Categories
articles local news

റവന്യു വകുപ്പിന് കാസർകോട് ജില്ലയില്‍ സമാനതകളില്ലാത്ത നേട്ടം; വിതരണം ചെയ്തത് 8210 പട്ടയങ്ങള്‍; 28 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍

മലയോര ജനതയുടെ ചിരകാലാഭിലാഷമായ വെള്ളരിക്കുണ്ട് മിനി സിവില്‍ സ്റ്റേഷന്‍ ഫെബ്രുവരി രണ്ടാം വാരം നാടിന് സമര്‍പ്പിക്കും.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ റവന്യു വകുപ്പ് അടിമുടി പരിഷ്‌കരിച്ചപ്പോള്‍ കാസര്‍കോട് ജില്ലയിലെ റവന്യു ഓഫീസുകളുടെ മുഖച്ഛായ തന്നെ മാറി. റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പ്രതിനിധാനം ചെയ്യുന്ന ജില്ലയില്‍ നാളിതുവരെയില്ലാത്തനേട്ടമാണ് റവന്യു വകുപ്പ് കൈവരിച്ചത്. കാസര്‍കോട് റവന്യു ഡിവിഷന്‍, വെള്ളരിക്കുണ്ട് മിനി സിവില്‍സ്റ്റേഷന്‍, 28 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍, 10 വില്ലേജ് ക്വാര്‍ട്ടേഴ്സുകള്‍, 20 വില്ലേജ് ഓഫീസുകളുടെ അറ്റകുറ്റപ്പണി, 19 വില്ലേജ് ഓഫീസുകള്‍ക്ക് അഡീഷണല്‍ മുറികള്‍, 27 വില്ലേജ് ഓഫീസുകള്‍ക്ക് ചുറ്റുമതില്‍ നിര്‍മ്മാണം തുടങ്ങി കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ജില്ലയിലെ റവന്യൂ വകുപ്പ് കൈവരിച്ചത് സമാനതകളില്ലാത്ത നേട്ടമാണ്.

കാസര്‍കോട് ആര്‍. ഡി. ഒ കോംപ്ലക്സിന് നാല് കോടി അനുവദിച്ചു

കാസര്‍കോട് റവന്യു ഡിവിഷന്‍ സംസ്ഥാന സര്‍ക്കാര്‍ ജില്ലയ്ക്ക് നല്‍കിയ പ്രധാന നേട്ടങ്ങളിലൊന്നാണ്. ആര്‍.ഡി.ഒ കോംപ്ലകസ് നിര്‍മ്മാണത്തിന് നാല് കോടി രൂപയാണ് വകയിരുത്തിയത്. പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. പഴയ കെട്ടിടം പൊളിച്ചുമാറ്റിയാല്‍ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കും.

വെള്ളരിക്കുണ്ട് മിനി സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടന സജ്ജം

മലയോര ജനതയുടെ ചിരകാലാഭിലാഷമായ വെള്ളരിക്കുണ്ട് മിനി സിവില്‍ സ്റ്റേഷന്‍ ഫെബ്രുവരി രണ്ടാം വാരം നാടിന് സമര്‍പ്പിക്കും. കിഫ്ബി ധനസഹായത്തോടെയുള്ള പദ്ധതിയുടെ ചുമതല സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിനാണ്. 2016-17 ബജറ്റിലാണ് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിന് തുക അനുവദിച്ചത്. മൂന്നു നില കെട്ടിടത്തിന് 3615.78 ചതുരശ്ര മീറ്ററാണ് ആകെ വിസ്തീര്‍ണ്ണം.

താഴത്തെ നില പൂര്‍ണ്ണമായും പാര്‍ക്കിങ്ങിനാണ്. ഒന്നാംനിലയില്‍ സപ്ലൈ ഓഫീസ്, ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വ്വേ ഓഫീസ്, ലേബര്‍ ഓഫീസ്, ലീഗല്‍ മെട്രോളജി ഓഫീസ്, വ്യവസായ വികസന ഓഫീസ് എന്നിവയാണ് ഉദ്ദേശിക്കുന്നത്.

രണ്ടാം നിലയിലാണ് താലൂക്ക് ഓഫീസും ഇലക്ഷന്‍ ഓഫീസും റെക്കോര്‍ഡ് മുറിയും. മൂന്നാം നിലയില്‍ ജോയിന്റ് ആര്‍ടി ഓഫീസ്, എംപ്ലോയ്മെന്റ് ഓഫീസ്, പൊതുമരാമത്ത് വകുപ്പ് ഓഫീസ്, മണ്ണ് ജല സംരക്ഷണ ഓഫീസ് എന്നിവ വരും. ഭാവിയില്‍ വരുന്ന ഓഫീസുകള്‍ക്കും ഇവിടെ ഇടമുണ്ടാകും.

28 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട്

കമ്പ്യൂട്ടര്‍വത്കരണത്തിലൂടെയും ഇ സേവനങ്ങളിലൂടെയും സ്മാര്‍ട്ടാവുകയാണ് ജില്ലയിലെ വില്ലേജ് ഓഫീസുകള്‍. നികുതിയടയ്ക്കാനും മറ്റുമായി വില്ലേജ് ഓഫീസ് കയറിയിറങ്ങുന്ന കാഴ്ചയ്ക്ക് ഇന്ന് മാറ്റം വന്നു. തിരക്കൊഴിയാതെ കാത്തിരുന്ന് മുഷിയുന്ന ഓഫീസ് വരാന്തകളില്‍ നിന്നു മാറി ഇന്റര്‍നെറ്റ് സൗകര്യമുണ്ടെങ്കില്‍ വീട്ടില്‍ നിന്നുതന്നെ ഭൂമി സംബന്ധമായ സേവനങ്ങള്‍ ലഭിക്കും. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും സൗകര്യം ഒരുക്കിയതോടെ റവന്യു വകുപ്പ് വലിയ മാറ്റത്തിനാണ് തുടക്കമിട്ടത്.

റെലിസ് (റവന്യു ലാന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) വഴിയാണ് ഈ സേവനങ്ങള്‍ റവന്യു വകുപ്പ് ലഭ്യമാക്കുന്നത്. വലിയപറമ്പ, ബേളൂര്‍, വോര്‍ക്കാടി, ബളാല്‍, കള്ളാര്‍, ചെറുവത്തൂര്‍, ചിത്താരി, പരപ്പ, ഹൊസബേട്ടു, കടമ്പാര്‍, പുല്ലൂര്‍, കുംബഡാജെ, വെസ്റ്റ് എളേരി, മാലോത്ത് , മധൂര്‍, കുറ്റിക്കോല്‍, എടനാട്, പടന്ന, പിലിക്കോട്, പാലാവയല്‍, ഉദുമ, ബന്തടുക്ക, മീഞ്ച, പഡ്രെ, തുരുത്തി, കാഞ്ഞങ്ങാട്, തെക്കില്‍, കുഡ്ലു എന്നിവയാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ജില്ലയില്‍ അനുവദിച്ച സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍. എട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. കരിന്തളം, തായന്നൂര്‍ വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം ഫെബ്രുവരി രണ്ടാം വാരം നടത്തും ബാക്കിയുള്ളവയുടെ പ്രവൃത്തി വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുന്നു.

10 വില്ലേജ് ക്വാര്‍ട്ടേഴ്സുകള്‍

ജില്ലയില്‍ ജോലിയ്ക്കെത്തുന്ന റവന്യു ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷിതമായ വാസസ്ഥലം ഒരുക്കുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി. ഇതിന്‍റെ ഭാഗമായി ബളാല്‍, ഭീമനടി, കള്ളാര്‍, കുറ്റിക്കോല്‍, തായന്നൂര്‍, കയ്യൂര്‍, പുതുക്കൈ, ബേള, ബല്ല, കരിന്തളം എന്നിവയാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ജില്ലയില്‍ അനുവദിച്ച വില്ലേജ് ഓഫീസ് ക്വാര്‍ട്ടേഴ്സുകള്‍. ആറ് വില്ലേജ് ഓഫീസ് ക്വാര്‍ട്ടേഴ്സുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. നാലെണ്ണത്തിന്റെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുകയാണ്.

ജില്ലയിലെ 19 വില്ലേജ് ഓഫീസുകള്‍ക്ക് കൂടുതലായി മുറികള്‍ അനുവദിച്ചു. ഇതില്‍ 11 വില്ലേജ് ഓഫീസ് മുറികളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. അഞ്ച് വില്ലേജ് ഓഫീസ് മുറികളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. മൂന്ന് വില്ലേജ് ഓഫീസ് മുറികളുടെ നിര്‍മ്മാണത്തിനുള്ള പ്രാരംഭ നടപടികള്‍ പുരോഗമിക്കുകയാണ്. ജില്ലയിലെ 20 വില്ലേജ് ഓഫീസുകളുടെ അറ്റകുറ്റപ്പണിയ്ക്കായി അനുമതി ലഭിച്ചു. ഇതിനകം 13 എണ്ണത്തിന്‍റെ അറ്റകുറ്റപ്പണി പൂര്‍ത്തിയായി. 27 വില്ലേജ് ഓഫീസുകള്‍ക്കാണ് ചുറ്റുമതില്‍ നിര്‍മ്മാണത്തിന് അനുമതി ലഭിച്ചത്. ഇതില്‍ 15 വില്ലേജ് ഓഫീസുകളുടെ ചുറ്റുമതില്‍ പൂര്‍ത്തിയായി.

അഞ്ച് വര്‍ഷം, 52 പുതിയ തസ്തികകള്‍

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ജില്ലയില്‍ 52 തസ്തികകളാണ് പുതിയതായി അനുവദിച്ചത്. കാസര്‍കോട് ആര്‍ ഡി ഒ, പഡ്രെ, തുരുത്തി വില്ലേജ് ഓഫീസുകള്‍, കിഫ്ബി ഓഫീസ് എന്നിവിടങ്ങളിലേക്കായി ആകെ 52 തസ്തികകളാണ് അനുവദിച്ചത്. പഡ്രെ, തുരുത്തി വില്ലേജ് ഓഫീസുകളിലേക്ക് 12 തസ്തികകളും കാസര്‍കോട് ആര്‍ ഡി ഒ യിലേക്ക് 24 തസ്തികകളും കിഫ്ബി ഓഫീസിലേക്ക് 16 തസ്തികകളുമാണ് അനുവദിച്ചത്.

ജില്ലയില്‍ വിതരണം ചെയ്തത് 8210 പട്ടയങ്ങള്‍

അഞ്ച് വര്‍ഷത്തിനിടെ ജില്ലയില്‍ വിതരണം ചെയ്തത് 8210 പട്ടയങ്ങള്‍. ഫെബ്രുവരി 21 നകം 303 പട്ടയങ്ങള്‍ കൂടി നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വിതരണം ചെയ്ത 8210 പട്ടയങ്ങളില്‍ ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരം 3895 പട്ടയങ്ങളും 331 മിച്ചഭൂമി പട്ടയങ്ങളും 327 ദേവസ്വം പട്ടയങ്ങളും 3566 ലാന്‍ഡ്് ട്രിബ്യൂണല്‍ പട്ടയങ്ങളും ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ 632 പട്ടയങ്ങളുമാണ് ഇതുവരെ വിതരണം ചെയ്തത്. ജില്ലയിലെ വിവിധയിടങ്ങളില്‍ സംഘടിപ്പിച്ച പട്ടയമേളകളിലൂടെയായിരുന്നു ഭൂരഹിതര്‍ക്ക് ആശ്വസമായി പട്ടയങ്ങള്‍ വിതരണം ചെയ്തത്.

ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരം വിതരണം ചെയ്ത 3895 പട്ടയങ്ങളില്‍ ഏറ്റവും കൂടുതല്‍ നല്‍കിയത് മഞ്ചേശ്വരം താലൂക്കിലാണ്-1111. കാസര്‍കോട് 932, വെള്ളരിക്കുണ്ട് 924, ഹോസ്ദുര്‍ഗ് 928 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളില്‍ വിതരണം ചെയ്തത്.

‘കൈവശ ഭൂമിക്ക് പട്ടയം’

സര്‍ക്കാര്‍ ഭൂമിയില്‍ കൃഷി ചെയ്തും വീടുവെച്ചും താമസിക്കുന്ന, മറ്റെവിടെയും ഭൂമിയില്ലാത്ത കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാനായി ആരംഭിച്ച ‘കൈവശ ഭൂമിക്ക് പട്ടയം’ പദ്ധതിയുടെ നടപടികള്‍ പുരോഗമിക്കുകയാണ്. സംസ്ഥാനതലത്തില്‍ തന്നെ 2020 ഒക്ടോബറില്‍ കാസര്‍കോടാണ് ആദ്യമായി പദ്ധതിക്ക് തുടക്കമിട്ടത്. അക്ഷയകേന്ദ്രങ്ങളിലൂടെ ലഭിച്ച അപേക്ഷകള്‍ താലൂക്ക് തലത്തില്‍ പരിശോധിക്കുകയാണ്. ശേഷം അര്‍ഹരായവര്‍ക്ക് നിയമാനുസൃതമായി ഭൂമി പതിച്ച് നല്‍കും. വര്‍ഷങ്ങളായി ഭൂമി കൈവശം വെച്ചനുഭവിക്കുകയും കേരളത്തില്‍ വേറെ എവിടേയും ഭൂമിയില്ലാതിരിക്കുകയും ചെയ്യുന്ന ആളുകളുടെ അപേക്ഷകള്‍ കാലങ്ങളായി കെട്ടിക്കിടക്കുന്നുവെങ്കില്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്താനുള്ള അവസരമാണിതെന്നും അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും ഭൂമി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി നടപ്പാക്കുന്നതെന്നും റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.

റവന്യൂ വകുപ്പ് സമാഹരിച്ചത് 162.91 കോടി രൂപ

2016 മുതല്‍ 2020 ഡിസംബര്‍ വരെ 162.91 കോടി രൂപ സമാഹരിച്ച് ജില്ലയിലെ റവന്യൂ വകുപ്പ് റെക്കോര്‍ഡ് ഇട്ടു. റവന്യൂ റിക്കവറി ഇനത്തില്‍ 85.83 കോടിയും ലാന്റ് റവന്യൂ ഇനത്തില്‍ 77.09 കോടിയും പിരിച്ചെടുത്താണ് ജില്ലാ ഭരണകൂടം മികച്ച പ്രകടനം കാഴ്ചവച്ചത്. ജില്ലയ്ക്ക് സര്‍ക്കാര്‍ നല്‍കിയ ലക്ഷ്യത്തേക്കാള്‍ കൂടുതലാണിത്. പ്രളയം, കോവിഡ് തുടങ്ങിയ പ്രതിസന്ധികള്‍ക്കിടയിലാണ് നേട്ടമെന്നത് ശ്രദ്ധേയമാണ്.

സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങിയവയ്ക്ക് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കാനുള്ള വില്‍പന നികുതി, വാഹന നികുതി, വായ്പകള്‍ മുതലായ വിഭാഗങ്ങളിലാണ് റവന്യൂ റിക്കവറി ഇത്രയും തുക വീണ്ടെടുത്തത്. ലാന്റ് റവന്യൂ വിഭാഗം ഭൂനികുതി, കെട്ടിട നികുതി, ജലസേചന നികുതി, തോട്ട നികുതി തുടങ്ങിയ ഇനങ്ങളിലും തുക സമാഹരിച്ചു. റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ ആത്മാര്‍ഥ പരിശ്രമത്തിന്റെ ഫലമാണ് ഈ ചരിത്ര നേട്ടമെന്ന് ജില്ലാകളക്ടര്‍ ഡോ. ഡി സജിത് ബാബു പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest