Categories
articles news

കോവിഡ് വാക്‌സിന്‍ വിതരണം ഇന്ത്യയിൽ 2022 അവസാനമായാലും തീരില്ല; എക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് റിപ്പോര്‍ട്ട്

വാക്സിന്‍ വിതരണം ചെയ്യാനുള്ള ഉത്സാഹം തന്നെ ഇക്കാലയളവില്‍ നഷ്ടമായേക്കാമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

കോവിഡിനെതിരെയുള്ള പ്രതിരോധ മരുന്ന് കുത്തിവയ്പ്പ് 2021 ജനുവരി 16നാണ് ഇന്ത്യയില്‍ ആരംഭിച്ചത്. രണ്ടാഴ്ചകള്‍ക്കുള്ളില്‍ 20 ലക്ഷത്തിലധികം പേര്‍ കോവിഡ് വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കാണ് ഇപ്പോള്‍ വിതരണം നടക്കുന്നത്.

പൊതുജനങ്ങള്‍ക്ക് വാക്സിന്‍ എന്ന് ലഭ്യമായി തുടങ്ങുമെന്നതിനെ സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. 2022 അവസാനമായാലും ഇന്ത്യയിലെ പൊതുജനങ്ങളില്‍ പലര്‍ക്കും കോവിഡ് പ്രതിരോധ വാക്‌സീന്‍ ലഭിച്ചേക്കില്ലെന്ന് അടുത്തിടെ പുറത്ത് വന്ന ഒരു റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയില്‍ മാത്രമല്ല മധ്യ വരുമാനക്കാരായ ചൈന ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും സമാനമാകും അവസ്ഥയെന്ന് എക്കണോമിസ്റ്റ് ഗ്രൂപ്പിന്‍റെ ഗവേഷണ വിഭാഗമായ എക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് പുറത്തിറക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

പല വികസ്വര രാജ്യങ്ങളിലും 2023ന് മുന്‍പ് വ്യാപകമായ കുത്തിവയ്പ്പ് നടക്കില്ലെന്ന് എക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് ഡയറക്ടര്‍ അഗതേ ഡെമാറിസ് പറയുന്നു. പാവപ്പെട്ട രാജ്യങ്ങള്‍ക്ക്, പ്രത്യേകിച്ച് ജനസംഖ്യയില്‍ നല്ലൊരു പങ്കും യുവാക്കളുള്ള രാജ്യങ്ങള്‍ക്ക്,വാക്സിന്‍ വിതരണം ചെയ്യാനുള്ള ഉത്സാഹം തന്നെ ഇക്കാലയളവില്‍ നഷ്ടമായേക്കാമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 2023ന് മുന്‍പ് 85ലധികം ദരിദ്ര രാജ്യങ്ങളില്‍ വ്യാപകമായ വാക്സിന്‍ വിതരണം ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest