Categories
local news

എന്‍ഡോസള്‍ഫാന്‍ പുനരധിവാസ വില്ലേജ് ആദ്യ ഘട്ടം ജൂണില്‍ പൂര്‍ത്തിയാകും: മന്ത്രി ആര്‍.ബിന്ദു

പുനരധിവാസ വില്ലേജിൻ്റെ ഒന്നാംഘട്ടത്തില്‍ ക്ലിനിക്കല്‍ സൈക്കോളജി ബ്ലോക്ക്, കണ്‍സള്‍ട്ടിംഗ് ആന്റ് ഹൈഡ്രോ തെറാപ്പി ബ്ലോക്ക് എന്നിവയാണ് പൂര്‍ത്തിയാക്കുന്നത്.

കാസർകോട്: മുളിയാറില്‍ നിര്‍മ്മാണം ആരംഭിച്ച എന്‍ഡോസള്‍ഫാന്‍ പുനരധിവാസ വില്ലേജിൻ്റെ ആദ്യ ഘട്ടം നിര്‍മ്മാണം ജൂണില്‍ പൂര്‍ത്തിയാക്കുമെന്ന് സാമൂഹ്യ നീതി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു പറഞ്ഞു. പദ്ധതി പ്രദേശം സന്ദര്‍ശിച്ച് നിര്‍മ്മാണ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

എല്ലാ വിധ തെറാപ്പി സൗകര്യങ്ങളുമുള്ള കേന്ദ്രമാണ് വിഭാവനം ചെയ്തിട്ടുള്ളത്. എന്‍ഡോസള്‍ഫാന്‍ ഇരകളായവര്‍ക്ക് പിന്തുണാ സൗകര്യം ഉറപ്പുവരുത്തുന്ന പുനരധിവാസ വില്ലേജ് ആണ് ഇവിടെ വരുമന്നത്. അതിനാവശ്യമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിശദ പദ്ധതി രേഖ തയ്യാറാക്കി ആവശ്യമായ ഫണ്ട് സമാഹരണം ഉറപ്പാക്കി മുന്നോട്ട് പോകുമെന്നും മന്ത്രി ഡോ.ആര്‍.ബിന്ദു പറഞ്ഞു.

നിലവില്‍ പണിയുന്ന കെട്ടിടത്തിൻ്റെ പ്ലാന്‍ ഉള്‍പ്പെടെ പരിശോധിച്ച മന്ത്രി പുനരധിവാസ വില്ലേജ് പദ്ധതിയില്‍ വരുന്ന നിര്‍മ്മാണങ്ങളെക്കുറിച്ച് വിശദമായ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സമയബന്ധിതമായ നിര്‍മ്മാണ പൂര്‍ത്തീകരണം ആവശ്യപ്പെട്ടിട്ടാണ് മന്ത്രി മടങ്ങിയത്. സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഷീബ മുംതാസ്, കെ.പി.ബീന, എം.അബ്ദുല്ല, എ.മുഹമ്മദ് നൗഫല്‍, റവന്യൂ ഉദ്യോഗസ്ഥര്‍, കരാറുകാരുടെ പ്രതിനിധികള്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

പുനരധിവാസ വില്ലേജിൻ്റെ ഒന്നാംഘട്ടത്തില്‍ ക്ലിനിക്കല്‍ സൈക്കോളജി ബ്ലോക്ക്, കണ്‍സള്‍ട്ടിംഗ് ആന്റ് ഹൈഡ്രോ തെറാപ്പി ബ്ലോക്ക് എന്നിവയാണ് പൂര്‍ത്തിയാക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘമാണ് നിര്‍മ്മാണം ഏറ്റെടുത്ത് നടത്തുന്നത്. നിലവില്‍ സൈറ്റ് ലെവലിംഗ് പൂര്‍ത്തിയായിട്ടുണ്ട്. രണ്ട് ബ്ലോക്കുകളുടെയും ഫൗണ്ടേഷന്‍ പണികള്‍ പുരോഗമിക്കുകയാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *