Categories
articles local news

ഗുരുവിനെ കാണാൻ ശിഷ്യർ വരാതിരിക്കില്ലെന്ന വിശ്വാസം; പൂരം നാളിൽ വീട്ടിലിരുന്ന് പൂരക്കളി ചിന്തുകൾ പാടി 90 വയസുകാരന്‍റെ ജീവിതോപാസന

കാറഡുക്ക മുതൽ വടകര വരെയുള്ള നൂറുകണക്കിന് കാവുകളിലും ക്ഷേത്രങ്ങളിലും ഈ ഒമ്പത് ദിവസങ്ങൾ പൂരക്കളിയും മറ്റുള്ള ചടങ്ങുകളും നടക്കും.

.പീതാംബരൻ കുറ്റിക്കോൽ

കാസർകോട്: പൂരം നാളിൽ വീട്ടിലിരുന്ന് പൂരക്കളി ചിന്തുകൾ പാടി 90 വയസുകാരന്‍റെ ജീവിതോപാസന. കുറ്റിക്കോൽ, ഞെരു, മൂളിയക്കാലിലെ രാമനാണ് വിശ്രമ ജീവിതത്തിലും പൂരക്കളി പാട്ടുകളിലെ പതിനെട്ട് നിറം കളികളുടെ വർണനകൾ ഓർമകളിൽ തിരയുന്നത്.

കുട്ടിക്കാലത്ത് അഞ്ചുവയസ് മുതൽ പൂരകളി അഭ്യസിക്കാൻ തുടങ്ങി. കുറ്റിക്കോൽ ശ്രീ തമ്പുരാട്ടി ഭഗവതി ക്ഷേത്ര തിരുമുറ്റത്തെ പന്തലിൽ നിന്നാണ് പൂരക്കളിയുടെ ബാലപാഠങ്ങൾ സ്വായത്തമാക്കിയത്. ഇപ്പോൾ വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലാണ്. അതിനാൽ കുറച്ച് വർങ്ങളായി പൂരത്തിന് പൂരമാല പാടാൻ പോലും കഴിയുന്നില്ല എന്ന സങ്കടം മനസിലുണ്ട്. എന്നാലും എല്ലാ പാട്ടുകളും ഓർമകളിലുണ്ട്.

താളവും ചുവടും മറന്നിട്ടില്ലെന്ന് മനസ് പറയുന്നുണ്ടെങ്കിലും ശരീരം വഴങ്ങുന്നില്ല. കാലങ്ങളായി പൂർവ്വികരിൽ നിന്നും പകർന്നു കിട്ടിയ ചുവടുകളും പാട്ടും താളവും തുടങ്ങിയ അറിവുകൾ നിരവധിപേർക്ക് പഠിപ്പിച്ച ഗുരുവിനെ കാണാൻ ശിഷ്യൻമാർ ആരെങ്കിലും വരാതിരിക്കില്ലെന്നതാണ് ഈ പൂരക്കളി കലാകാരന്‍റെ വാർധക്യകാലത്തെ പ്രതീക്ഷകൾ.

ഉത്തര മലബാറിലെ പൂരമഹോത്സവം സാധാരണ മീനമാസത്തിലാണ് നടക്കാറുള്ളത്. പൂരക്കളിയുടെയും മറുത്തുകളിയുടെയും ചരിത്രത്തിൽ ഇത് കാണാം. പൂരം ആഘോഷം നടക്കുന്ന കാവുകളിലും മറ്റും മീനത്തിലെ കാർത്തിക നാൾ മുതൽ പൂരം നാൾ വരെ ഒമ്പത് ദിവസമാണ് പ്രധാനം.

കാറഡുക്ക മുതൽ വടകര വരെയുള്ള നൂറുകണക്കിന് കാവുകളിലും ക്ഷേത്രങ്ങളിലും ഈ ഒമ്പത് ദിവസങ്ങൾ പൂരക്കളിയും മറ്റുള്ള ചടങ്ങുകളും നടക്കും. പൂരക്കളിയും മറുത്തുകളിയും പൂരംകുളിയും പൂരക്കുഞ്ഞുങ്ങളും പൂരവിളക്കുമൊക്കെയായി നാടിന്‍റെ വസന്തോത്സവത്തിന്‍റെ നാളുകളാണ് മലബാറിലെ പൂരം.

0Shares

Leave a Reply

Your email address will not be published. Required fields are marked *