Categories
channelrb special national news

വീണയ്ക്ക് തിരിച്ചടി; എസ്‌.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജി, കര്‍ണാടക ഹൈക്കോടതി തള്ളി

പൂര്‍ണമായ വിധി പകര്‍പ്പ് ശനിയാഴ്‌ച രാവിലെ അപ്‌ലോഡ് ചെയ്യാമെന്ന് ജസ്റ്റിസ് നാഗപ്രസന്ന

ബെംഗളൂരു: സി.എം.ആര്‍.എല്‍ കമ്പനിയുമായുള്ള ഇടപാടിന് മേല്‍ നടക്കുന്ന സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (SFIO) അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ ടി.വീണ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളി.

ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹര്‍ജി തള്ളുകയാണ്. പൂര്‍ണമായ വിധി പകര്‍പ്പ് ശനിയാഴ്‌ച രാവിലെ അപ്‌ലോഡ് ചെയ്യാമെന്നാണ് വിധി പ്രസ്‌താവിച്ചു കൊണ്ട് ജസ്റ്റിസ് നാഗപ്രസന്ന അറിയിച്ചു.

ടി.വീണ ഡയറക്ടറായ എക്‌സാലോജിക് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടയില്‍ ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡിവലപ്മെണ്ട് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവര്‍ക്കെതിരെ ആണ് 2013ലെ കമ്പനീസ് ആക്‌ട്‌ 212 ഒന്ന് (എ), ഒന്ന് (സി) വകുപ്പുകള്‍ പ്രകാരം സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്.

ജനുവരി 31ന് എസ്.എഫ്.ഐ.ഒ ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു വീണയുടെ കമ്പനിയായ എക്‌സാലോജിക്കിൻ്റെ പേരില്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം. എസ്‌.എഫ്.ഐ.ഒ യുടെ ഉത്തരവ് ഏകപക്ഷീയമാണെന്നും നിയമ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അന്വേഷണവുമായി മുന്നോട്ടു പോകുന്നതിന് തടസമില്ലെന്ന് നേരത്തെ പറഞ്ഞ കോടതി അന്വേഷണവുമായി സഹകരിക്കണമെന്ന് വീണ വിജയന് നിർദേശവും നൽകിയിരുന്നു.

എസ്‌.എഫ്.ഐ.ഒ ആവശ്യപ്പെട്ട രേഖകള്‍ കൊടുക്കണമെന്ന് എക്‌സാലോജികിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. വിധി പറയും വരെ കടുത്ത നടപടികള്‍ പാടില്ലെന്ന് എസ്‌.എഫ്.ഐ.ഒയോടും കോടതി പറഞ്ഞിരുന്നു. സി.എം.ആര്‍.എല്ലും എക്‌സാലോജിക്കും ആയുളള ഇടപാടുകള്‍ ഗൗരവ സ്വഭാവത്തിൽ ഉളളതാണെന്നായിരുന്നു എസ്‌.എഫ്.ഐ.ഒയുടെ വാദം. കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എലില്‍ നിന്ന് എക്‌സാലോജിക് സൊലൂഷന്‍സ് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെ കുറിച്ചാണ് എസ്എഫ്ഐഒ അന്വേഷണം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest