Categories
പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കും; കെല്‍ ഇ.എം.എല്ലിൻ്റെ പ്രതാപം വീണ്ടെടുക്കുമെന്ന് എം.ഡി വി.കൃഷ്ണകുമാര്‍
കെല്‍ ഇ.എം.എല്ലിൻ്റെ വളര്‍ച്ചയ്ക്ക് കാസര്‍കോട് വികസന പാക്കേജുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ആലോചിക്കുന്നുണ്ട്.
Trending News
കാസർകോട്: നഷ്ടപ്പെട്ട വിപണി തിരിച്ച് പിടിച്ചും ജീവനക്കാരുടെ സമ്പൂര്‍ണ പിന്തുണ ഉറപ്പാക്കിയും ബെദ്രടുക്ക കെല്‍ ഇ.എം.എല്ലിൻ്റെ പ്രതാപം വീണ്ടെടുക്കുമെന്ന് മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റ വി.കൃഷ്ണകുമാര്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ കെല്‍ ഇ.എം.എല്ലിലെ പ്രശ്‌നങ്ങള്‍ പഠിച്ച് സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കും. റിപ്പോര്‍ട്ട് കെല്‍ ഇ.എം.എല്‍. സി.എം.ഡിയും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എ.പി.എം.മുഹമ്മദ് ഹനീഷിന് സമര്‍പ്പിച്ച് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തതിന് ശേഷം ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും.
Also Read
മൂന്ന് വര്‍ഷത്തോളമായി പ്രവര്‍ത്തനം നിലച്ചതിനാല്‍ കെല്‍ ഇ.എം.എല്ലിൻ്റെ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണങ്ങളും പ്രമുഖ സ്ഥാപനങ്ങളുമായുള്ള ബന്ധങ്ങളും നിലച്ചിട്ടുണ്ട്. ഇത് പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ആലോചിക്കും. സാങ്കേതിക മേഖലയിലും റെയില്‍വെയിലും പ്രതിരോധ മേഖലയിലും ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വിപണിയുടെ അവസരങ്ങള്‍ ഉപയോഗപ്പെടുത്തും. ഇതിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ച് വരികയാണ്. റെയില്‍വെയുടെ ഓര്‍ഡര്‍ അടുത്ത രണ്ട് മാസത്തിനുള്ളില്‍ ലഭിക്കും.
വിപണിയിലെ മത്സരങ്ങളോട് കിടപിടിക്കാന്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. ഒപ്പം മികച്ച നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാനും ശ്രമിക്കും. കെല്‍ ഇ.എം.എല്ലിൻ്റെ വളര്‍ച്ചയ്ക്ക് കാസര്‍കോട് വികസന പാക്കേജുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ആലോചിക്കുന്നുണ്ട്. ഇതിനായി ചര്‍ച്ച നടത്തും. ഒപ്പം ജില്ലാ പഞ്ചായത്തിൻ്റെ പദ്ധതി നടത്തിപ്പിലും കെല്‍ ഇ.എം.എല്ലിൻ്റെ ഇടപെടല്‍ ഉറപ്പാക്കും.
പതിനെട്ട് വര്‍ഷം കെല്ലിൻ്റെ ഭാഗമായി പ്രവര്‍ത്തിച്ചതിൻ്റെ അനുഭവ പാരമ്പര്യം സ്ഥാപനത്തിൻ്റെ ഉയര്‍ച്ചയ്ക്ക് സംഭാവന ചെയ്യാനാവുമെന്ന പ്രതീക്ഷയിലാണ് എം.ഡി വി.കൃഷ്ണകുമാര്‍. സ്ഥാപനത്തെ ലാഭത്തിലെത്തിക്കാന്‍ പരമാവധി ശ്രമം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. 1991ല്‍ മാനേജ്‌മെന്റ് ട്രെയിനി ആയിട്ടായിരുന്നു തുടക്കം. പിന്നീട് 1992 മുതല്‍ കെല്ലിൻ്റെ മുംബൈ, അഹമ്മദാബാദ്, ഭോപ്പാല്‍ റീജ്യണല്‍ ഓഫീസുകളുടെ മാര്‍ക്കറ്റിംഗ് ചുമതല വഹിച്ചു. ആറ് വര്‍ഷത്തിന് ശേഷം തിരികെ കാസര്‍കോട് യൂണിറ്റിലെത്തി പര്‍ച്ചേസ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു. ഡിസൈന്‍ ക്വാളിറ്റി ഹെഡ് ആയി 2009ല്‍ മടങ്ങി.
അന്ന് കൈവരിച്ച സാമ്പത്തിക നേട്ടങ്ങളും പ്രശസ്തിയും ഒരു ഘട്ടത്തില്‍ നഷ്ടപ്പെട്ടു. ഇവയൊക്കെ വീണ്ടെടുക്കുകയാണ് ലക്ഷ്യം. സര്‍ക്കാരിൻ്റെയും സ്ഥാപനത്തിലെ യൂണിയനുകളുടെയും മികച്ച പിന്തുണ ലഭിക്കുന്നുണ്ട്. ജീവനക്കാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ നിലവില്‍ 98 പേരാണ് നിലവില്‍ കെല്‍ ഇ.എം.എല്ലിൻ്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം സ്ഥാപനത്തിലെ ഓരോ ജീവനക്കാരെയും സന്ദര്‍ശിച്ച് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമാഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കെല്‍ ഇഎംഎല്ലിൻ്റെ എംഡിയായി ചുമതലയേറ്റ സാഹചര്യത്തില്‍ വി.കൃഷ്ണകുമാര്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദുമായി കൂടിക്കാഴ്ച നടത്തി. കെല്‍ ഇ.എം.എല്ലിൻ്റെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. കെല്‍ ഇ.എം.എല്ലിന്റെ വികസനത്തിനാവശ്യമായ എല്ലാവിധ പിന്തുണയും ജില്ലാ കളക്ടര്‍ ഉറപ്പ് നല്‍കി.
സ്ഥാപനം എത്രയും പെട്ടെന്ന് വികസനപാതയിലേക്ക് നീങ്ങട്ടെ എന്നും വരും വര്‍ഷങ്ങളില്‍ സ്ഥാപനത്തിന് സാമൂഹ്യ ഉത്തരവാദിത്ത ഫണ്ട് കൈമാറാനുള്ള സാഹചര്യം ഉണ്ടാവട്ടെ എന്നും കളക്ടര്‍ ആശംസിച്ചു.
Sorry, there was a YouTube error.