Categories
articles Kerala local news

കുമ്പോൽ തങ്ങൾ പള്ളി; ആത്മീയ സൗരഭ്യം നിറഞ്ഞ പൂങ്കാവനം, അനുഭൂതിയുടെ നിറവസന്തം

പാരസ്പര്യ സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും നല്ല ചിന്തകൾ

കാസർകോട്- മംഗലാപുരം ദേശീയ പാതയിലൂടെ സഞ്ചരിക്കുമ്പോൾ പച്ചപ്പിൻ്റെ വർണ്ണാഭമായ നിറച്ചാർത്തലുകൾക്കിടയിൽ നമ്മുടെ നയനങ്ങളെ മനോഹരമാക്കുന്ന ദൃശ്യമുണ്ട്. പുതുമോഡിയോടെ ഏറ്റവും സുന്ദരമായ മിനാരങ്ങൾ തങ്കത്തിളക്കത്തോടെ തല ഉയർത്തി നിൽക്കുന്നു കുമ്പോൽ തങ്ങൾ പള്ളി. ആത്മീയ സൗരഭ്യം നിറഞ്ഞ പൂങ്കാവനം. ശാന്തിയുടെയും സമാധാനത്തിൻ്റെയും ആശ്വാസ തീരം. അനേകായിരങ്ങളുടെ സമാശ്വാസത്തിന് പാപം കോയ നഗറിലെ മണൽ തരികളുടെ സാക്ഷ്യം. നന്മയുടെ സൗകുമാര്യത നിറഞ്ഞ വിശ്വ ഗേഹമായ തങ്ങൾ പള്ളിയും സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ അന്ത്യവിശ്രമം കൊള്ളുന്ന മഖാം ശരീഫും ആത്മീയ അനുഭൂതിയുടെ നിറവസന്തം തീർക്കുകയാണ്.

അറേബ്യൻ മുഗൾ ശില്പ കലാ മാതൃകയിൽ തീർത്ത പള്ളി പുനർ നിർമ്മാണവും നൂതനമായ ലാറ്ററൈറ്റ് സ്റ്റോണിൽ പണി കഴിപ്പിച്ച സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ ദർഗാ ശരീഫും മദീന മുനവ്വറയിലെ മസ്ജിദുന്നബവിയുടെ കവാടത്തിൻ്റെ മാതൃകയിൽ നിർമ്മിക്കപ്പെട്ട ഗൈറ്റും സന്ദർശകരുടെ മനം കവരുകയാണ്. നബി സ്വ തങ്ങളുടെ ഖുബ്ബയുടെ മാതൃകയിലുള്ള ഖുബ്ബ ആരേയും ഹഠാദാകർഷിക്കുന്ന രീതിയിലുള്ള രൂപകൽപ്പന വേറിട്ടതാണ്. ഏറ്റവും മനോഹരമായ നവീകരണം എന്നത് വെറും വാക്കല്ല, ആളുകൾ നേരിട്ടറിഞ്ഞ ബോധ്യമാണ്.

ആത്മീയമായ നേതൃത്വവും സമൂഹത്തെ നന്മയുടെ പാതയിലേക്ക് വഴി നടത്തുകയും ചെയ്യുന്ന മഹാനായ സയ്യിദ് ഉമർ കുഞ്ഞിക്കോയ തങ്ങളുടെ വിശാലമായ കാഴ്ച്ചപ്പാടും ദീർഘദൃഷ്ടിയുമാണ് പാപം കോയ നഗറിലെ മനോഹാരിതയെ വ്യതിരക്തമാക്കുന്നത്. തങ്ങൾ പള്ളി എന്നത് ജനങ്ങളുടെ ഹൃദയത്തിൽ അലിഞ്ഞ് ചേർന്നതാണ്. ആ മഹനീയമായ നാമം ചേർത്ത് വെക്കപ്പെട്ടത് മഹിതമായ ഇസ്ലാമിക വിശ്വാസത്തേയും സംസ്കാരത്തേയുമാണ്. പാരസ്പര്യ സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും നല്ല ചിന്തകൾ സന്നിവേശിപ്പിക്കുകയാണ്.

സ്നേഹം തന്ന് വിരുന്നൂട്ടുന്നവരാണ് കുമ്പോൽ തങ്ങന്മാർ. പ്രശ്നങ്ങളുടെ നൂലാമാലകൾ പേറി വിഷമതകൾ നിറഞ്ഞ മനസ്സുമായി കുമ്പോലിൻ്റെ പടി കടന്നെത്തുന്നവർക്ക് സ്നേഹമുണ്ട്, ആശ്വാസമുണ്ട്, സമാധാനമുണ്ട്. അതിഥികളെ അവർ അർഹിക്കുന്ന രീതിയിൽ ആദരിക്കാനും ബഹുമാനിക്കാനും കാണിക്കുന്ന മഹിതമായ പ്രവാചക അധ്യാപനങ്ങളെ ഉൾക്കൊണ്ടുള്ള ഏറ്റവും നല്ല മാതൃകയാണ് കുമ്പോൽ സാദാത്തീങ്ങളുടേത്. മത- ജാതി- ഭേദമൊന്നുമില്ലാതെ വന്നെത്തുന്നവരെ സ്വീകരിക്കുകയും സാന്ത്വനവും ആശ്വാസവുമാകുന്ന തങ്ങൾ വീട് മനസുകളിൽ പതിഞ്ഞ അനുഗ്രഹീത സൗധമാണ്.

പതിറ്റാണ്ടുകളായി തുടരുന്ന ആ സാന്ത്വന സ്പർശം ഇന്നും ദിനേനെ എത്തുന്ന നൂറുക്കണക്കിന് ആളുകൾക്ക് പ്രതീക്ഷയുടെ തിരുനാളമാണ്. സ്നേഹവും കരുതലും സംരക്ഷണവുമാണത്. ആത്മീയ സൗരഭ്യം സയ്യിദ് കെ.എസ് ഉമർ കുഞ്ഞിക്കോയ തങ്ങളെ നേരിൽ കാണാനും മഖാം സിയാറത്ത് ചെയ്തു നിറഞ്ഞ സംതൃപ്തിയോടെ മടങ്ങാനും ആഗ്രഹിച്ച് എത്തുന്നവർ. മനം നിറയെ നയനാനന്ദകരമായ കാഴ്ച്ചകളും അകം നിറയെ ആത്മീയ നിർവൃതിയുമാണ് കുമ്പോൽ തങ്ങൾ പള്ളി ഉറൂസ് നഗരിയെ ധന്യമാക്കുന്നത്.

എൻ്റെ കുടുംബക്കാർ സമുദായത്തിന് സുരക്ഷയും രക്ഷാ കവചവുമാണെന്ന മുഹമ്മദ് നബി സ്വ തങ്ങളുടെ പ്രഖ്യാപനം സയ്യിദന്മാരെ ആദരിക്കുകയും ബഹുമാനിക്കുകയും മാത്രമല്ല ആത്മീയ നേതൃത്വത്തെ ഉൾക്കൊള്ളുകയും ചെയ്യുക വഴി നബി തങ്ങളിലേക്ക് ചെന്നെത്തുന്ന സന്മാർഗ പാതയിൽ ജീവിതത്തെ ചേർത്ത് നിർത്തുകയാണ് ചെയ്യുന്നത്. അഹ്‌ലു ബൈത്തിനെ സ്നേഹിക്കാനും ആത്മീയമായ താവഴി പിന്തുടരാനും നമുക്ക് കഴിയട്ടെ.

എഴുത്ത്: റഫീഖ് സൈനി അഡൂർ

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest