Categories
Kerala news

യു.ഡി.എഫിനേ വോട്ടുചെയ്യാവൂ എന്ന് താന്‍ പറഞ്ഞെന്നത് വ്യാജ പ്രചാരണമെന്ന് കാന്തപുരം; സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്ന് മുന്നറിയിപ്പ്

പോസ്റ്റുകള്‍ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് നിയമനടപടിയ്ക്ക് കാന്തപുരം ഒരുങ്ങുന്നത്.

സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലീയാര്‍. പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളുമായി തനിക്ക് ബന്ധമില്ലെന്നും കാന്തപരും അറിയിച്ചു.

സി.പി.ഐ.എം പ്രതിനിധികള്‍ കേന്ദ്രത്തില്‍ പോയി ഇന്ത്യ മുന്നണിയ്ക്ക് പിന്തുണ കൊടുക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്നും തങ്ങള്‍ ഇത്തവണ യു.ഡി.എഫിന് പിന്തുണ നല്‍കുമെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് കാന്തപുരം പറഞ്ഞതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്.

റിയാന് മൗലവി വധക്കേസിലെ പ്രതികളെ വെറുതെ വിട്ടതിലും സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന വിധത്തില്‍ കാന്തപുരം പ്രസ്താവന നടത്തിയെന്ന് ഉള്‍പ്പെടെയായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചാരണം. ഇത്തരം പോസ്റ്റുകള്‍ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് നിയമനടപടിയ്ക്ക് കാന്തപുരം ഒരുങ്ങുന്നത്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാര്‍ഡുകള്‍ ഉള്‍പ്പെടുത്തി സൈബര്‍ സെല്ലിന് പരാതി നല്‍കാനാണ് കാന്തപുരം തയാറെടുക്കുന്നത്. ഇതിന് മുന്നോടിയായി അദ്ദേഹം പത്രക്കുറിപ്പും പുറത്തിറക്കി.

കാന്തപുരം പുറത്തിറക്കിയ പത്രക്കുറിപ്പിൻ്റെ പൂര്‍ണരൂപം ഇങ്ങനെ:

ആസന്നമായ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൻ്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി വ്യാജ അറിയിപ്പുകളും പ്രസ്താവനകളും നിലപാടുകളും വരുന്നതായി ശ്രദ്ധയില്‍ പെട്ടു. അതുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അവ തികച്ചും വ്യാജമാണെന്നും കാന്തപുരം എ..പി അബൂബക്കര്‍ മുസ്ലിയാര്‍ അറിയിച്ചു.

പ്രസ്ഥാന ബന്ധുക്കളും പൊതു സമൂഹവും ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്. വ്യാജ വാര്‍ത്തയുടെ ഉറവിടം കണ്ടെത്തി കുറ്റക്കാര്‍ക്കെതിരെ ആവശ്യമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest