Categories
local news

ശുചിത്വ മാലിന്യ സംസ്കരണം, ജല സംരക്ഷണം, കൃഷി; നാടിന് കരുതൽ ഒരുക്കി കാസർകോട് നഗരസഭ

ഇതിൻ്റെ ഭാഗമായി മാലിന്യം നിറഞ്ഞു ഉപയോഗ ശൂന്യമായ നെല്ലിക്കുന്ന് മുഹ്‌യുദ്ദീൻ പള്ളിക്ക് സമീപമുള്ള പാറക്കുളം ശുചീകരണം നടത്തി.

കാസർകോട്: വൃത്തിയുള്ള മണ്ണും വായുവും ജലവും ഉറപ്പു വരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കിയ ഹരിത കേരളം മിഷൻ അഞ്ച് വർഷം പൂർത്തീകരിക്കുന്ന അവസരത്തിൽ കാസർകോട് നഗരസഭയിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരികയാണ്. ശുചിത്വ മാലിന്യ സംസ്കരണം, ജല സംരക്ഷണം, കൃഷി എന്നീ മേഖലകളിൽ മാതൃകാ പ്രവർത്തനങ്ങളാണ് നഗരസഭയിൽ നടന്നു വരുന്നത്.

ഇതിൻ്റെ ഭാഗമായി മാലിന്യം നിറഞ്ഞു ഉപയോഗ ശൂന്യമായ നെല്ലിക്കുന്ന് മുഹ്‌യുദ്ദീൻ പള്ളിക്ക് സമീപമുള്ള പാറക്കുളം ശുചീകരണം നടത്തി. കാസർകോട് നഗരസഭ ചെയർമാൻ ശ്രീ. അഡ്വ. വി.എം. മുനീർ ഉദ്ഘാടനം നിർവഹിച്ചു. വികസന സ്ഥിരം സമിതി ചെയർമാൻ ശ്രീ. അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ശ്രീമതി. ഷംസീദ ഫിറോസ്, സ്ഥിരം സമിതി അംഗങ്ങളായ റീത്ത ആർ, സിയാന ഹനീഫ്, കൗൺസിലർമാരായ അബ്ദു റഹ്മാൻ ചക്കര, സിദ്ദിഖ് ചക്കര, ഉമ, കേരളം മിഷൻ ജില്ലാ കോഡിനേറ്റർ എം.പി. സുബ്രഹ്മണ്യൻ, നെല്ലിക്കുന്ന് സ്പോർട്സ് ക്ലബ് പ്രതിനിധി ബഷീർ നെല്ലിക്കുന്ന്, കമറുദ്ദീൻ തായൽ എന്നിവർ സംബന്ധിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ഖാലിദ് പച്ചക്കാട് സ്വാഗതവും നഗരസഭ സെക്രട്ടറി എസ് ബിജു നന്ദിയും പറഞ്ഞു.

ഇതു കൂടാതെ നഗരസഭാ തലത്തിൽ മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള എം.സി.എഫ്, 38 വാർഡുകളിൽ സ്ഥാപിക്കുന്ന മിനി എം.സി.എഫ്., തളങ്കര ബാങ്കോട് പൊതുകിണർ ശുചീകരണം, തളങ്കര മുസ്‌ലിം ഹൈസ്കൂളിൽ തരിശുനില പച്ചക്കറി കൃഷി എന്നിവയുടെ ഉദ്ഘാടനവും വാർഷിക ആഘോഷ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്നു. മാലിന്യം നിറഞ്ഞു ഉപയോഗ ശൂന്യമായ ബെദിര തോട് ശുചീകരിച്ചു.

ഹരിത കേരളം മിഷൻ നടപ്പിലാക്കിയ കാസർകോട് ജില്ലയിലെ തനത് പദ്ധതിയായ ”ടീച്ചറും കുട്ട്യോളും” പ്ലാസ്റ്റിക് മാലിന്യ ശേഖരണ പരിശീലന പരിപാടി ജില്ലയിൽ ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കിയ കാസർകോട് നഗരസഭക്ക് ഹരിത കേരളം മിഷൻ്റെ പ്രത്യേക പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഹരിത കേരളം മിഷൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങളായ വെള്ളം, വൃത്തി, വിളവ് എന്നിവ പ്രാവർത്തികമാക്കുന്നതിനും ജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിനും മുന്നോട്ടു വെക്കുന്ന പദ്ധതികളും പ്രവർത്തനങ്ങളും തുടർന്നും ഏറ്റെടുത്തു നടത്തുമെന്ന് നഗരസഭ ചെയർമാൻ അഡ്വ. വി.എം മുനീറും നഗരസഭാ സെക്രട്ടറി എസ് ബിജുവും അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest