Categories
local news

നിയമസഹായമെന്നത് ഭരണഘടനാവകാശമാണ്; നിയമത്തെക്കുറിച്ചറിയാന്‍ സാമാന്യയുക്തി മതി: ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍

എല്ലാ നിയമപുസ്തകങ്ങളും ഇപ്പോള്‍ മലയാളത്തില്‍ ലഭ്യമാണ്. കുറ്റകൃത്യങ്ങളുടെ സ്വഭാവമനുസരിച്ചാണ് വിധികള്‍ ഉണ്ടാകുന്നത്.

കാസർകോട്: നിയമം എന്നത് സാമാന്യയുക്തിയാണെന്നും എല്ലാവര്‍ക്കും മനസിലാകുന്ന സാമാന്യയുക്തിയുടെ ലിഖിത രൂപമാണ് നിയമപുസ്തകങ്ങളെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്.പി.വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. ആസാദി കാ അമൃത് മഹോത്സത്തിൻ്റെ ഭാഗമായി ജില്ലാ നിയമസേവന അതോറിറ്റി നടത്തിവരുന്ന വിവിധ പരിപാടികളുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാ നിയമപുസ്തകങ്ങളും ഇപ്പോള്‍ മലയാളത്തില്‍ ലഭ്യമാണ്. കുറ്റകൃത്യങ്ങളുടെ സ്വഭാവമനുസരിച്ചാണ് വിധികള്‍ ഉണ്ടാകുന്നത്. ഓരോ കുറ്റകൃത്യങ്ങളെക്കുറിച്ചും സാധാരണ മനുഷ്യര്‍ക്ക് ചിന്തിച്ച് കഴിഞ്ഞാല്‍ തന്നെ നിയമ അവബോധം ഉണ്ടാകും. നിയമസഹായമെന്നത് ഭരണഘടനാവകാശമാണ്. അതിനെ അറിയുകയും പ്രചരിപ്പിക്കുകയം ഉപയോഗപ്പെടുത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
ഡി.എല്‍.എസ്.എ നല്‍കുന്ന സേവനങ്ങളെക്കുറിച്ച് ഹൊസ്ദുര്‍ഗ് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി തയ്യാറാക്കിയ ഹ്രസ്വ ചിത്രങ്ങള്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു.

ഒന്നരമാസം ദൈർഘ്യമുള്ള നിയമബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായ അഭിഭാഷകര്‍, പാരാ ലീഗല്‍ വളണ്ടിയര്‍മാര്‍, എന്‍.ജി.ഒകള്‍ തുടങ്ങിയവരെ ആദരിച്ചു. ജില്ലാ സെഷന്‍സ് ജഡ്ജ് പി.വി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, സബ് കളക്ടര്‍ മേഖശ്രീ.ഡി.ആര്‍, എ.എസ്.പി ഹരിശ്ചന്ദ്ര നായക്ക്, ഹൊസ്ദുര്‍ഗ് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാന്‍(സ്‌പെഷ്യല്‍ ജഡ്ജ്) സി.സുരേഷ്‌കുമാര്‍, കാസര്‍കോട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എം.നാരായണ ഭട്ട്, ജില്ലാ ഗവ.പ്ലീഡര്‍ ദിനേശ് കുമാര്‍.കെ എന്നിവര്‍ സംസാരിച്ചു. ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറി (സബ് ജഡ്ജ്) ഷുഹൈബ്.എം സ്വാഗതവും സെക്ഷന്‍ ഓഫീസര്‍ ദിനേശ.കെ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest