Categories
articles news

മീഡിയാ മാനിയയും പ്രതിപക്ഷ നേതാവും; ഒരു പ്രതിപക്ഷ നേതാവ് എങ്ങിനെ പരാജയമാകും എന്നതിന്, ഇദ്ദേഹത്തെ രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് കണ്ട് പഠിക്കാം

മറ്റു രാജ്യങ്ങളിലെ ഇന്ത്യാക്കാരെ എത്തിക്കാനും, അവരെ നിരീക്ഷിക്കാനും, വൈറസ് പടര്‍ന്ന് പിടിക്കും വരെ കാത്തുനിന്നതും വീഴ്ചയാണ്.

കൊറോണ വൈറസ് ഭീതി ലോകരാജ്യങ്ങളെ മുഴുവന്‍ വിഴുങ്ങവേ ‘ആഗോള മഹാമാരിയായി’ ലോകാര്യോഗസംഘടന പ്രഖ്യാപിച്ചതൊന്നും കേരളത്തിലെ പ്രതിപക്ഷത്തിനിപ്പോള്‍ പ്രശ്‌നമല്ല. തങ്ങള്‍ സ്ഥിരമായി നടത്തിവരുന്ന നാടകങ്ങള്‍ക്ക് സംസ്ഥാന നിയമസഭയില്‍ വേദി കിട്ടാതാകുന്നതിലാണ് അവരുടെ രോഷം മുഴുവന്‍. അതിനാല്‍ തന്നെയാണ് കൊറോണ മുന്‍കരുതല്‍ ഭാഗമായി നിയമസഭ സമ്മേളനം നിര്‍ത്തിവയ്ക്കുന്നതിനെ പോലും പ്രതിപക്ഷം എതിര്‍ക്കുന്നത് എന്ന് മനസിലാക്കാന്‍ സാധിക്കും.

പറയുന്നതില്‍ കാര്യമുണ്ടോ എന്ന് നോക്കേണ്ടത് ജനങ്ങളാണ്, കാരണം – ജനങ്ങളോട് സമ്പര്‍ക്കമില്ലാത്തതിനാല്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് വൈറസ് പിടിപെടാന്‍ സാധ്യതയില്ല എന്ന ആത്മവിശ്വാസമാണ് ചെന്നിത്തലയുടേയും നിലപാടിന് പിന്നിലുള്ളത് എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ ആവില്ല. അതേസമയം ഇടതുപക്ഷ അംഗങ്ങളുടെ സ്ഥിതി അതല്ല. അവര്‍ ജനങ്ങളുമായി ചേര്‍ന്ന് കൂടുതല്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ വൈറസ് ബാധ ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്.ഈ യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. തനിക്ക് മുന്‍പ് വി.എസ് ഇരുന്ന കസേരയുടെ മാനം കെടുത്തുന്ന പ്രവര്‍ത്തനമാണ് ചെന്നിത്തല ഇപ്പോള്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.

ഒരു ജനാധിപത്യ സംവിധാനത്തിലെ പ്രതിപക്ഷ നേതാവ് എങ്ങനെ പരാജയമാകും എന്നതിന്, ഇദ്ദേഹത്തെയാണ് രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ കണ്ടു പഠിക്കേണ്ടത്. അതേസമയം രാജ്യത്തെ ഏറ്റവും മികച്ച മന്ത്രിമാരില്‍ മുന്‍ നിരയിലാണ് ശൈലജ ടീച്ചറുടെ സ്ഥാനം. ഈ കാര്യത്തില്‍ ആര്‍ക്കും തന്നെ തര്‍ക്കമുണ്ടാകുമെന്ന് തോന്നുന്നില്ല. സംസ്ഥാനത്തെ ആരോഗ്യ മന്ത്രിയുടെ വാക്കുകള്‍ക്ക് വലിയ വാര്‍ത്താ പ്രാധാന്യമാണ് നിലവില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. വെറുതെ ഉണ്ടായതല്ല, അത് അവരുടെ പ്രവര്‍ത്തന മികവ് കൊണ്ടു കൂടിയാണ്. അതിന് പ്രതിപക്ഷ നേതാവ് അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല. ചുരുക്കി പറഞ്ഞാല്‍ കേരളത്തിന്‍റെ ആരോഗ്യ മന്ത്രിക്ക് ‘മീഡിയാ മാനിയ’ ആണെന്ന ചെന്നിത്തലയുടെ ആക്ഷേപം തന്നെ അപഹാസ്യമാണ്.

അനവധി ജനകീയ വിഷയങ്ങള്‍ ഉണ്ടായിട്ടും അവിടെയൊന്നും കാണാതെ മാധ്യമങ്ങളിലൂടെ മാത്രം ജീവിക്കുന്ന പ്രതിപക്ഷ നേതാവാണ് രമേശ് ചെന്നിത്തല.കേരളത്തിലെ മാധ്യമങ്ങള്‍ കൂടി കൈവിട്ടാല്‍ പിന്നെ ചെന്നിത്തലയുടെ പൊടി പോലും കാണാന്‍ കഴിയുകയില്ല. ഇത്തരത്തിലുള്ള സാഹചര്യതിലൂടെ കടന്നുപോകുന്ന നേതാവാണിപ്പോള്‍ ആരോഗ്യമന്ത്രിയെ കളിയാക്കിയിരിക്കുന്നത്. വൈറസ് ഭീഷണിക്കിടെ പോലും രാഷ്ട്രീയ സങ്കുചിത താല്‍പ്പര്യമാണ് ഇവിടെ പ്രകടിപ്പിച്ചിരിക്കുന്നത്. അതുവഴി ശൈലജ ടീച്ചറെയല്ല, കേരളത്തിലെ ജനങ്ങളെയാണ് ചെന്നിത്തല അപമാനിച്ചിരിക്കുന്നത്.

പ്രവര്‍ത്തിക്കുകയുമില്ല, പ്രവര്‍ത്തിക്കാന്‍ സമ്മതിക്കുകയുമില്ല, എന്ന നിലപാടാണിത്. നിപ്പയെ തുരത്താന്‍ രോഗബാധിത പ്രദേശത്ത് തമ്പടിച്ച്, ആരോഗ്യ മന്ത്രി നടത്തിയ പ്രവര്‍ത്തനങ്ങള്‍, ഈ നാട് കണ്ടതാണ്. കൊറോണയുടെ കാര്യത്തിലും അവര്‍ ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്നതും അതുതന്നെയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആശ്വാസം പകരുന്ന നടപടിയാണിത്. യൂറോപ്യന്‍ രാജ്യമായ ബ്രിട്ടണില്‍ ആരോഗ്യ മന്ത്രിക്ക് തന്നെയാണ് കൊറോണ വൈറസ് ബാധയേറ്റതെന്ന കാര്യവും ചെന്നിത്തല മറന്നു പോകരുത്. വിമാനത്താവളങ്ങളിലെ പരിശോധന കാര്യക്ഷമമല്ലന്നതാണ് പ്രതിപക്ഷത്തിന്‍റെ മറ്റൊരു ആരോപണം. ഇങ്ങിനെ ഒരു ആക്ഷേപം ഉന്നയിക്കുമ്പോഴും കേന്ദ്ര സര്‍ക്കാറിനെതിരെ ഒരക്ഷരം ചെന്നിത്തല ഇതുവരെ മിണ്ടിയിട്ടില്ല.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വിമാനത്താവളത്തിന്‍റെ നിയന്ത്രണം പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലാണുള്ളത്. ഇക്കാര്യം അദ്ദേഹം മറന്നു പോകരുത്.

ഇവിടെ യാത്രക്കാരെ കര്‍ശനമായി പരിശോധിക്കണമെങ്കില്‍, ആദ്യം വിചാരിക്കേണ്ടത് കേന്ദ്രം തന്നെയാണ്. കേന്ദ്രത്തെ വിട്ട് കേരള സര്‍ക്കാറിനെ ആക്രമിച്ചത് തന്നെ നെറികേടാണ്. കള്ളക്കടത്തു പിടിക്കാന്‍ മാത്രമല്ല, വൈറസ് കടത്ത് പിടിക്കാനും കേന്ദ്ര സര്‍ക്കാര്‍ ജാഗ്രത പാലിക്കണമായിരുന്നു. വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമായി നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് മുന്‍കൈ എടുക്കേണ്ടത്. യാത്രക്കാര്‍ വൈറസ് പരിശോധനയ്ക്ക് വിധേയമായെന്ന് ഉറപ്പ് വരുത്തേണ്ട ചുമതല കേന്ദ്രസുരക്ഷാ ജീവനക്കാര്‍ക്കാണുള്ളത്. അതിന് അനുസരിച്ചുള്ള നിര്‍ദ്ദേശമായിരുന്നു സിഐഎസ്എഫിനും നല്‍കേണ്ടിയിരുന്നത്.

വൈറസ് ബാധയുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ മാത്രം പരിശോധിക്കുക എന്ന, ആദ്യ തീരുമാനവും മണ്ടന്‍ തീരുമാനമായിരുന്നു. ഇറ്റലിയില്‍ നിന്നും ഖത്തര്‍ വഴി എത്തിയ കുടുംബത്തിന് ‘ആനുകുല്യമായതും’ഈ തീരുമാനമാണ്. ചൈനയില്‍ കൊറോണ വിതച്ച നാശം കണ്ട ഉടനെ തന്നെ,കേന്ദ്ര സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമായിരുന്നു. ഏത് രാജ്യത്ത് നിന്നും വരുന്ന യാത്രക്കാരായാലും, മുഴുവന്‍ പേരെയും നിര്‍ബന്ധിത പരിശോധനക്ക് വിധേയമാക്കുകയാണ് വേണ്ടത്. ടൂറിസ്റ്റ് വിസയുടെ കാര്യത്തിലും മുമ്പു തന്നെ റെഡ് സിഗ്‌നല്‍ ഉയര്‍ത്തണമായിരുന്നു.

മറ്റു രാജ്യങ്ങളിലെ ഇന്ത്യാക്കാരെ എത്തിക്കാനും, അവരെ നിരീക്ഷിക്കാനും, വൈറസ് പടര്‍ന്ന് പിടിക്കും വരെ കാത്തുനിന്നതും വീഴ്ചയാണ്. വൈറസിന്‍റെ ഭീകരത മനസ്സിലാക്കി യുദ്ധകാല അടിസ്ഥാനത്തിലായിരുന്നു നടപടി വേണ്ടിയിരുന്നത്. വൈറസുകള്‍ക്ക് അതിര്‍ത്തിയില്ലന്ന കാര്യമാണ് ഇവിടെ അധികൃതര്‍ മറന്നു പോയത്. ഈ അവസ്ഥയിലും രോഗ വ്യാപനം തടയാന്‍ ശ്രമിക്കുന്നവരെയാണ്, ചെന്നിത്തലമാരും അപമാനിക്കാന്‍ ശ്രമിക്കുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest