Categories
Kerala news trending

ലോക്‌സഭാ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് 194 പേര്‍ മത്സരിക്കും, ഏറ്റവുമധികം സ്ഥാനാര്‍ത്ഥികള്‍ കോട്ടയത്ത്

കേരള കോൺഗ്രസിൻ്റെ ഔദ്യോഗിക ചിഹ്നമായ രണ്ടിലയിൽ ഇത്തവണ മത്സരിക്കുക എൽ.ഡിഎഫ് സ്ഥാനാർഥി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞു. 194 പേരാണ് സംസ്ഥാനത്ത് മത്സര രംഗത്തുള്ളത്. 10 പേർ നാമനിർദ്ദേശ പത്രിക പിൻവലിച്ചു. സൂക്ഷ്‌മ പരിശോധനയ്ക്ക് ശേഷം 294 പേരായിരുന്നു സംസ്ഥാനത്ത് മത്സര രംഗത്ത് ഉണ്ടായിരുന്നത്. ഇതില്‍ 10 പേർ നാമനിർദ്ദേശ പത്രിക പിൻവലിച്ചതോടെ ആണ് സ്ഥാനാർത്ഥികളുടെ എണ്ണം 194 ആയത്.

14 പേർ മത്സര രംഗത്തുള്ള കോട്ടയത്താണ് ഏറ്റവും കൂടുതല്‍ സ്ഥാനാർത്ഥികള്‍ മത്സരിക്കുന്നത്. അഞ്ച് പേർ മാത്രമുള്ള ആലത്തൂരിലാണ് ഏറ്റവും കുറവ് സ്ഥാനാർത്ഥികള് പോരടിക്കുന്നത്. കോഴിക്കോട് 13 പേരും, കണ്ണൂർ, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍ 12 പേർ വീതവും മത്സരരംഗത്ത് ഉണ്ട്. ചാലക്കുടിയിലും ആലപ്പുഴയിലും 11 സ്ഥാനാർത്ഥികളാണുള്ളത്.

വടകരയിലും, പാലക്കാടും എറണാകുളത്തും 10 പേർ വീതവും മത്സര രംഗത്തുണ്ട്. കാസർഗോഡ്, തൃശ്ശൂർ, മാവേലിക്കര, വയനാട് മണ്ഡലങ്ങളില്‍ 9 സ്ഥാനാർത്ഥികൾ ആണുള്ളത്. എട്ട് പേർ വീതമാണ് മലപ്പുറം, പൊന്നാനി, പത്തനംതിട്ട മണ്ഡലങ്ങളില്‍ മത്സര രംഗത്തുള്ളത്. ഇടുക്കിയിലും ആറ്റിങ്ങലും ഏഴുപേർ വീതവും മാറ്റുരയ്ക്കും.

പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ സ്ഥാനാർത്ഥികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നങ്ങളും അനുവദിച്ചിട്ടുണ്ട്. കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്ജിന് ഓട്ടോറിക്ഷയാണ് ചിഹ്നം. കേരള കോണ്ഗ്രസ് പിളർന്ന സാഹചര്യത്തിലാണ് ചിഹ്ന പ്രശ്നം ഉണ്ടായത്. കേരള കോൺഗ്രസിൻ്റെ ഔദ്യോഗിക ചിഹ്നമായ രണ്ടിലയിൽ ഇത്തവണ മത്സരിക്കുക എൽ.ഡിഎഫ് സ്ഥാനാർഥിയായ തോമസ് ചാഴിക്കാടനാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *