Categories
channelrb special health Kerala news

സോറിയാസിസ് പകരില്ല; ചികിത്സ വേണം, കാലാവസ്ഥയിലെ മാറ്റം, മറ്റേതെങ്കിലും അണുബാധ, മാനസിക സമ്മര്‍ദം, ശാരീരിക സമ്മര്‍ദം ശ്രദ്ധിക്കണം

സോറിയാസിസും തെറ്റായ ചികിത്സരീതി കാരണം എറിത്രോ ഡെര്‍മിക് സോറിയാസിസായി രൂപപ്പെടാം

ചര്‍മപാളികള്‍ അസാധാരണമായി ഇരട്ടിക്കുന്ന അവസ്ഥയാണ് സോറിയാസിസ്. ചര്‍മത്തെ ബാധിക്കുന്ന സങ്കീര്‍ണമായ ഒരു ദീര്‍ഘകാല രോഗാവസ്ഥ. വളരെ സമയമെടുത്താണ് സോറിയാസിസ് ഒരാളില്‍ രൂപപ്പെടുന്നത്. ചര്‍മത്തില്‍ പാടുകളും ചൊറിച്ചിലും ഇതുമൂലം അനുഭവപ്പെടും. കൈമുട്ടുകള്‍, കാല്‍മുട്ടുകള്‍, ശരീരത്തിൻ്റെ പിൻവശം, ശിരോചര്‍മം എന്നിവിടങ്ങളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്‌.

ചര്‍മത്തില്‍ നിറവ്യത്യാസം, ചൊറിച്ചില്‍, തൊലി കട്ടികൂടിയിരിക്കുക, ചര്‍മത്തില്‍ ചെതുമ്പല്‍ പോലെ രൂപപ്പെടുക, ചുവപ്പ് നിറത്തിലുള്ള കുമിളകള്‍ രൂപപ്പെടുക, ഉപ്പൂറ്റിയിലും കൈവെള്ളയിലും വിള്ളലുകള്‍ എന്നിവ സോറിയാസിസിൻ്റെ ലക്ഷണങ്ങളില്‍ ചിലതാണ്‌.

40 വയസ്സിന് മുകളിലുള്ള ആളുകളിലാണ് കൂടുതലായി സോറിയാസിസ് കണ്ടുവരുന്നത്. എന്നാല്‍, ഏത് പ്രായത്തിലും ഈ അവസ്ഥ അനുഭവപ്പെടാം. പാരമ്പര്യ ഘടകങ്ങള്‍മൂലം സോറിയാസിസ് ബാധിക്കുന്നവരില്‍ ചെറിയ പ്രായത്തില്‍തന്നെ ലക്ഷണങ്ങള്‍ അനുഭവപ്പെടാൻ സാധ്യതയുണ്ട്. രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകളില്‍ ഇതിനുള്ള സാധ്യത കൂടുതലാണ്. കാലാവസ്ഥയിലെ മാറ്റം, മറ്റേതെങ്കിലും അണുബാധ, മാനസിക സമ്മര്‍ദം, ശാരീരിക സമ്മര്‍ദം എന്നിവയും സോറിയാസിസിന് കാരണമാകാറുണ്ട്.

പുകവലി, മദ്യപാനം തുടങ്ങിയവയുടെ ഉപയോഗം, സ്റ്റിറോയിഡ് മരുന്നുകളുടെ ഉപയോഗം എന്നിവയും രോഗാവസ്ഥക്ക് വഴിവെക്കാറുണ്ട്. സോറിയാസിസ് രോഗികളായ ഗര്‍ഭിണികളില്‍ ഗര്‍ഭ കാലഘട്ടത്തില്‍ രോഗാവസ്ഥ കുറയുകയും പ്രസവ ശേഷം ഇത് തിരികെ വരുകയും ചെയ്യും. ചര്‍മപാളികളില്‍ ഏതെങ്കിലും തരത്തിലുള്ള മുറിവുകള്‍ ഉണ്ടെങ്കില്‍ ആ ഭാഗത്ത് സോറിയാസിസ് ഉണ്ടാകാൻ സാധ്യതയുണ്ട്. വിവിധ തരത്തിലുള്ള സോറിയാസിസ് വിഭാഗങ്ങളുണ്ട്. ഓരോന്നും വ്യത്യസ്ത രീതിയിലാണ് അനുഭവപ്പെടുന്നത്.

ക്രോണിക് പ്ലാക് സോറിയാസിസ്: ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന സോറിയാസിസ് വിഭാഗം. ശരീരത്തിന്റെ പല ഭാഗങ്ങളില്‍ ചുവന്ന നിറത്തില്‍ കാണപ്പെടുന്നതാണിത്. ഇതിന് മുകളില്‍ വെള്ളിനിറത്തിലുള്ള പാടുകളും കാണാൻ കഴിയും. ഗട്ടെറ്റ് സോറിയാസിസ്: ശരീരത്തില്‍ ഏതെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടാകുന്നതാണ് ഗട്ടെറ്റ് സോറിയാസിസിന് കാരണം. ഇത് താല്‍ക്കാലികമായി മാത്രമേ അനുഭവപ്പെടാറുള്ളൂ. സാധാരണ 15-20 പ്രായത്തിലുള്ളവരിലാണ് കണ്ടുവരുന്നത്‌.

പസ്റ്റുലര്‍ സോറിയാസിസ്: ശരീര ഭാഗങ്ങളില്‍ ചെറിയ കുമിളകള്‍ രൂപപ്പെട്ട് അതില്‍ പഴുപ്പ് നിറയുന്ന അവസ്ഥയാണ് പസ്റ്റുലര്‍ സോറിയാസിസ്. കൃത്യമായി ചികിത്സ തേടിയില്ലെങ്കില്‍ ഇത് ഗുരുതരമാകും.
എറിത്രോ ഡെര്‍മിക് സോറിയാസിസ്: ശരീരം മുഴുവൻ തൊലി അടര്‍ന്നുപോകുന്ന അവസ്ഥയാണിത്. കൈകാലുകളില്‍ കടുത്ത വീക്കവും ചൊറിച്ചിലും ഉണ്ടാകും. ഇതാണ് ഏറ്റവും ഗുരുതരമായ സോറിയാസിസ് വിഭാഗം. ഏതൊരു വിഭാഗം സോറിയാസിസും തെറ്റായ ചികിത്സരീതി കാരണം എറിത്രോ ഡെര്‍മിക് സോറിയാസിസായി രൂപപ്പെടാം. സ്വയം ചികിത്സ ഈ അവസ്ഥ ഗുരുതരമാക്കും.

ഇൻവെര്‍സ് സോറിയാസിസ്‌: ശരീരത്തിൻ്റെ ഇടുങ്ങിയ ഭാഗങ്ങളിലാണ് ഇത് കണ്ടുവരുന്നത്. കക്ഷം, തുടയിടുക്ക്, സ്‌തനങ്ങളുടെ താഴ്ഭാഗം, കൈകാല്‍ മടക്കുകള്‍, കുടവയറുള്ളവരില്‍ വയറിൻ്റെ അടിഭാഗം തുടങ്ങിയ ഭാഗങ്ങളിലാണ് സാധാരണ അനുഭവപ്പെടുന്നത്.

നെയില്‍ സോറിയാസിസ്‌: നഖങ്ങളില്‍ ചെറിയ കുത്തുകള്‍ പോലെ രൂപപ്പെടുകയും പല തരത്തിലുള്ള രൂപ വ്യത്യാസങ്ങള്‍ അനുഭവപ്പെടുകയും ചെയ്യും. നഖങ്ങള്‍ പെട്ടെന്ന് പൊട്ടിപ്പോകുന്നതും നിറവ്യത്യാസവും ഇതിന്റെ ലക്ഷണമാണ്. ചികിത്സിച്ചില്ലെങ്കില്‍ നഖം അടര്‍ന്നുപോകുന്ന അവസ്ഥയുണ്ടാകും.

ശരീരത്തില്‍ സോറിയാസിസുള്ള 20 ശതമാനം പേരിലും നഖങ്ങളിലും സോറിയാസിസ്‌ കണ്ടുവരുന്നുണ്ട്. ഇവ കൂടാതെ സോറിയാറ്റിക് ആര്‍ത്രൈറ്റിസ് എന്ന അവസ്ഥയും ചിലരില്‍ കണ്ടുവരാറുണ്ട്. ശരീരത്തിലെ സന്ധികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്‌. പ്രധാനമായും വിരലുകളിലെ സന്ധികളിലാണ് ബാധിക്കുന്നത്. സന്ധികളില്‍ വേദന അനുഭവപ്പെടുന്നതാണ് ഇതിന്റെ ലക്ഷണം.

എങ്ങനെ നിയന്ത്രിക്കാം?

ജീവിതശൈലി മെച്ചപ്പെടുത്തുന്നത് ഒരു പരിധിവരെ സോറിയാസിസ് നിയന്ത്രിക്കാൻ സഹായിക്കും. ലഹരി ഉപയോഗം ഒഴിവാക്കുന്നതും ഓമേഗാ 3 ഫാറ്റി ആസിഡ് അടങ്ങിയ ചെറുമത്സ്യങ്ങള്‍, മീനെണ്ണ ഗുളിക എന്നിവ കഴിക്കുന്നതും ഗുണം ചെയ്യും. ഇതോടൊപ്പം ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കാൻ ശ്രദ്ധിക്കണം. യോഗര്‍ട്ട് പതിവായി കഴിക്കുന്നത് നല്ലതാണ്. അതേസമയം, കലോറി കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ തീര്‍ത്തും ഒഴിവാക്കാൻ ശ്രദ്ധിക്കണം.

രണ്ടുനേരവും കുളി കഴിഞ്ഞ ശേഷം മൊയിസ്‌പറൈസര്‍ പുരട്ടുന്നത് ഗുണം ചെയ്യും. ഇതോടൊപ്പം ശരീരം മുഴവൻ ശുദ്ധമായ വെളിച്ചെണ്ണ തേച്ചു കുളിക്കുന്നതും അവസ്ഥ ഗുരുതരമാക്കാതിരിക്കാൻ സഹായിക്കും.
നിയന്ത്രിതമായ രീതിയില്‍ വെയിലേല്‍ക്കുന്നത് സോറിയാസിസ് കുറക്കാൻ സഹായിക്കും. എന്നാല്‍, ചിലരില്‍ ഇത് വിപരീത ഫലം ചെയ്യും.

അതിനാല്‍ പാര്‍ശ്വ ഫലങ്ങളില്ലാത്ത രീതിയില്‍ ഫോട്ടോ തെറപ്പി ചെയ്യുന്നത് വലിയ ആശ്വാസം നല്‍കും. പ്രാരംഭഘട്ടത്തില്‍ തന്നെ ചികിത്സ ഉറപ്പാക്കുന്നത് ഏത് തരത്തിലുള്ള സോറിയാസിസും നിയന്ത്രിക്കാൻ സഹായിക്കും. ഇതോടൊപ്പം കൃത്യമായി ഫോളോഅപ് ചെയ്യേണ്ടതും അനിവാര്യമാണ്.

പകരുമെന്ന ഭയം വേണ്ട

സോറിയാസിസ് ഒരിക്കലും ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാറില്ല. എന്നാല്‍, പലപ്പോഴും തെറ്റായ ധാരണമൂലം രോഗം ബാധിച്ചവരെ അകറ്റിനിര്‍ത്തുന്ന പ്രവണതയുണ്ട്. രോഗികള്‍ക്ക് കുടുംബാംഗങ്ങളില്‍നിന്ന് പിന്തുണ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest