Categories
Kerala news

സിദ്ധാര്‍ഥിന്‍റെ മരണം; സർവകലാശാല രജിസ്ട്രാർ ഡീനിനോട് വിശദീകരണം തേടി; ആറ് പേര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയമിക്കാനും കൂടുതല്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനമായി

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാർത്ഥി സിദ്ധാര്‍ഥിന്‍റെ മരണത്തില്‍ ഡീനിനോട് സർവകലാശാല രജിസ്ട്രാർ വിശദീകരണം തേടി. മർദന വിവരം അറിയാൻ വൈകിയതിലാണ് വിശദീകരണം തേടിയത്. സംഭവം അറിഞ്ഞിരുന്നില്ലെന്ന വിശദീകരണമാണ് കോളജ് ഡീൻ ഡോ.എം.കെ.നാരായണൻ നല്‍കിയത്.

സംഭവം അറിഞ്ഞയുടനെ കുറ്റക്കാർക്കെതിരെ നടപടിയെടുത്തെന്നും ഡീന്‍ പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് രജിസ്ട്രാര്‍ വിശദീകരണം ആവശ്യപ്പെട്ടത്. കോളജിൽ കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയമിക്കാനും കൂടുതല്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനമായി.

അതേസമയം, സിദ്ധാര്‍ഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് ആറുപേരെ കൂടി സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തു. കേസില്‍ ആദ്യം അറസ്റ്റിലായ ആറു വിദ്യാര്‍ഥികള്‍ക്കാണ് സസ്പെൻഷന്‍. ബത്തേരി സ്വദേശി ബിൽഗേറ്റ് ജോഷ്വാ (23), ഇടുക്കി സ്വദേശി അഭിഷേക് എസ് (23), തിരുവനന്തപുരം സ്വദേശി ആകാശ് എസ്.ഡി. (22), തൊടുപുഴ സ്വദേശി ഡോൺസ് ഡായി (23), തിരുവനന്തപുരം സ്വദേശി രഹൻ ബിനോയ് (20), തിരുവനന്തപുരം സ്വദേശി ശ്രീഹരി ആർ.ഡി (23) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.

പന്ത്രണ്ട് വിദ്യാര്‍ത്ഥികളെ ഫെബ്രുവരി 22ന് സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. ഇതോടെ കേസില്‍ പ്രതികളായ 18 വിദ്യാര്‍ത്ഥികളും സസ്‌പെന്‍ഷനിലായി.

സിദ്ധാര്‍ഥിന്‍റെ മരണത്തില്‍ കോളജ് അധികൃതര്‍ക്ക് വീഴ്‌ചയുണ്ടായിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പ്രോ വൈസ്. ചാന്‍സലര്‍ കൂടിയായ മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. സിദ്ധാര്‍ഥിന്‍റെ മരണം യഥാസമയം വീട്ടുകാരെ അറിയിക്കുന്നതില്‍ ഡീനിന് വീഴ്‌ചപറ്റി. എന്നാല്‍ സിദ്ധാര്‍ത്ഥനെ ആശുപത്രിയില്‍ എത്തിച്ചതും, തുടര്‍നടപടി സ്വീകരിച്ചതും ഡീന്‍ നാരായണന്‍ ആണെന്നും മന്ത്രി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *