Categories
Kerala news

പ്രതി ഡോക്ടർ റുവൈസിൻ്റെ പിതാവ് ഒളിവിൽ; യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ പോലീസ് അന്വേഷണം ഊർജിതമാക്കി

സ്ത്രീധനം നിരന്തരം ആവശ്യപ്പെട്ടത് ഷഹനയുടെ മരണത്തിന് ഇടയാക്കി

യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യ ചെയ്‌ത കേസിലെ പ്രതി പ്രതി ഡോ. റുവൈസിൻ്റെ പിതാവ് ഒളിവിൽ. പൊലീസ് ചോദ്യം ചെയ്യാൻ എത്തിയപ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ കോടതിയിൽ സമർപ്പിക്കും. സുഹൃത്തുക്കളുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും.

കേസിൽ പ്രതി റുവൈസിൻ്റെ വീട്ടുകാർക്കുള്ള പങ്കിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഡോ.ഷഹ്നയുടെ മരണത്തിന് പിന്നാലെ സഹോദരൻ ജാസിം നാസ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

റുവൈസും പിതാവും നിരന്തരം സ്ത്രീധനത്തിന് വേണ്ടി സമ്മർദ്ദം ചെലുത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടെ പിതാവിനെയും കേസിൽ ഉൾപ്പെടുത്താനുള്ള നീക്കമാണ് പൊലീസിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. 14 ദിവസം റിമാൻഡ് ചെയ്‌ത പ്രതിക്കായി കസ്റ്റഡി അപേക്ഷ നൽകുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

കേസിലെ പ്രധാന തെളിവായ റുവൈസിൻ്റെയും ഷഹനയുടെയും മൊബൈൽ ഫോണുകൾ അന്വേഷണസംഘം ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. ഡിലീറ്റ് ചെയ്‌ത ചാറ്റുകൾ അടക്കം വീണ്ടെടുക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് നടപടി.

സ്ത്രീധനം ആവശ്യപ്പെട്ട് ഡോ.ഷഹനയെ മാനസികമായി ബുദ്ധിമുട്ടിച്ചെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സ്ത്രീധനം നിരന്തരം ആവശ്യപ്പെട്ടത് ഷഹനയുടെ മരണത്തിന് ഇടയാക്കി. പ്രതിയുടെ പേര് ആത്മഹത്യാ കുറിപ്പിൽ ഉണ്ട്. റിമാൻഡ് റിപ്പോർട്ടിൽ ഷഹനയുടെ ആത്മഹത്യാ കുറിപ്പിലെ വിശദാംശങ്ങൾ ഉണ്ടെന്നും കണ്ടെത്തി. വ്യാഴാഴ്‌ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈകിട്ടോടെയാണ് കോടതിയില്‍ ഹാജരാക്കിയത്.

വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ റുവൈസ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ‘തൻ്റെ ഭാഗത്തു നിന്ന് ആരെങ്കിലും എപ്പോഴെങ്കിലും എല്ലാ വിശേഷങ്ങളും കേള്‍ക്കും’, എന്നായിരുന്നു ഇയാളുടെ വാക്കുകള്‍.

ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വ്യാഴാഴ്‌ച പുലര്‍ച്ചെയാണ് കരുനാഗപ്പള്ളിയിലെ വീട്ടില്‍നിന്ന് ഡോ. റുവൈസിനെ മെഡിക്കല്‍ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ആത്മഹത്യാപ്രേരണ, സ്ത്രീധന നിരോധന നിയമം അടക്കമുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest