Categories
local news tourism

കടല്‍ ആസ്വദിക്കാം, പട്ടം പറത്താം; ഹൊസ്ദുര്‍ഗില്‍ കൈറ്റ് ബീച്ച് ഒരുങ്ങുന്നു; നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിൽ

ഭാവിയില്‍ കുട്ടികള്‍ക്കായുള്ള കളിസ്ഥലം ഒരുക്കാനും, സെല്‍ഫി പോയിന്റ് തുടങ്ങിയവ നിര്‍മ്മിക്കാനും ഡി.ടി.പി.സിക്ക് ലക്ഷ്യമുണ്ട്.

കാസർകോട്: ടൂറിസം മേഖലയില്‍ അതിവേഗം മുന്നോട്ടുകുതിക്കുന്ന ജില്ലയ്ക്ക് മുതല്‍കൂട്ടാകാന്‍ ഹൊസ്ദുര്‍ഗില്‍ കൈറ്റ് ബീച്ച് ഒരുങ്ങുന്നു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തിനില്‍ക്കുന്ന ബീച്ച് ഉടന്‍ തന്നെ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും.

വടക്ക് തലപ്പാടി മുതല്‍ തെക്ക് തയ്യല്‍ കടപ്പുറം വരെയായി 85 കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന കടല്‍ത്തീരങ്ങല്‍ ജില്ലയുടെ ടൂറിസം മേഖലയുടെ മുഖമാക്കി മാറ്റുന്നതിൻ്റെ ഭാഗമായാണ് ഹൊസ്ദുഗ് ബീച്ച് കൈറ്റ് ബീച്ചായി വികസിപ്പിക്കുന്നത്. തീരദേശ പാതയോട് ചേര്‍ന്ന് കിടക്കുന്ന കടപ്പുറങ്ങളിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുവാന്‍ ഇത്തരം ബീച്ചുകളുടെ നവീകരണം ഏറെ പ്രയോജനപ്പെടും. ഡി.ടി.പി.സിയുടെ നേതൃത്വത്തിലാണ് കൈറ്റ് ബീച്ച് നിര്‍മാണം.

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍

കൈറ്റ് ബീച്ച് യഥാര്‍ഥ്യമാകുന്നതോടെ ജില്ലയുടെ വിനോദ സഞ്ചാര രംഗത്തെ പുതിയ മാറ്റത്തിനാണ് വഴിയൊരുങ്ങുന്നത്. ബീച്ചിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കരകൗശല വസ്തുക്കളുടെ വില്‍പന ശാല, ഭക്ഷണശാല എന്നിവ ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി പ്രത്യേക വിശ്രമമുറി, ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ടോയ്ലെറ്റ് എന്നിവയും ഇവിടെ ഒരുക്കി.

കൂടാതെ തീരദേശഭംഗി ആസ്വാദിക്കാന്‍ കഴിയും വിധമുള്ള ഇരിപ്പിടങ്ങളും ബീച്ചില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഒപ്പം ഭാവിയില്‍ കുട്ടികള്‍ക്കായുള്ള കളിസ്ഥലം ഒരുക്കാനും, സെല്‍ഫി പോയിന്റ് തുടങ്ങിയവ നിര്‍മ്മിക്കാനും ഡി.ടി.പി.സിക്ക് ലക്ഷ്യമുണ്ട്. കടല്‍ തീരത്തിൻ്റെ സ്വാഭാവികത നിലനിര്‍ത്തി ബീച്ച് അനുഭവം കൂടുതല്‍ സുന്ദരമാക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

പട്ടം പറത്താം

പട്ടം പറത്തല്‍ രംഗത്ത് നിരവധി മത്സരങ്ങളുള്‍ ജില്ലയില്‍ നടന്നുവരുന്നുണ്ട്. വര്‍ഷങ്ങളായി ബേക്കല്‍ ബീച്ച് കേന്ദ്രീകരിച്ചാണ് പട്ടം പറത്തല്‍ മത്സരങ്ങള്‍ നടന്നു വരുന്നത്. ഹൊസ്ദുര്‍ഗ് കൈറ്റ് ബീച്ച് പൂര്‍ത്തിയാകുന്നതോടെ പട്ടം പറത്തല്‍ മത്സരങ്ങളടക്കം ഇവിടെ നടത്താനാകും.

ഇതുവഴി കൂടുതല്‍ ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കണക്കൂകൂട്ടുന്നത്. പട്ടം പറത്തല്‍ ഉള്‍പ്പടെ ബീച്ചിനെ ഉല്‍സവപ്രതീതിയിലാക്കുന്ന പരിപാടികളാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. രണ്ടാം ഘട്ടമായി വാട്ടര്‍ സ്പോര്‍ട്സിനുള്ള സൗകര്യങ്ങളും ഒരുക്കാന്‍ ഡി.ടി.പി.സി പദ്ധതിയിടുന്നു.

ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും

കൈറ്റ് ബീച്ച് നിര്‍മ്മാണത്തിൻ്റെ 80 ശതമാനത്തോളം പ്രവൃത്തികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. 98.74 ലക്ഷം രൂപയാണ് കൈറ്റ് ബീച്ച് പദ്ധതിക്കായി അനുവദിക്കപ്പെട്ടത്. നിര്‍മിതി കേന്ദ്രത്തിനാണ് പദ്ധതിയുടെ നിര്‍മാണച്ചുമതല. നിര്‍മാണം പൂര്‍ത്തീകരിച്ച് എത്രയും പെട്ടെന്ന് നടത്തിപ്പിനായി നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്ന് ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ് പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest