Categories
Kerala national news obitury

സംവിധായകൻ സംഗീത് ശിവൻ മലയാളത്തിൻ്റെ അന്ത്യാഞ്ജലി; ചലച്ചിത്ര സംവിധായകരായ ഭരതനും പത്മരാജനും ഒരുപാട് സ്വാധീനിച്ച കലാകാരൻ

ആദ്യ സംവിധാനം 1990ൽ ചെയ്‌ത ‘വ്യൂഹം’ എന്ന ചിത്രമാണ്

മുംബൈ: ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവൻ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക വിവരം. യോദ്ധ, ഗാന്ധർവ്വം, നിർണ്ണയം തുടങ്ങിയവയാണ് അദ്ദേഹത്തിൻ്റെ പ്രധാന സിനിമകൾ.

1959ൽ ഛായാഗ്രാഹകനും സംവിധായകനും ആയിരുന്ന ശിവൻ്റെയും ചന്ദ്രമണിയുടേയും മകനായി തിരുവനന്തപുരത്തിനടുത്ത് പോങ്ങുമ്മൂട്ടിലാണ് സംഗീത് ശിവൻ ജനിച്ചത്. പഠന ശേഷം 1976ൽ അദ്ദേഹം പരസ്യങ്ങളും ഡോക്യുമെൻ്റെറികളും ചെയ്യുവാൻ ആരംഭിച്ചു. ചലച്ചിത്ര ലോകത്തെ അദ്ദേഹത്തിൻ്റെ ഗുരുക്കന്മാർ അച്ഛനും സഹോദരനുമാണ്.

മലയാള ചലച്ചിത്ര സംവിധായകരായ ഭരതനും പത്മരാജനും അദ്ദേഹത്തെ ഒരുപാട് സ്വാധീനിച്ചിരുന്നു. സഹോദരനായ സന്തോഷ് ശിവനാണ് സ്വന്തമായി ഒരു ചിത്രം എഴുതി സംവിധാനം ചെയ്യുക എന്ന ആശയം സംഗീതിൻ്റെ മനസ്സിൽ പാകുന്നത്.

ആദ്യ സംവിധാനം 1990ൽ രഘുവരനേയും സുകുമാരനേയും കേന്ദ്ര കഥാപാത്രങ്ങളാക്കിചെയ്‌ത ‘വ്യൂഹം’ എന്ന ചിത്രമാണ്. പിന്നീട് മോഹൻ ലാലിനെ നായകനാക്കി ‘യോദ്ധ’ സംവിധാനം ചെയ്‌തു. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി അത് മാറി. പിന്നീട് ഡാഡി, ഗാന്ധർവ്വം, നിർണ്ണയം തുടങ്ങി ആറോളം ചിത്രങ്ങളാണ് സംഗീത് ശിവൻ മലയാളത്തിൽ ഒരുക്കിയത്. ഇഡിയറ്റ്സ് എന്നൊരു ചിത്രം നിർമ്മിക്കുകയും ചെയ്‌തു.

സണ്ണി ഡിയോളിനെ നായകനാക്കിയ ‘സോർ’ എന്ന ചിത്രത്തിലൂടെയാണ് ഹിന്ദിയിലേക്ക് അരങ്ങേറിയത്. എട്ടു ചിത്രങ്ങളാണ് പിന്നീട് ഇദ്ദേഹം ഹിന്ദിയിൽ ഒരുക്കിയത്. അദ്ദേഹത്തിൻ്റെ എല്ലാ മലയാള ചിത്രങ്ങൾക്കും ക്യാമറ ചലിപ്പിച്ചത് സന്തോഷ് ശിവനായിരുന്നു. യോദ്ധ എന്ന ചിത്രത്തിലൂടെ എ.ആർ റഹ്മാനെ മലയാളത്തിൽ എത്തിച്ചതും സംഗീത് ശിവനാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest