Categories
articles news

രാജ്യത്ത് 2.6 ദശലക്ഷം തൊഴിലവസരങ്ങള്‍ ഇല്ലാതായി; ഓഗസ്റ്റില്‍ മാത്രം രേഖപ്പെടുത്തിയത് ഒരു വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്ക്

ആഗസ്റ്റില്‍ തൊഴില്‍ ശക്തി 4 ദശലക്ഷം വര്‍ദ്ധിച്ചപ്പോള്‍, പുതിയ തൊഴിലവസരങ്ങള്‍ വളരെ കുറവാണ്സൃഷ്ടിക്കപ്പെട്ടത്.

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റ് മാസത്തില്‍ 8.3 ശതമാനമായെന്ന് കണക്കുകള്‍. കഴിഞ്ഞ 12 മാസത്തിലെ കണക്കുകളില്‍ ഏറ്റവും ഉയര്‍ന്ന നിലയാണ് ഇതെന്നാണ് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യ ഇക്കണോമിയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. തൊഴിലില്ലാത്തവരുടെ എണ്ണം മൊത്തം തൊഴില്‍ ശക്തിയുടെ വര്‍ദ്ധനവിനേക്കാള്‍ ഉയരുന്ന സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്.

ആഗസ്റ്റില്‍ തൊഴില്‍ ശക്തി 4 ദശലക്ഷം വര്‍ദ്ധിച്ചപ്പോള്‍, പുതിയ തൊഴിലവസരങ്ങള്‍ വളരെ കുറവാണ്സൃഷ്ടിക്കപ്പെട്ടത്. ഇതിനൊപ്പം 2.6 ദശലക്ഷം തൊഴിലവസരങ്ങള്‍ ഇല്ലാതാവുകയും ചെയ്തു. മൊത്തം തൊഴിലില്ലാത്തവരുടെ എണ്ണം 6.6 ദശലക്ഷമായി ഉയര്‍ന്നപ്പോള്‍, തൊഴില്‍ ശക്തി 4 ദശലക്ഷം മാത്രമാണ് ഉയര്‍ന്നത്. ഇതാണ് തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയര്‍ന്നതിനുള്ള പ്രധാന കാരണമെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഓഗസ്റ്റിലെ കണക്കുകള്‍ പ്രകാരം ഗ്രാമങ്ങളേക്കാള്‍ നഗരങ്ങളില്‍ ആണ് തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചത് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നഗരങ്ങളില്‍ 9.6 ശതമാനവും ഗ്രാമങ്ങളില്‍ 7.7 ശതമാനവുമായിരുന്നു ഓഗസ്റ്റിലെ തൊഴിലില്ലായ്മ നിരക്ക്.ഫെബ്രുവരി, ജൂണ്‍ മാസങ്ങളിലെ കണക്കുകള്‍ പ്രകാരം ഗ്രാമങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്കിനേക്കാള്‍ ഉയര്‍ന്നു നിന്നിരുന്നതായും വ്യക്തമാക്കുന്നു.സംസ്ഥാനങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഹരിയാന, ജമ്മു കശ്മീര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഈ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നത്. 30 ശതമാനത്തില്‍ അധികമാണ് ഇവിടങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest