Categories
Kerala local news news

കെ ഫോണിലും വന്‍ അഴിമതി; ഉപകരാര്‍ നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ച്, ഇന്ത്യയിലെ ആദ്യത്തെ ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ: വി.ഡി സതീശന്‍

രേഖകള്‍ ഇല്ലാതെ ഒരു ആരോപണവും പ്രതിപക്ഷം ഉന്നയിച്ചിട്ടില്ല

കാസര്‍കോട്: എ.ഐ ക്യാമറ ഇടപാടിലെ വിവാദങ്ങള്‍ക്ക് പിന്നാലെ കെ ഫോണ്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതരമായ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ്. 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇൻ്റെര്‍നെറ്റ് എന്ന വാഗ്‌ദാനവുമായി പ്രഖ്യാപിച്ച കെ ഫോണ്‍ പദ്ധതിയിലും വന്‍ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യാഴാഴ്‌ച രാവിലെ കാസര്‍കോട്ട് ആരോപിച്ചു. യു.ഡി.എഫ് ജില്ലാ കമ്മിറ്റി ബദിയടുക്കയില്‍ സംഘടിപ്പിച്ച കവുങ്ങ് കര്‍ഷക സമരം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു സതീശന്‍.

ഭാരത് ഇലക്ട്രോണിക്‌സിന് എസ്റ്റിമേറ്റിനേക്കാള്‍ ടെന്‍ഡര്‍ തുക കൂട്ടി നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. 520 കോടിയാണ് എസ്റ്റിമേറ്റിനേക്കാള്‍ ടെന്‍ഡര്‍ തുക കൂട്ടി അധികമായി അനുവദിച്ചത്. അഴിമതിയില്‍ എസ്.ആര്‍.ഐ.ടിക്കും ബന്ധമുണ്ട്. എ.ഐ ക്യാമറ അഴിമതിക്ക് സമാനമായ അഴിമതിയാണ് കെ ഫോണിലും നടന്നിരിക്കുന്നതെന്ന് സതീശന്‍ ആരോപിച്ചു.

കെ ഫോണിലും ഉപകരാര്‍ നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ചാണ്. എസ്റ്റിമേറ്റ് തുക കൂട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയത് എം.ശിവശങ്കറാണ്. കെ ഫോണ്‍ അഴിമതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്ത് വിടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

എ.ഐ ക്യാമറ ഇടപാടിനും കെ ഫോണ്‍ പദ്ധതിക്കും പിന്നില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുണ്ട്. വളരെ വേഗത്തില്‍ തീര്‍ക്കേണ്ട പദ്ധതിയായത് കൊണ്ട് 50 ശതമാനം ടെന്‍ഡര്‍ എക്സസ് നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചത് ശിവശങ്കറാണ്. സൗജന്യ ഇൻ്റെര്‍നെറ്റ് സാധാരണക്കാരൻ്റെ അവകാശമാണെന്ന് പറഞ്ഞാണ് കെ ഫോണ്‍ നടപ്പാക്കാന്‍ ശ്രമിച്ചത്. എന്നിട്ടും ആറ് വര്‍ഷമായിട്ടും പദ്ധതി പൂര്‍ത്തിയായില്ല. ഇത്രയും പണം മുടക്കിയിട്ടും ഇപ്പോള്‍ 14000 പേര്‍ക്ക് മാത്രമെ ഇൻ്റെര്‍നെറ്റ് ലഭ്യമാക്കൂ എന്നാണ് പറയുന്നത്. അപ്പോള്‍ സര്‍ക്കാര്‍ പണം മുടക്കിയത് ജനങ്ങള്‍ക്ക് വേണ്ടിയല്ല, ഈ കറക്ക് കമ്പനികള്‍ക്ക് വേണ്ടിയാണെന്ന് വ്യക്തമായിരിക്കുകയാണ്.

അഴിമതി ക്യാമറ പോലെ ഒന്നാം പിണറായി സര്‍ക്കാരിൻ്റെ കാലത്ത് നടന്ന ഏറ്റവും വലിയ അഴിമതികളിലൊന്നാണ് കെ ഫോണ്‍. എന്നിട്ടും മുഖ്യമന്ത്രി ഇന്നലെയും മൗനം തുടര്‍ന്നു. മുഖ്യമന്ത്രി പദവിയില്‍ ഇരുന്ന് അധികാര ദുര്‍വിനിയോഗം നടത്തിയെന്ന ആരോപണം തനിക്കും കുടുംബത്തിനും എതിരെ ഉയര്‍ന്നിട്ടും മിണ്ടാതിരിക്കുന്ന രാജ്യത്തെ ആദ്യ ഭരണാധികാരിയാണ് പിണറായി വിജയന്‍. പാര്‍ട്ടി പൊതുയോഗങ്ങളിലെ പ്രസംഗത്തില്‍ പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് ആ പുകമറ മാറ്റിത്തരാനുള്ള ഉത്തരവാദിത്തമുണ്ട്.

അഴിമതി കേസുകളില്‍ ലോകായുക്തയെയോ വിജിലന്‍സിനെയോ സമീപിച്ചിട്ട് കാര്യമില്ലെന്ന അവസ്ഥയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാല്‍ അത് കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് ഒത്തുതീര്‍പ്പിലെത്തിക്കും. പ്രതിപക്ഷം ഹാജരാക്കിയ രേഖകളുടെ വിശ്വാസ്യത ആരും ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. പ്രതിപക്ഷം പുറത്ത് വിട്ട രേഖകള്‍ തന്നെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതും. രേഖകള്‍ ഇല്ലാതെ ഒരു ആരോപണവും പ്രതിപക്ഷം ഇതുവരെ ഉന്നയിച്ചിട്ടില്ല. അതിന് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയാറായില്ലെങ്കില്‍ പ്രതിപക്ഷം മറ്റ് മാര്‍ഗങ്ങള്‍ തേടുമെന്നും അദ്ദേഹം പറഞ്ഞു.

ഒന്നാം പിണറായി സര്‍ക്കാരിൻ്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ കേന്ദ്രമായിരുന്നു. സര്‍ക്കാരിൻ്റെ രണ്ടാം വാര്‍ഷികദിനത്തില്‍ യു.ഡി.എഫ് നടത്തുന്ന സെക്രട്ടേറിയറ്റ് വളയല്‍ സമരത്തില്‍ എ.ഐ ക്യാമറയിലും കെ ഫോണിലും നടന്ന അഴിമതി പ്രധാന വിഷയമായി ഉയര്‍ത്തിക്കാട്ടും. സര്‍ക്കാരിനെതിരായ ഏറ്റവും വലിയ പ്രതിഷേധ പരിപാടിയായി സെക്രട്ടേറിയറ്റ് വളയല്‍ മാറും.

എ.ഐ ക്യാമറ അഴമിതിയില്‍ വ്യവസായ വകുപ്പിൻ്റെ അന്വേഷണത്തിന് പ്രസക്തിയില്ല. വ്യവസായ മന്ത്രി ഈ പദ്ധതിയെ ന്യായീകരിക്കുകയാണ്, പിന്നെ എങ്ങനെ അന്വേഷണം മുന്നോട്ടു പോകുമെന്ന് അദ്ദേഹം ചോദിച്ചു. ഈ മാസം 20ന് സെക്രട്ടറിയേറ്റിന് മുമ്പില്‍ കോണ്‍ഗ്രസ് പ്രതിഷേധം നടത്തുമെന്നും വിഷയത്തില്‍ നിയമനടപടിയും സ്വീകരിക്കുമെന്നും സതീശന്‍ പറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അഴിമതി പണങ്ങളെല്ലാം ചെന്നുവീഴുന്നത് ഒരേ പെട്ടിയിലാണെന്നും സതീശന്‍ ആരോപിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *