Categories
news

ഓം ബുള്ളറ്റായ നമ: മോട്ടോര്‍ സൈക്കിളിനെ ദൈവമായി ആരാധിക്കുന്നവരുണ്ട് ഇവിടെ

ജോധ്പൂര്‍(രാജസ്ഥാന്‍):  തൂണിലും തുരുമ്പിലും ദൈവത്തെ ആരാധിക്കുന്നവരാണ് ഹൈന്ദവര്‍.  ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനെ ആരാധിക്കാറുണ്ടോ? ഇന്ത്യയിലെ വടക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ രാജസ്ഥാനിലെ ഒരു ഗ്രാമം മോട്ടോര്‍ബൈക്കിനെ ആരാധിക്കുന്നു. രാജസ്ഥാനിലെ പാലിയിലെ നാഷണല്‍ ഹൈവേ 65 ല്‍ ഓം ബന്ന അല്ലെങ്കില്‍ ബുള്ളറ്റ് ബാബ എന്നറിയപ്പെടുന്ന സ്ഥലത്താണ് വേറിട്ട ആരാധന നടക്കുന്നത്. ഇവിടെ മോട്ടര്‍ സൈക്കിളിനായ് ഒരു ക്ഷേത്രവും നിര്‍മിച്ചിട്ടുണ്ട്. ഓം സിങ് രത്തോര്‍ എന്നയാളാണ് ക്ഷേത്രം നിര്‍മിച്ചത്. ആരാധനാ മൂര്‍ത്തിയായ ഓം ബന്നയുടെ ഫോട്ടോയോടൊപ്പം ഒരു ഗ്ലാസ് ബോക്‌സില്‍ ഉള്‍പ്പെട്ട ഒരു റോയല്‍ എന്‍ഫീല്‍ഡ് 350 സി.സി ബുളളറ്റും ഇവിടെ കാണാം. 1991 മുതലാണ് ഇവിടെ എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ ആരാധന തുടങ്ങിയത്.ഓംബന്ന, എന്ന ബുള്ളറ്റ് ബാബയുടെ പേരിലാണ് പ്രാര്‍ഥന നടത്തുന്നത്. ബൈക്ക് യാത്രക്കാര്‍ യാത്ര തുടങ്ങുന്നതിനു മുന്‍പ് ഇവിടെ പ്രാര്‍ത്ഥനക്കായി എത്തുന്നുണ്ട്. റോഡപകടത്തില്‍ നിന്ന് രക്ഷനേടുന്നതിനായാണ് ഭക്തരെത്തുന്നത്. ബാബയെക്കെുറിച്ച് ഒരു ഐതീഹ്യം പറയാനുണ്ട്. 1988 ഡിസംബര്‍ രണ്ടിന് പിതാവ് സമ്മാനമായി നല്‍കിയ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങാനിറങ്ങിയതായിരുന്നു ഓംബന സിങ് എന്ന യുവാവ്. എതിരേ വന്ന ലോറിയുമായി കൂട്ടിയിടിച്ച് യുവാവ് ദാരുണമായി മരണപ്പെട്ടു. തുടര്‍ന്ന് പോലിസ് ബുള്ളറ്റ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലെത്തിച്ചു.അടുത്തദിവസം ബുള്ളറ്റ് കാണാതായി. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ അപകടപ്പെട്ട സ്ഥലത്തു വച്ച്തന്നെ അപ്രത്യക്ഷമായ വാഹനം കണ്ടെത്തി. ആരെങ്കിലും കൊണ്ടു വന്നിട്ടതാകാമെന്ന് കരുതി പോലിസ് വീണ്ടും വാഹനം സ്‌റ്റേഷനിലെത്തിച്ചു. വാഹനത്തിലെ പെട്രോളും പോലിസ് എടുത്തുമാറ്റി.എന്നാല്‍ അടുത്ത ദിവസവും ബൈക്ക് അപ്രത്യക്ഷമായി. അപകട സ്ഥലത്തുവച്ച് തന്നെ കണ്ടെത്തി. പിന്നീട് ബൈക്ക് ഓംബന സിങിന്റെ വീട്ടുകാര്‍ക്ക് നല്‍കി. അവര്‍ അത് ഗുജറാത്തിലെ ഒരുവ്യക്തിക്ക് വില്‍പന നടത്തിയെങ്കിലും അല്‍ഭുതമെന്നു പറയട്ടെ അത് അടുത്ത ദിവസം അപകട സ്ഥലത്തുതന്നെ തിരിച്ചെത്തി. തുടര്‍ന്ന് മരിച്ചയാളുടെ പ്രേത കഥ പ്രദേശത്ത് പരക്കാന്‍ തുടങ്ങി. രാത്രികാലങ്ങളില്‍ അപകടം നടന്ന സ്ഥലത്ത് ആരും പോകാതെയായി. മരിച്ച ഓംബന സിങ് അപകടത്തിന് മുമ്പ് മദ്യപിച്ചിരുന്നു. അപകടസ്ഥലത്ത് ചിലപ്പോള്‍ മദ്യവുമായി നില്‍ക്കുന്ന ചെറുപ്പക്കാരനെ പലരും കണ്ടതായി പിന്നീട് വാര്‍ത്ത പരന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തുള്ള ഗ്രാമവാസികള്‍ ഓംബന സിങിനെ ആരാധിക്കാന്‍ ക്ഷേത്രം നിര്‍മ്മിച്ചു. ഓം ബന്ന മരിച്ച വൃക്ഷവും ക്ഷേത്രത്തിന്റെ ഭാഗമാണ്. കഴിഞ്ഞ രണ്ടു ദശാബ്ദക്കാലം പരിപാലിക്കുന്ന ഒരു പുരോഹിതനാണ് ഇവിടെയുള്ളത്. ഹോണ്‍ മുഴക്കിയാണ് ആരാധന. കാണിക്കയായി ഭക്തര്‍ മദ്യവും നല്‍കാറുണ്ട്.

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest