച്ചത് ഡോക്ടർ ഹമീച്ചയെയായിരുന്നു.

എഴുത്ത്: ടി.വി അബ്ദുല്ല

വര: വര- ലാമിയ അബ്ദുല്ല

സദാ ചുണ്ടിൽ വിരിയുന്ന പുഞ്ചിരിയും നർമ്മം കലർത്തിയ സംഭാഷണ ശകലങ്ങളിലൂടെ മറ്റുള്ളവരിൽ പുഞ്ചിരി വിരിയിച്ചും കാസർകോട്ടുകാരുടെ പ്രിയപ്പെട്ട സ്വന്തം ഡോക്ടർ ഹമീച്ച എന്ന ഡോക്ടർ സി.എ.അബ്ദുൽ ഹമീദ് സകലരുടേയും കണ്ണുകൾ ഈറനണിയിച്ചാണ് യാത്രായായത്.

മാസങ്ങളോളം കിടപ്പിലായപ്പോഴും സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനായി പ്രാർത്ഥിച്ചു കാത്തിരുന്ന പ്രിയപ്പെട്ടവരെയെല്ലാം സങ്കടത്തിലാഴ്ത്തി പ്രതീക്ഷകൾക്കൊന്നും അവസരം നൽകാതെ ഹമീച്ച വിട പറയുകയായിരുന്നു.

തന്‍റെ തൊഴിലിലും സൗകര്യങ്ങളിലും അഭിരമിച്ച് ഒതുങ്ങി നിൽക്കാതെ പൊതു സമൂഹത്തിൻ്റേയും സമുദായത്തിന്‍റെയും പ്രശ്നങ്ങളിലും പ്രതിസന്ധികളിലും നടത്തിയ ശക്തവും നിസ്വാർത്ഥവുമായ ഇടപെടലുകളുമാണ് ഹമീച്ചയെ കാസർക്കോട്ടുകാർക്ക് പ്രിയങ്കരനാക്കിയത്.

വിട്ടുവീഴ്ചയ്ക്ക് വശംവദനാകാത്ത വിശ്വാസവും ഭക്തി നിർഭരമായ സ്വകാര്യ ജീവിതവും സുഹൃദ് വലയങ്ങൾ തീർക്കുന്നതിനും സഹജീവി പരിഗണനയോടെ നന്മകൾ പകരുന്നതിനും ഹമീച്ചാക്ക് ഒരിക്കലും തടസ്സമായിരുന്നില്ല. ആരാലും ആകർഷിക്കപ്പെടുന്ന സ്വഭാവ വൈശിഷ്ഠ്യമാണ് ഹമീച്ചാനെ കാസർകോട്ടെ പൊതുമണ്ഡലത്തിൽ സ്വീകാര്യനായ ഹമീദ് ഡോക്ടറാക്കി മാറ്റിയത്.

സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട നിർധനരും നിരാലംബരുമായ നിരവധിയാളുകളുടെ കരം പിടിച്ച് കനിവ് പകരാൻ തൻ്റെ തൊഴിൽ തിരക്കിനിടയിലും ഹമീച്ചയുടെ നേതൃത്വത്തിൽ തുടങ്ങിയ സക്കാത്ത് സെൽ കാസർക്കോട് സമൂഹത്തിന്‍റെ ജീവകാരുണ്യ പ്രവർത്തന ഘടനയിലും സംസ്ക്കാരത്തിലും സമൂലമായ മാറ്റങ്ങൾക്ക് രൂപഭാവം നൽകി പുതിയൊരു അധ്യായം രചിക്കുകയായിരുന്നു.

ആവശ്യക്കാരുടെ അത്യാവശ്യങ്ങൾ മനസ്സിലാക്കി ആളും അതിരും ആരും അറിയാതെ വീട്ടു പടിക്കലെത്തുന്ന കനിവിന്‍റെ കൈനീട്ടമായ സക്കാത്ത് വിതരണ പ്രവർത്തനം പൊതു സമൂഹത്തിലെ ജീവകാരുണ്യ പ്രവർത്തകർക്ക് തന്നെ ഉദാത്ത മാതൃകയായിരുന്നു

കുടുംബ ബന്ധങ്ങളിലെ നിസഹായർക്ക് സഹായ ഹസ്തങ്ങൾ സ്വകാര്യമായി സ്വയം നിർവ്വഹിക്കുകയായിരുന്നു ഹമീച്ച. ബന്ധുക്കളായ നിരവധി കുടുംബംങ്ങൾക്ക് സ്വന്തമായി വീടുകൾ നിർമ്മിച്ചു നൽകുകയും ചിലർക്ക് സ്ഥിരമായി മാസം തോറും ജീവിതച്ചിലവിനുള്ള പണം നൽകിയും അവശത അനുഭവിക്കുന്ന ബന്ധു ജനങ്ങളെ തന്നോടൊപ്പം ചേർത്ത് നിർത്താൻ എപ്പോഴും ഹമീച്ച പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങളിൽ ഈയുള്ളവനും പങ്കാളിയാവാൻ ഹമീച്ച അവസരം നൽകിയത് കൃതജ്ഞതയോടെ സ്മരിക്കുന്നു.

അസുഖ ബാധിതനായ പ്രതിസന്ധി ഘട്ടങ്ങളിലും ആഴത്തിൽ അടിയുറച്ച അചഞ്ചലമായ ദൈവ വിശ്വാസം നൽകിയ ആത്മധൈര്യം അടി പതറാതെയുള്ള ഊർജ്വസ്ഥലത ഹമീച്ചാന്‍റെ ഒരോ ചലനങ്ങളിലും പ്രകടമായിരുന്നു. യഥാർത്ഥ വിശ്വാസികളുടെ ജീവിതത്തിലേക്ക് നിരാശകൾ കടന്നു വരാറില്ലെന്ന വേദ വാക്യങ്ങളുടെ സാധുകരണമായിരുന്നു ഹമീച്ചയിൽ പ്രകടമായിരുന്നത്.

വർഷങ്ങൾക്ക് മുമ്പ് പ്രമുഖരായ കാസർക്കോട്ടെ സാമൂഹ്യ സ്നേഹികൾ ഫ്രൈഡേ ക്ളബ്ബ് സങ്കൽപ്പങ്ങൾ സാക്ഷാത്ക്കരിച്ചപ്പോൾ അധ്യക്ഷ പദവി നൽകി ആദരിച്ചത് ഡോക്ടർ ഹമീച്ചയെയായിരുന്നു. പിന്നീട് ആജീവനാന്ത കാലം ഹമീച്ചയെ ആ പദവിയിൽ തന്നെ സഹപ്രവർത്തകർ നിർബന്ധിച്ച് നിലനിർത്തുകയായിരുന്നു.

നിരവധി വിഷയങ്ങളിൽ സാംസ്കാരിക പ്രഭാഷണങ്ങളും ഈദ് സൗഹാർദ്ദ സമ്മേളനങ്ങളും സമൂഹ നോമ്പു തുറകളും സംഘടിപ്പിച്ചു കൊണ്ട് ഫ്രൈഡേ ക്ളബ്ബിന്‍റെ പ്രശംസനീയമായ പ്രവർത്തനങ്ങൾ കാസർക്കോട്ട് പുതിയൊരു സൗഹൃദ സംസ്ക്കാരം വളർത്തുന്നതിൽ നിസ്തുലമായ സേവനങ്ങളായിരുന്നു ഹമീച്ചയുടെ നേതൃത്വത്തിൽ നടന്നിരുന്നത്.

പ്രപഞ്ചത്തിനാകെ കരുണകൾ കനിയുന്ന ദൈവത്തിന്‍റെയും മനുഷ്യ ബന്ധങ്ങൾക്ക് അമൂല്യമായ സ്ഥാനമാനം നൽകി സ്നേഹിക്കാൻ മാത്രം പഠിപ്പിക്കുകയും ചെയ്ത വിശ്വാസ വിചാരങ്ങളുടേയും പേരിൽ അകാരണമായി കലഹിക്കുന്നവരെന്ന ഖ്യാതിയാണ് കാസർക്കോട്ടുകാർക്ക് ചാർത്തി നൽകിയിട്ടുള്ളത്.

സമുദായങ്ങൾ തമ്മിലുള്ള അകൽച്ചയും മനുഷ്യത്വം മരവിപ്പിക്കുന്ന സംഘട്ടനങ്ങളും കാരണം കാസർക്കോട്ടെ അന്തരീഷം കലുഷിതവും അനിശ്ചിതത്വം നിറഞ്ഞതുമായ സന്ദർഭങ്ങളിലെല്ലാം സഹോദര്യത്തിന്‍റെയും ഐക്യത്തിന്‍റെയും പ്രാർത്ഥനാ മന്ത്രവുമായി ഡോക്ടർ ഹമീച്ചാന്‍റെ അധ്യക്ഷതയിലുള്ള സർവ്വ മത കൂട്ടായ്മ കാസർക്കോട് സൗഹൃദ വേദി ശ്ളാഘനീയമായ സമാധാന പ്രവർത്തനങ്ങളായിരുന്നു കാഴ്ചവച്ചത്.

ആദരണീയരായ കാസർക്കോട്ടെ വിവിധ സമുദായ നേതാക്കൾക്കൊപ്പം ഡോക്ടർ ഹമീച്ചയും സർവ്വ മത സൗഹാർദ്ദത്തിന്‍റെ മുൻനിരയിലെ മാതൃകാപരമായ നേതൃത്വ പാടവമുള്ള നിസ്വാർത്ഥ സേവകനായി പ്രവർത്തിക്കുകയായിരുന്നു.

ഡോക്ടർമാരുടെ തൊഴിൽ സംഘടനയുടെ ദേശീയ തലത്തിൽ തൻ്റെ കഴിവും പ്രവർത്തന മികവും പ്രശംസിക്കപ്പെട്ടപ്പോൾ ദേശിയ അദ്ധ്യക്ഷ പദവി വച്ചു നീട്ടി സഹപ്രവർത്തകർ നിർബന്ധിച്ചെങ്കിലും സ്ഥാനമാനങ്ങൾക്ക് മോഹമില്ലാത്ത ഹമീച്ച അതൊക്കെ നിരസിച്ചു കൊണ്ട് തൻ്റെ ഇഷ്ട മേഖലയായ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും സജീവമാകുകയായിരുന്നു.

അറിയപ്പെടുന്ന ഡോക്ടർ, സാമൂഹ്യ പ്രവർത്തകൻ, വിവിധ സാസ്കാരിക സംഘടനകളുടെ അമരക്കാരൻ എല്ലാറ്റിനും ഉപരിയായി നിരവധി നിർധനരരുടെ ഹൃദയം തൊട്ടറിഞ്ഞ് സങ്കടങ്ങൾക്ക് അവധി നൽകി കനിവ് കാട്ടിയ കരുണയുടെ കാവലാളായ ഡോക്ടർ ഹമീദ് പുഞ്ചിരിയുടെ ഓർമ്മകൾ സമ്മാനിച്ച് യാത്രയായായി.

സ്വർഗ്ഗ യാത്ര സുഖമമാക്കാനുള്ള സർവ്വ സംഗതികളിലും കൈയ്യൊപ്പ് ചാർത്തി പ്രവർത്തന മികവ് കാട്ടിയ ഡോക്ടർ ഹമീച്ചാനെ നിൻ്റെ ഔദാര്യമായ സ്വർഗ്ഗം നൽകി അനുഗ്രഹിക്കേണമേ നാഥാ… ആമീൻ.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest