Categories
news

ധീരജ് രാജേന്ദ്രൻ്റെ മരണകാരണം ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കുത്തേറ്റ് ഹൃദയത്തിൻ്റെ അറകൾ തകർന്നു

പോസ്റ്റുമോർട്ടത്തിന് ശേഷം സി.പി.എം-എസ്.എഫ്.ഐ നേതാക്കൾ ഏറ്റുവാങ്ങിയ മൃതദേഹം ഇടുക്കി ജില്ല കമ്മിറ്റി ഓഫിസിലേക്ക് കൊണ്ടുപോയി.

ഇടുക്കി ഗവ. എൻജിനീയറിങ് കോളേജ് വിദ്യാർഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രൻ്റെ മരണകാരണം ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കുത്തേറ്റ് ഹൃദയത്തിൻ്റെ അറകൾ തകർന്നു. ശരീരത്തിൽ മർദനമേറ്റതിൻ്റെ നിരവധി പാടുകളുണ്ട്. തലയിലും പരിക്കുണ്ട്.

നീളമുള്ള കത്തിയാണ് കൊലപാതകത്തിനായി പ്രതി ഉപയോഗിച്ചത്. അതേസമയം, ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഗൂഢാലോചന കണ്ടെത്തിയിട്ടില്ലെന്ന് ഇടുക്കി എസ്.പി ആർ. കറുപ്പസ്വാമി അറിയിച്ചു. കേസിൽ അറസ്റ്റിലായവർ വിദ്യാർഥികളല്ല. കൂടുതൽ പേർ കസ്റ്റഡിയിലുണ്ടെന്നും കൂടുതൽ പേരെ നിരീക്ഷിക്കുന്നതായും എസ്.പി പറഞ്ഞു.

പെട്ടെന്നുള്ള സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസിൽ ഇതുവരെ മൂന്നുപേരാണ് അറസ്റ്റിലായത്. നിഖിൽ പൈലി, ജെറിൻ ജോജോ, അലക്‌സ് റാഫേൽ എന്നിവരാണ് അറസ്റ്റിലായത്. ധീരജ് രാജേന്ദ്രൻ്റെ മൃതദേഹം വിലാപയാത്രയായി സ്വദേശമായ കണ്ണൂരിലെ തളിപ്പറമ്പിലേക്ക് കൊണ്ടുപോയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം സി.പി.എം-എസ്.എഫ്.ഐ നേതാക്കൾ ഏറ്റുവാങ്ങിയ മൃതദേഹം ഇടുക്കി ജില്ല കമ്മിറ്റി ഓഫിസിലേക്ക് കൊണ്ടുപോയി. എൻജിനീയറിങ് കോളജിൽ പൊതുദർശനത്തിന് വെച്ചശേഷമാണ് തളിപ്പറമ്പിലേക്ക് കൊണ്ടുപോയത്.

കോളജ് യൂനിയൻ തെരഞ്ഞെടുപ്പിനിടെയാണ് എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗം കൂടിയായ ധീരജിന് കുത്തേറ്റത്. കുത്തേറ്റ മറ്റ് രണ്ടു വിദ്യാർഥികൾ ചികിത്സയിലാണ്. തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെ കാമ്പസിന് പുറത്ത് കോളജ് ഗേറ്റിന് സമീപമാണ് സംഭവം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest