Categories
national news

സഹപ്രവർത്തകയോട് അരോചകമാകുന്ന വിധം ശരീരഭംഗിയെക്കുറിച്ച് പറയുന്നതും ഡേറ്റിന് വിളിക്കുന്നതും ലൈംഗിക പീഡനത്തിൻ്റെ പരിധിയില്‍; മുംബൈ സെഷൻസ് കോടതി പറയുന്നു

42 വയസുകാരനായ അസിസ്റ്റന്റ് മാനേജരും 30 വയസുകാരനായ സെയിൽസ് മാനേജരും സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയാണ് കോടതി ഉത്തരവ്.

സഹപ്രവർത്തകയോട് അരോചകമാകുന്ന വിധം ശരീരഭംഗിയെക്കുറിച്ച് പറയുന്നതും ഡേറ്റിന് വിളിക്കുന്നതും ലൈംഗിക പീഡനത്തിൻ്റെ പരിധിയില്‍ ഉള്‍പ്പെടുമെന്ന് മുംബൈ സെഷൻസ് കോടതി. ലൈംഗികച്ചുവയോടെ സംസാരിക്കുന്നതും അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നതും കുറ്റകരമാണെന്ന് കോടതി നിരീക്ഷിച്ചു. റിയൽ എസ്റ്റേറ്റ് കമ്പനിയിലെ സഹപ്രവർത്തകയോട് അസിസ്റ്റന്റ് മാനേജരും സെയിൽസ് മാനേജരും മോശമായി പെരുമാറിയെന്നാണ് പരാതി.

കമ്പനിയിലെ ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവാണ് ഹർജി നല്‍കിയത്. 42 വയസുകാരനായ അസിസ്റ്റന്റ് മാനേജരും 30 വയസുകാരനായ സെയിൽസ് മാനേജരും സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയാണ് കോടതി ഉത്തരവ്. കഴിഞ്ഞ ഏപ്രിൽ 24നാണ് യുവതി പോലീസിൽ പരാതി നൽകുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ 354-ാം വകുപ്പ് പ്രകാരം സ്ത്രീയുടെ അഭിമാനത്തെ ചോദ്യം ചെയ്യൽ, 354 എ – ലൈംഗിക അതിക്രമം, 354 ഡി- പിന്തുടർന്ന് ശല്യപ്പെടുത്തുക, 509- സ്ത്രീകളോട് മോശമായ വാക്കുകളോ ആംഗ്യങ്ങളോ കാണിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നും മുൻ‌കൂർ ജാമ്യത്തിൽ പ്രതികളെ വിട്ടയക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികളെ ചോദ്യം ചെയ്തില്ലെങ്കില്‍ കേസിനെയും പരാതിക്കാരിയെയും ബാധിക്കുമെന്നും നിരീക്ഷിച്ചു.

മുൻ‌കൂർ ജാമ്യം ലഭിക്കേണ്ട കേസല്ല ഇതെന്നും വിധിയില്‍ ജഡ്ജ് എ ഇസഡ് ഖാൻ പറഞ്ഞു. സെയിൽസ് മാനേജരും പിതാവും പരാതിക്കാരിയെയും മറ്റ് ജീവനക്കാരെയും സമ്മർദത്തിലാക്കാൻ ശ്രമം നടത്തിയെന്നും കൂടാതെ രണ്ട് പ്രതികളും ചേർന്ന് ജോലി സ്ഥലത്ത് വച്ച് പരാതിക്കാരിയോട് മോശമായി സംസാരിക്കുകയും കേസിൽ നിന്ന് പിന്മാറുന്നതിനായി മാനസിക സമ്മർദം ചെലുത്തിയെന്നും പ്രോസിക്ക്യുഷൻ ആരോപിച്ചിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest