Categories
Kerala news

സംസ്ഥാനത്ത് വ്യാപക മഴ; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, കാസർകോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

യോഗത്തിൽ ജില്ലാ കളക്ടർമാരും ആർ.ഡി.ഒമാരും തഹസിൽദാർമാരും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശക്തമായ മഴ തുടരുന്നു. കാസർകോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇതോടെ റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളുടെ എണ്ണം മൂന്നായി. ഇടുക്കി, എറണാകുളം ജില്ലകളിൽ റെഡ് അലർട്ട് തുടരുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ശേഷിച്ച 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ റവന്യുവകുപ്പ് മന്ത്രി കെ.രാജൻ ഉന്നതതല യോഗം വിളിച്ചു. ചൊവാഴ്‌ച വൈകിട്ട് അഞ്ച് മണിക്ക് ലാൻഡ് റെവന്യു കമ്മീഷണറുടെ ഓഫീസിലാണ് യോഗം.

തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്ത സാഹചര്യങ്ങളെ നേരിടുന്നതിനുള്ള പ്രതികരണ സംവിധാനങ്ങളുടെ ക്ഷമത വിലയിരുത്തുന്നതിനാണ് യോഗം വിളിച്ചത്. യോഗത്തിൽ ജില്ലാ കളക്ടർമാരും ആർ.ഡി.ഒമാരും തഹസിൽദാർമാരും പങ്കെടുത്തു.

ചൊവാഴ്‌ച രാവിലെ തിരുവനന്തപുരത്തും കൊല്ലത്തും പുതിയതായി ഓറഞ്ച് അലർട്ട് നൽകിയിരുന്നു. രാവിലെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ടായിരുന്നു. എറണാകുളം, ഇടുക്കി ജില്ലകളിലെ റെഡ് അലർട്ട് നിലനിർത്തിയിരുന്നു. സംസ്ഥാനത്ത് വ്യാഴാഴ്‌ചവരെ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. അഞ്ച് ദിവസം അതിശക്തമായ മഴ പ്രവചിച്ചതിനാല്‍ എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.

ഏഴ് ജില്ലകളിൽ ദേശീയ ദുരന്തനിവാരണസേനയും സജ്ജമായിട്ടുണ്ട്. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലും മലവെള്ളപ്പൊക്കവും ഉണ്ടാവാനുള്ള സാധ്യതയുള്ളതിനാൽ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest