Categories
channelrb special news

കക്കൂസ് മാലിന്യം അലക്ഷ്യമായി ഒഴുക്കിവിട്ട് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കാസർകോട്ടെ സ്വകാര്യ സ്ഥാപനം; ദുര്‍ഗന്ധം സഹിച്ച് സമീപത്തെ വീട്ടുകാരും കച്ചവടക്കാരും; രോഗം പടരുന്നതിന് മുന്നേ അധികാരികൾ കണ്ണ് തുറക്കുമോ..?

ചാനല്‍ ആര്‍ബി സ്പെഷ്യല്‍ റിപ്പോര്‍ട്ട് 

കാസര്‍കോട്: കക്കൂസ് മാലിന്യം അലക്ഷ്യമായി ഒഴുക്കിവിട്ട് നഗരത്തിലെ സ്വകാര്യ സ്ഥാപനം. കാസര്‍കോട് നഗരത്തോട് ചേര്‍ന്നുള്ള വിദ്യാനഗര്‍ ഗവണ്‍മെന്റ് കോളേജിന് സമീപത്തെ കെട്ടിടത്തിലാണ് അപകടകരമാം വിധം ഈ സംഭവം നടക്കുന്നത്. മാസങ്ങളായി സമീപവാസികള്‍ ഇതിൻ്റെ ദുര്‍ഗന്ധം സഹിച്ചു വരികയാണ്. കെട്ടിടത്തിൻ്റെ പിറകിലുള്ള ഒഴിഞ്ഞ പറമ്പിലേക്കാണ് മാലിന്യങ്ങള്‍ ഒഴുക്കി വിടുന്നത്. കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കുഴല്‍ക്കിണറിനടുത്തേക്കാണ് ഈ മാലിന്യം ഒഴുക്കി വിടുന്നതെന്നതും അത്ഭുതപ്പെടുത്തുന്നു. മഴക്കാലമായതിനാല്‍, മഴവെള്ളത്തില്‍ കലര്‍ന്ന് സമീപ പ്രദേശങ്ങളിലേക്കും ഇത് ഒഴുകിയെത്തുന്നത് കടുത്ത ആരോഗ്യ പ്രശനങ്ങള്‍ക്ക് കാരണമാകുന്നു.

കെട്ടിടത്തോട് ചേര്‍ന്നുള്ള ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കേണ്ടതും ഇതിൻ്റെ ദുര്‍ഗന്ധം സഹിച്ചുകൊണ്ടാണ്. ഐസ്‌ക്രീം സംഭരണ കേന്ദ്രവും, പാല്‍ ശേഖരണ യൂണിറ്റും, പൊതു വിതരണ കേന്ദ്രവും ഇതിനോട് ചേര്‍ന്ന് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. സെപ്റ്റിക് ടാങ്ക് നിറയുമ്പോഴാണ് മോട്ടോര്‍ ഉപയോഗിച്ച് മാലിന്യം പുറം തള്ളുന്നത്. ഈ കെട്ടിടത്തില്‍ പ്രമുഖ ജ്വല്ലറിയുടെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ഇവിടെ അന്‍പതോളം തൊഴിലാളികളുണ്ടെന്നാണ് അറിയാനായത്. ഇവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതാവാം ഇടയ്ക്കിടെ സെപ്റ്റിക് ടാങ്ക് നിറയാന്‍ കാരണം.

സെപ്റ്റിക് ടാങ്കിനകത്തേക്ക് വലിയ പൈപ്പ് കടത്തിവെച്ചിട്ടുണ്ട്. ഇതിന് സമീപത്തായി തന്നെ മോട്ടോര്‍ ഘടിപ്പിച്ചതും കാണാം. ആളുകളുടെ ശ്രദ്ധ പതിയാതിരിക്കാന്‍ കടകള്‍ അടച്ച സന്ധ്യാ സമയങ്ങളിലൊ, അവധി ദിവസങ്ങളിലോ ആണ് കൂടുതലും മാലിന്യം പുറംതള്ളുന്നത്. സെപ്റ്റിക് ടാങ്ക് നിറഞ്ഞാല്‍ പകല്‍ സമയങ്ങളിലും ഇത് ഒഴുക്കിവിടുന്നത് പതിവാക്കിയിട്ടുണ്ട്. മഴവെള്ളത്തില്‍ ഇത് ഒഴുകി പോകുന്നതിനാല്‍ ഇവര്‍ ഈ പ്രവര്‍ത്തി നിര്‍ലോഭം തുടരുകയാണ്.

അസഹ്യമായ ദുര്‍ഗന്ധമാണ് പരിസര പ്രദേശങ്ങളില്‍ പരക്കുന്നത്. വാതിലച്ച് അകത്തിരുന്നാലും വീടിനകത്തേക്കും ദുര്‍ഗന്ധം ഇരച്ചുകയറുന്നുണ്ട്. മഴയായതിനാല്‍, ദുര്‍ഗന്ധത്തിന് അല്‍പം ശമനമുമുണ്ട്‌, എന്നാൽ മാലിന്യം സമീപത്ത് കെട്ടികിടക്കുകയാണെന്നും സമീപവാസികള്‍ ചാനൽ ആര്‍.ബിയോട് പറഞ്ഞു.

അസുഖം പരത്തുന്ന കൊതുകു ശല്യവും അടുത്ത കാലത്തായി ഈ പ്രദേശങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം പോലുള്ള മാരക രോഗങ്ങള്‍ പടര്‍ന്നു പിടിച്ചതും ഈ അടുത്ത കാലത്താണ്. അതിന് ശേഷം ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. ഇതിനിടയിലാണ് അവരുടെയും നഗര സഭയുടേയും കണ്ണുവെട്ടിച്ചുകൊണ്ട് ഈ ദുഷ് പ്രവര്‍ത്തി നടത്തുന്നത്. ഇതിനെതിരെ നഗരസഭ അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

 

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest