Categories
channelrb special health national news

ഇന്ത്യയോട് നെസ്ലെ ചെയ്യുന്ന ചതി; ബേബി ഫുഡില്‍ പഞ്ചസാരയുടെ അളവ് കൂടുതല്‍, വികസിത രാജ്യങ്ങളില്‍ പ്രശ്‌നമില്ലെന്ന് സ്വിസ് അന്വേഷണ ഏജൻസി റിപ്പോര്‍ട്ട്

സെറിലാക്, നിഡോ എന്നീ ഉല്പന്നങ്ങള്‍ വില്‍ക്കുന്ന 115 രാജ്യങ്ങളിലാണ് പബ്ളിക് ഐ പരിശോധന

സ്വിറ്റ്സർലണ്ട്: അന്താരാഷ്ട്ര ബേബി ഫുഡ് നിർമ്മാതാക്കളായ നെസ്ലെയുടെ ഉല്‍പന്നങ്ങളില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണെന്ന് അന്വേഷണ റിപ്പോർട്ട്. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാം വിധം അപകടകരമായ തോതിലാണ് ഇതെന്നും കണ്ടെത്തിയിട്ടുണ്ട്. സ്വിസ് ഏജന്‍സിയായ പബ്ലിക് ഐയും ഇൻ്റർനാഷണല്‍ ബേബി ഫുഡ് ആക്ഷൻ നെറ്റ്വർക്കും (IBFAN) സംയുക്തമായി നടത്തിയ പഠനത്തിലാണ് അതീവ ഗുരുതര കണ്ടെത്തലുള്ളത്.

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (FSSAl) ശാസ്ത്രീയ വിഭാഗം വിഷയം പരിശോധിക്കുകയാണെന്ന് കേന്ദ്ര സർക്കാരിൻ്റെ പ്രതികരണം പുറത്തുവന്നു. വികസിത, അവികസിത രാജ്യങ്ങളില്‍ വില്‍ക്കുന്ന നെസ്ലെ ഉല്‍പ്പന്നങ്ങള്‍ തമ്മില്‍ സാരമായ വ്യത്യാസമുണ്ട്.

ഇന്ത്യ പോലുള്ള അവികസിത രാജ്യങ്ങളില്‍ വില്‍ക്കുന്ന സെറിലാക് അടക്കമുള്ളവയില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ചേര്‍ക്കുന്നുണ്ട്. യു.കെ, ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ വില്‍ക്കുന്ന നെസ്ലെയുടെ തന്നെ ബേബി ഫുഡ് ഇനങ്ങളില്‍ പഞ്ചസാര ഇല്ല.

ലോകാരോഗ്യ സംഘടന നിഷ്‌കർഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് നെസ്ലെ ഉല്‍പന്നങ്ങളുടെ ഉല്പാദനവും വിപണനവും നടക്കുന്നതെന്ന് ഐ.ബി.എഫ്‌.എ.എൻ -പബ്ളിക് ഐ സംയുക്ത പഠനത്തെ ഉദ്ധരിച്ച്‌ ഗാർഡിയൻ പത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ടിലുണ്ട്. പഞ്ചസാരയുടെ അളവ് കൂടുന്നത് കുഞ്ഞുങ്ങളില്‍ ചെറുപ്രായത്തില്‍ തന്നെ അമിത വണ്ണത്തിനും ശരീരഭാരം കൂടാനും ഇടയാക്കും.

നെസ്ലെയുടെ പ്രധാന ഉല്‍പ്പന്നങ്ങളായ സെറിലാക്, നിഡോ എന്നീ ഉല്പന്നങ്ങള്‍ വില്‍ക്കുന്ന 115 രാജ്യങ്ങളിലാണ് പബ്ളിക് ഐ പരിശോധന നടത്തിയത്. സ്വിറ്റ്സർലണ്ടില്‍ വില്‍ക്കുന്ന നെസ്ലെയുടെ ബേബി ഫുഡ്‌സിൽ പഞ്ചസാരയുടെ അളവ് തീരെ ഇല്ല. കഴിഞ്ഞ അഞ്ചു വർഷമായി ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാക്കില്‍ പഞ്ചസാരയുടെ അളവില്‍ 30% കുറവ് വരുത്തിയിട്ടുണ്ട് എന്നാണ് നെസ്ലെ ഇന്ത്യയുടെ നിലപാട്. 2011നും 2013നുമിടയില്‍ വിവിധ രാജ്യങ്ങളിലായി നെസ്ലെയുടെ ബേബി ഫുഡ്‌സില്‍ 800ലധികം ക്രമക്കേടുകള്‍ ഇൻ്റർനാഷണല്‍ ബേബി ഫുഡ് നൈറ്റ് വർക്ക് (IBFAN ) കണ്ടെത്തിയിരുന്നു.

2021ല്‍ നെസ്ലെ ഇന്ത്യയുടെ ആഭ്യന്തര റിപ്പോർട്ടില്‍ നെസ്ലെ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തില്‍ ഒട്ടേറെ സന്ദേഹങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഭക്ഷ്യ, പാനീയ ഉല്പന്നങ്ങളില്‍ 60 ശതമാനത്തിലധികം ഗുണമേന്മ കുറവുണ്ട് എന്നായിരുന്നു ആഭ്യന്തര റിപ്പോർട്ട് കണ്ടെത്തിയത്. 2015ല്‍ ഗുണനിലവാരം കുറവാണെന്ന് കണ്ടെത്തി നെസ്ലെ ഇന്ത്യയുടെ ഉല്‍പ്പന്നമായ മാഗി ന്യൂഡില്‍സിൻ്റെ 38000 ടണ്‍ പായ്ക്കറ്റുകള്‍ മാർക്കറ്റില്‍ നിന്ന് പിൻവലിച്ചത് വലിയ കോലാഹലം സൃഷ്ടിച്ചതാണ്.

കുട്ടികളെ അടിമകളായി ബാലവേല ചെയ്യിച്ചതിൻ്റെ പേരില്‍ ഐവറി കോസ്റ്റില്‍ നെസ്ലെക്കെതിരെ കേസെടുത്തിരുന്നു. കുഞ്ഞുങ്ങളുടെ ജീവൻ വെച്ച്‌ പന്താടുന്ന അന്താരാഷ്ട ഭീമനെതിരെ കേന്ദ്ര സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്. ലോകവ്യാപകമായി പ്രതിവർഷം 1000 കോടി ഡോളറിൻ്റെ സെറിലാക്കാണ് വിറ്റഴിക്കപ്പെടുന്നത്.

Courtesy:Madhyama Syndicate

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest