Categories
articles business channelrb special health Kerala news tourism

ഡോക്ടറും വേണ്ട കുറിപ്പടിയും വേണ്ട; മരുന്നുകളുടെ വില്പനയ്ക്ക് യാതൊരു നിയന്ത്രണങ്ങളും ഇല്ല, സർക്കാർ ആശുപത്രികൾക്ക് മുന്നിൽ സ്വകാര്യ ഫാർമസികൾ നിരവധി, പഠിച്ചവരാണോ മരുന്ന് നൽകുന്നത്?

ഒരു മിസൈൽ തൊടുത്തുവിടുന്നതിന് സമാനമായ എൻജിനിയറിങ്‌ ജോലിയാണ്‌ ഓരോ ഗുളികയുടെയും നിർമാണത്തിൻ്റെ പിന്നിലുള്ളത്.

പീതാംബരൻ കുറ്റിക്കോൽ

ആധുനിക മരുന്നുകളും ഫാർമസികളും നമ്മുടെ ജീവിതത്തിൽ അവഗണിക്കാനാവാത്ത ആവശ്യമായി നിലനിൽക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ അന്താരാഷ്ട്ര നിലവാരവുമായി പൊരുത്തപ്പെടുന്ന മികച്ച ആരോഗ്യ സേവനങ്ങൾ കണ്ടെത്തുന്നതിനാൽ ഇന്ത്യ ആരോഗ്യ ടൂറിസത്തിൻ്റെ മുൻനിരകളിലുണ്ട്. എന്നാൽ അടുത്ത കാലത്തായി മരുന്നുകളുടെ വില്പനയ്ക്ക് യാതൊരു നിയന്ത്രണങ്ങളും ഇല്ലാതായിരിക്കുന്നു.

പഠിച്ചവരാണോ മരുന്ന് തരുന്നത്?

സർക്കാർ മെഡിക്കൽ കോളേജ്, ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രി എന്നിവയ്ക്ക് സമീപം അനവധി സ്വകാര്യ ഫാർമസികളാണ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ മിക്ക ഫാർമസികളിലും അംഗീകൃത കോഴ്സ് പഠിച്ചവരാണോ രോഗികൾക്ക് മരുന്ന് നൽകുന്നതെന്നുള്ള പരിശോധനകളും ഉണ്ടാകുന്നില്ല.

ഒരു ഫാർമസ്യൂട്ടിക്കൽസ് കമ്പനി അല്ലെങ്കിൽ ഒരു വ്യക്തിഗത കെമിസ്റ്റ് സ്റ്റോറിൻ്റെ ബിസിനസ്സ് ആരംഭിക്കണമെങ്കിൽ, വ്യക്തമായ ഒരു പ്രവർത്തന പദ്ധതി തയ്യാറാക്കണം. അതേസമയം, രാജ്യത്ത് നിയമം അനുശാസിക്കുന്ന എല്ലാ നടപടികളും ബാധ്യതകളും നിറവേറ്റണം.

സ്റ്റാൻഡ്–എലോൺ ഫാർമസി ഷോപ്പിനോ മെഡിക്കൽ സ്റ്റോറിനോ ലൈസൻസ് നേടുന്നതിനും മെഡിക്കൽ സ്റ്റോർ ബിസിനസ്സ് നിക്ഷേപം നടത്തുന്നതിനുമുള്ള ചില ആവശ്യകതകൾ ഇതാണ്:

ഫാർമസിസ്റ്റ്: ഒന്നാമതായി, ബി.ഫാം / എം.ഫാം ആയിരിക്കണം. എന്നാൽ രജിസ്ട്രേഷൻ ആവശ്യങ്ങൾക്കായി ഒരു ഫാർമസിസ്റ്റിനെ കണ്ടെത്തി അവരുടെ പേരിൽ ലൈസെൻസ് എടുക്കുകയാണ് ചെയ്യുന്നത്. ഒരു ഫാർമസി ലൈസൻസ് നേടുന്നതിന് കുറഞ്ഞത് ഒരു ഫാർമസിസ്റ്റിൻ്റെ യോഗ്യതാ തെളിവ് ആവശ്യമുണ്ട്. ലൈസൻസ് കിട്ടിക്കഴിഞ്ഞാൽ മിക്ക മെഡിക്കൽ സ്റ്റോറുകളിലും ഫാർമസിസ്റ്റുകൾ ഉണ്ടാകാറില്ല. ഉള്ളവരാണെങ്കിൽ യൂണിഫോം ഉപയോഗിക്കാറുമില്ല.

ബിസിനസ്സിൻ്റെ വ്യാപ്തി: പരമ്പരാഗത ആൻറിബയോട്ടിക്കുകൾക്ക് നിരവധി ബദലുകൾ ഉയർന്നു വരുന്നതിനാൽ, എല്ലാ സാധ്യതകളും ഗവേഷണം ചെയ്ത് പര്യവേക്ഷണം ചെയ്യുന്നത് നല്ലതാണ്. പ്രകൃതിദത്ത മരുന്നുകളുടെ മഹത്തായ പാരമ്പര്യമാണ് ഇന്ത്യയിലുള്ളത്. കാരണം, വേദങ്ങളും സംഹിതകളും നിരവധി രോഗശാന്തി ഉറവിടങ്ങൾ നൽകുന്നു. യുനാനി, സിദ്ധ, ആയുർവേദം, ഹോമിയോപ്പതി എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ വ്യത്യസ്ത തരം മരുന്നുകളുടെ സംയോജനം പ്രദാനം ചെയ്യുന്ന ഒരു സംയോജിത ഫാർമസിയിലേക്കും പലരും ചുവടുമാറ്റിയിട്ടുണ്ട്.

മരുന്നിൻ്റെ അമിത ഉപയോഗം

സുരക്ഷിതവും ഫലപ്രദവുമായ മരുന്നുപയോഗത്തിന് കൃത്യത പാലിക്കുകയാണ് പരമപ്രധാനം. കൃത്യമായ ആവശ്യത്തിനും അളവിലും സമയത്തും രീതിയിലും മരുന്നു കഴിച്ചാൽ മാത്രമേ രോഗം നിയന്ത്രിക്കാനും മാറ്റാനും സാധിക്കുകയുള്ളു. ഓരോ മരുന്നുകളും രോഗിയുടെ ശരീരത്തിനുള്ളിൽ എങ്ങനെ കടക്കണമെന്നും ഏതുഘട്ടത്തിലാണ്- വിഘടിക്കേണ്ടതെന്നും അവയവങ്ങളിൽ എപ്പോഴാണ് പ്രവേശിക്കേണ്ടതും എന്നെല്ലാമുള്ള രൂപകൽപ്പന ചെയ്‌തിട്ടുണ്ട്. ഒരു മിസൈൽ തൊടുത്തുവിടുന്നതിന് സമാനമായ എൻജിനിയറിങ്‌ ജോലിയാണ്‌ ഓരോ ഗുളികയുടെയും നിർമാണത്തിൻ്റെ പിന്നിലുള്ളത്.

കൃത്യമായ അളവിലും സമയത്തും ആന്റിബയോട്ടിക്കുകൾ കഴിച്ചാൽ മാത്രമേ രോഗാണുക്കളെ നശിപ്പിക്കാൻ കഴിയുകയുള്ളൂ. ചില സൂക്ഷ്‌മ ജീവികളുടെ വളർച്ച തടയാനും നശിപ്പിക്കാനും ശേഷിയുള്ള രാസപദാർഥങ്ങൾ വേർതിരിച്ചെടുത്താണ് രോഗകാരികളായ മറ്റു സൂക്ഷ്‌മാണുക്കൾക്ക് എതിരെ ആന്റിബയോട്ടിക് മരുന്നായി ഉപയോഗിക്കുന്നത്. അശാസ്‌ത്രീയമായി ഉപയോഗിക്കുന്നതിലൂടെ രോഗാണുക്കൾ മരുന്നിനെതിരെ പ്രതിരോധശേഷി കൈവരിക്കുന്നതാണ് ആന്റിബയോട്ടിക് റസിസ്റ്റന്റ്എന്നുപറയുന്നത്. ഇങ്ങനെയുള്ള രോഗാണുക്കളെ മരുന്നുകൾ കൊണ്ട് നശിപ്പിക്കാൻ കഴിയാതെ വരുകയും രോഗം മാറാത്ത അവസ്ഥയിലേക്കും രോഗിയുടെ മരണത്തിനുപോലും കാരണമാകുന്നു.

എല്ലാ സംശയങ്ങളും ഫാർമസിസ്റ്റുമാരിൽ നിന്ന് ചോദിച്ചു മനസ്സിലാക്കി മാത്രം മരുന്ന് വാങ്ങി കഴിക്കേണ്ടതാണ്. ഭക്ഷണത്തിന് മുമ്പാണോ ശേഷമാണോ, രണ്ട്‌ മരുന്ന്‌ ഒന്നിച്ചു കഴിക്കാൻ പാടുള്ളതാണോ, എല്ലാ ഭക്ഷണത്തോടൊപ്പവും എല്ലാ മരുന്നുകളും കഴിക്കാൻ പാടുണ്ടോ തുടങ്ങിയ ഒട്ടനവധി കാര്യങ്ങൾ മരുന്നു കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്.

സ്വയം ഡോക്ടറാവുന്നവർ

ശാസ്ത്രം വളർന്ന ഇക്കാലത്ത് നമ്മുടെ ഉള്ളംകൈയ്യിൽ തന്നെ ഡോക്ടറുണ്ട്. ആരാണെന്നല്ലേ? ഡോ. ഗൂഗിൾ തന്നെയാണ്. മിക്കയാളുകളും അസുഖം വരുമ്പോൾ അവരുടെ ഫാമിലി ഡോക്ടറെ തേടി പോകുന്നതിനു മുമ്പ് ആദ്യം ചെല്ലുന്നത് ഈ ഗൂഗിൾ ഡോക്ടറുടെ അടുത്തായിരിക്കും. കാരണം രോഗങ്ങളെപ്പറ്റിയും ഫലപ്രദമായ മരുന്നുകളെ കുറിച്ചുമുള്ള വിവരങ്ങളെല്ലാം വേഗത്തിൽ അറിയാൻ ഇൻ്റർനെറ്റ് സാങ്കേതിക വിദ്യയുണ്ട്. ചെറിയ പനി വന്നാൽ പോലും എങ്ങനെ സുഖപ്പെടുത്തണം എന്നതിൽ തുടങ്ങി ക്യാൻസറിനെവരെ ചികിത്സിക്കാനുള്ള കുറുക്കു വഴികൾ വരെ ഇൻറർനെറ്റിൽ സുലഭമാണ്. ആരോഗ്യത്തെ സംബന്ധിച്ച എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ ഇൻ്റർനെറ്റിലുണ്ട് എന്നർഥം. ലക്ഷണങ്ങൾ തിരഞ്ഞുപിടിച്ച് സ്വയമേ രോഗനിർണയവും നടത്തി അതിനുള്ള മരുന്നും സ്വയമേ തേടിപ്പിടിക്കുന്നവരായി മാറുന്നു ആധുനിക സമൂഹം.

ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ മെഡിക്കൽ സ്റ്റോറിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നു പലരും. രോഗാവസ്ഥയുടെ തീവ്രതയോ അല്ലെങ്കിൽ കഴിക്കുന്ന മരുന്നുകളുടെ യഥാർത്ഥ ആവശ്യകതയോ മനസ്സിലാക്കാതെയാണ് ഇത് ചെയ്യുന്നത്. അവശേഷിക്കുന്ന മരുന്നുകൾ സൂക്ഷിച്ചു വയ്ക്കുകയും സ്വയം ചികിത്സക്കായി വീണ്ടും വീണ്ടും ഉപയോഗിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ഉപയോഗം ശാരീരിക സ്ഥിതിക്ക് അനുയോജ്യമല്ല.

മരുന്ന് തിന്നാതെന്ത് ജീവിതം?

ഇടയ്ക്കിടെ മരുന്ന് കഴിച്ചില്ലെങ്കിൽ പലർക്കും മനസമാധാനം ഇല്ല. ഒരുപിടി ഗുളിക കഴിച്ചാലേ അസുഖം ഭേദമാകൂ എന്ന തോന്നലും പെട്ടെന്ന് മാറുകയും വേണം. മരുന്ന് കൃത്യമായ അളവിലല്ലാതെ കഴിക്കുന്നത് മനുഷ്യ ശരീരത്തെ ഗുരുതരമായാണ് ബാധിക്കുന്നത്. വൃക്കകൾ ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുകയും ശരീരത്തിൻ്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുകയും ചെയ്യുന്നു. എന്നാൽ അനവസരത്തിലും അധികമായും മരുന്നുകൾ ശരീരത്തിലെത്തുന്നത് വൃക്കകളിലേയ്‌ക്കുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുത്തും. അലർജിക്കും മറ്റും കാരണമാവുകയും ക്രമേണ വൃക്കകൾക്ക് തകരാറ് സംഭവിക്കുകയും ചെയ്യുന്നു. കൂടാതെ ഹൃദയാഘാത സാദ്ധ്യത വർദ്ധിക്കുകയും ചെയ്യും.

ചെറിയ അസുഖങ്ങൾക്ക് പോലും അമിതമായി മരുന്നുകളെ ആശ്രയിക്കുന്നത് ക്രമേണ മരുന്നുകൾ ഉപയോഗിക്കുമ്പോൾ തലവേദന ഉണ്ടാകും. വേദനസംഹാരികളുടെ അമിത ഉപയോഗം അതിന് അടിമപ്പെടുന്നതിനും മരുന്നുകളോട് ഉള്ള ആസക്തിയ്‌ക്കും കാരണമാകുന്നു. ചെറിയ ബുദ്ധിമുട്ടുകൾക്ക് പോലും വേദന സംഹാരികളെയും മറ്റ് മരുന്നുകളെയും ആശ്രയിക്കേണ്ട സ്ഥിതിയിലേക്ക് എത്തുന്നു.
അമിതമായി ഒരു വ്യക്തി ഏതെങ്കിലും ആന്റിബയോട്ടിക്കുകളെ ആശ്രയിക്കുന്നത് വലിയ അപകടത്തിന് കാരണമാകും. തൽഫലമായി ശരീരം മരുന്നുകളോട് പ്രതികരിക്കുന്നത് നിർത്തുന്നു.

വൈദ്യശാസ്ത്രം അനിശ്ചിതത്വത്തിൻ്റെ ശാസ്ത്രവും സാധ്യതയുടെ കലയുമാണ്. വില്യം ഓസ്ലർ പറഞ്ഞതാണിത്. സാമ്പത്തിക ചക്രങ്ങളെ ബാധിക്കാത്ത രാജ്യത്തെ നിത്യഹരിത ബിസിനസാണ് ഫാർമസി. ഫാർമസ്യൂട്ടിക്കൽ വ്യവസായം ആഗോള ഫാർമസ്യൂട്ടിക്കൽ വിപണിയിൽ ഇന്ത്യ നാലാം സ്ഥാനത്തും മൂല്യത്തിൽ 13 ആം സ്ഥാനത്തുമാണ്. കയറ്റുമതി 2.6 ബില്യൺ യു.എസ് ഡോളറാണ്, കൂടാതെ ആഭ്യന്തര വിൽപ്പന 4 മില്യൺ യുഎസ് ഡോളറിലധികം. കോർപ്പറേറ്റ് ആശുപത്രികളുടെയും മൾട്ടി–സ്പെഷ്യാലിറ്റി ആശുപത്രികളുടെയും വർദ്ധിച്ചുവരുന്ന ജനപ്രീതി ഇന്ത്യയിലെ ആരോഗ്യ സംരക്ഷണ, ഫാർമസി ബിസിനസിൽ വളരെയധികം വളർച്ച കൈവരിച്ചു. കുറഞ്ഞ മൂലധന നിക്ഷേപവും കുറഞ്ഞ സ്ഥലവും ആവശ്യമുള്ള ഫാർമസി ബിസിനസ്സ് മേഖല ഇന്ത്യയിലുടനീളമുള്ള നിരവധി കുത്തകമുതലാളിമാരാണ് അടക്കിവാഴുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest