Categories
business Kerala news

ആഗോള മാന്ദ്യം കടുത്താല്‍ സ്വര്‍ണ വിലയില്‍ അടുത്ത വര്‍ഷം ആരും പ്രതീക്ഷിക്കാത്ത മാറ്റം ഉണ്ടാകും; അനുകൂലമാകുക നാല് കാര്യങ്ങള്‍

നടപ്പുവര്‍ഷം ഇതുവരെ സ്വര്‍ണ വിലയില്‍ 13 ശതമാനം വര്‍ദ്ധനയാണുണ്ടായത്

കൊച്ചി: ആഗോള മാന്ദ്യവും പശ്ചിമേഷ്യയിലെ സംഘര്‍ഷ സാദ്ധ്യതകളും അടുത്ത വര്‍ഷവും സ്വര്‍ണ വിപണിക്ക് തിളക്കം നല്‍കിയേക്കും. മാന്ദ്യം കടുത്താല്‍ അടുത്ത വര്‍ഷം സ്വര്‍ണ വില പവന് 50,000 രൂപ കടക്കുമെന്ന് ധനകാര്യ ഗവേഷണ സ്ഥാപനങ്ങള്‍ പറയുന്നു.

ലോകമെമ്പാടും പലിശ നിരക്കിലുണ്ടായ വര്‍ദ്ധനയും കമ്പോള ഉത്പന്നങ്ങളുടെ വിലക്കയറ്റവും സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങളെല്ലാം മറികടന്ന് നടപ്പുവര്‍ഷം സ്വര്‍ണം മികച്ച വരുമാനമാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്.

മികച്ച സാമ്പത്തിക വളര്‍ച്ചയും ഓഹരി, കടപ്പത്ര വിപണികളിലെ മുന്നേറ്റവും സ്വര്‍ണ വിലയില്‍ തളര്‍ച്ച സൃഷ്ടിക്കുന്നതാണ് കാലങ്ങളായി ദൃശ്യമാകുന്ന ട്രെൻഡ്. എന്നാല്‍ ഇത്തവണ മറ്റ് വിപണികള്‍ക്കൊപ്പം സ്വര്‍ണവും മികച്ച പ്രകടനം കാഴ്‌ചവെച്ചു. നടപ്പുവര്‍ഷം ഇതുവരെ സ്വര്‍ണ വിലയില്‍ 13 ശതമാനം വര്‍ദ്ധനയാണുണ്ടായത്.

അമേരിക്കയിലെ സിലിക്കണ്‍ ബാങ്കിൻ്റെ തകര്‍ച്ചയും ഹമാസിനെതിരെ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളുമാണ് പ്രധാനമായും നടപ്പുവര്‍ഷം സ്വര്‍ണ വിലയില്‍ വലിയ വര്‍ദ്ധന സൃഷ്‌ടിച്ച പ്രധാന സംഭവ വികാസങ്ങള്‍.

നാണയപ്പെരുപ്പം നേരിടാൻ അമേരിക്കയിലെയും യൂറോപ്പിലെയും കേന്ദ്ര ബാങ്കുകള്‍ തുടര്‍ച്ചയായി പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതും യു.എസ് ബോണ്ടുകളുടെ മൂല്യം ഉയര്‍ന്നതും സ്വര്‍ണത്തില്‍ നിന്നും നിക്ഷേപകരെ അകറ്റിയിരുന്നു.

ധനകാര്യ മേഖലയില്‍ അനിശ്ചിതത്വം ഏറിയതോടെ നിക്ഷേപകര്‍ സുരക്ഷിതത്വം തേടി സ്വര്‍ണത്തിലേക്ക് ഫണ്ട് മാറ്റാൻ തുടങ്ങി. മാന്ദ്യ ഭീഷണി കണക്കിലെടുത്ത് കേന്ദ്ര ബാങ്കുകള്‍ വലിയ തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതും വര്‍ഷാന്ത്യത്തില്‍ വിലയില്‍ വൻ കുതിപ്പുണ്ടാക്കി.

അനുകൂല സാഹചര്യങ്ങള്‍:

സാമ്പത്തിക അനിശ്ചിതത്വ കാലത്തെ ഏറ്റവും സുരക്ഷിത നിക്ഷേപം, പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘര്‍ഷം, അടുത്ത വര്‍ഷം പലിശ കുറയ്ക്കുമെന്ന ഫെഡറല്‍ റിസര്‍വ് നിലപാട്, കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണ ശേഖരം കൂട്ടുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest