Categories
channelrb special international news

സ്ത്രീകളിലെ ചേലാകര്‍മ്മം; യൂണിസെഫിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ടില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

സ്ത്രീ ലൈംഗിക അവയവത്തിൻ്റെ ഘടനയില്‍ മാറ്റം വരുത്തുന്നതാണ് ചേലാകർമ്മം

ലോകമെമ്പാടുമുള്ള 23 കോടി സ്ത്രീകള്‍ ചേലാകർമ്മത്തിന് ഇരയായിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. ചേലാകർമ്മത്തിന് ഇരയാകുന്ന സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും എണ്ണം വർധിച്ച്‌ വരികയാണെന്നും യൂണിസെഫിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ടില്‍ പറയുന്നു. ലോകത്തിൻ്റെ മിക്ക ഭാഗങ്ങളിലും ഇത് നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും, ഈ ആചാരം ഇപ്പോഴും നിർഭയമായി തുടരുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

2016നെ അപേക്ഷിച്ച്‌, ‘പരിച്ഛേദന’യ്‌ക്ക് വിധേയരായ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും എണ്ണം കഴിഞ്ഞ എട്ട് വർഷത്തിനിടെ മൂന്ന് കോടി വർദ്ധിച്ചു, അതായത് ഏകദേശം 15 ശതമാനമാണ് ഇക്കാലയളവിലെ വർദ്ധനവ്.

ലോകത്തിലെ 92-ലധികം രാജ്യങ്ങളില്‍ ഈ രീതി തുടരുന്നു. സ്ഥിതിവിവര കണക്കുകള്‍ പ്രകാരം, 14.4 കോടിയിലധികം കേസുകളുള്ള ആഫ്രിക്കൻ രാജ്യങ്ങളാണ് ഇതില്‍ മുന്നില്‍ ഏഷ്യയില്‍ എട്ട് കോടി കേസുകളും മിഡില്‍ ഈസ്റ്റില്‍ ആറ് ദശലക്ഷത്തിലധികം കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ചേലാകർമ്മ സമയത്ത് പെണ്‍കുട്ടികള്‍ക്ക് വൈദ്യസഹായം പോലും ഉണ്ടായിരുന്നില്ല എന്നതാണ് ഏറ്റവും ആശങ്കാജനകമായ കാര്യമെന്നും റിപ്പോർട്ടില്‍ പറയുന്നു.

സ്ത്രീ ലൈംഗിക അവയവത്തിൻ്റെ ഘടനയില്‍ മാറ്റം വരുത്തല്‍ (ഫീമെയില്‍ ജെനിറ്റല്‍ മ്യൂട്ടിലേഷൻ) എന്നാണ് ഐക്യരാഷ്ട്ര സഭ ചേലാകർമ്മത്തിന് നല്‍കിയ പേര്. സ്ത്രീകളില്‍ ചേലാകർമ്മം ചെയ്യുന്നത് 2030ഓടെ തുടച്ചു നീക്കുമെന്ന് ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിട്ടുണ്ട്. യു.എൻ.എഫ്.പി.എയും, യു.എൻ.ഐ.സി.ഇ.എഫും (UNFPA- UNICEF) സംയുക്തമായി ആഗോളതലത്തില്‍ ചേലാകർമ്മം ഇല്ലാതാക്കാനുള്ള പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.

അടുത്ത കാലത്തായി ഏറെ വിവാദങ്ങള്‍ക്കും, തുടർന്നുള്ള പഠനങ്ങള്‍ക്കും വിധേയമായ ഒരു ആചാരമാണ് സ്ത്രീകളിലെ ചേലാകർമ്മം (ഫീമെയില്‍ ജെനിറ്റല്‍ മൂട്ടിലേഷൻ). ചേലാകർമ്മം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും ശക്തമായി നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയിലും കേരളത്തിലും ചേലാകർമ്മം വ്യാപകമായി നടന്നിരുന്നു.

സ്ത്രീകളില്‍ ചേലാകർമ്മം

സ്ത്രീ ലൈംഗിക അവയവത്തിൻ്റെ ഘടനയില്‍ മാറ്റം വരുത്തുന്നതാണ് ചേലാകർമ്മം. ആരോഗ്യപരമായ കരണങ്ങളാലല്ലാതെ, സ്ത്രീയുടെ ലൈംഗിക അവയവം ഭാഗികമായോ, പൂർണ്ണമായോ മുറിച്ചു മാറ്റുന്നതിനെയോ, മുറിവേല്‍പ്പിക്കുകയോ ചെയ്യുന്നതിനെയാണ് ചേലാകർമ്മം എന്ന് വിളിക്കുന്നത്. സ്ത്രീ ലൈംഗിക അവയവത്തിലെ ക്ലിറ്റോറിയസ്, ഗുഹ്യഭാഗത്തെ തൊലി മുറിച്ചു കളയുന്നതിലൂടെ ലൈംഗിക വികാരം കുറയുമെന്നാണ് ഇവരുടെ വാദം. സ്ത്രീകളുടെ ലൈംഗിക അവയവം ശുചിയാക്കാനാണെന്നാണ് മറ്റൊരു വാദം. 10 കോടിയിലധികം സ്ത്രീകള്‍ ചേലാകർമ്മത്തിന് വിധേയരായിട്ടുണ്ട് എന്ന റിപ്പോർട്ടുകള്‍.
എങ്ങനെ?

പ്രായമായ സ്ത്രീകള്‍ കത്തി, ബ്ലേഡ്, ഉളി തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിച്ചാണ് ചേലാകർമ്മം ചെയ്‌തു കൊടുക്കുന്നത്. നിയമവിരുദ്ധ പ്രവർത്തനമായത് കൊണ്ട് ആശുപത്രികളില്‍ ഇത് ചെയ്യില്ല. മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ മാത്രമല്ല, ക്രിസ്ത്യൻ, ജൂത മതങ്ങളില്‍പ്പെട്ട സ്ത്രീകള്‍ക്കിടയിലും ചേലാകർമ്മം നടക്കുന്നതായും പറയപ്പെടുന്നു. മാതാപിതാക്കള്‍ മുൻകൈയെടുത്താണ് പലപ്പോഴും ചേലാകർമ്മം നടത്താറുള്ളത്. ഇസ്ലാം മതത്തില്‍ ചേലാകർമ്മം ചെയ്യാൻ നിർബന്ധിക്കുന്നുണ്ടോ ഇല്ലയോ എന്ന ചർച്ചയില്‍ ഇപ്പോഴും സംവാദങ്ങള്‍ തുടരുകയാണ്.

തുടർന്നുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍

ചേലാകർമ്മത്തിന് വിധേരായ പെണ്‍കുട്ടികളില്‍ മാസമുറ താളം തെറ്റുക, ലൈംഗികാവയവത്തിന് കഠിനമായ വേദന, അമിത രക്തസ്രാവം, ഗർഭധാരണത്തില്‍ പ്രശ്‌നങ്ങള്‍, മൂത്രമൊഴിക്കുമ്പോള്‍ വേദന, അണുബാധ തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടുവരുന്നു. മനസികാരോഗ്യം അവതാളത്തിലാകുന്ന ഗുരുതര പ്രശ്‌നത്തിനും ഇടയാക്കും.

ആർത്തവരക്തം പോകാനും, മൂത്രമൊഴിക്കാനും മാത്രമായി ചെറിയ ഒരു ദ്വാരം മാത്രമാണ് ചേലാകർമ്മത്തിന് ശേഷം ഉണ്ടാവുക. രണ്ടുവശത്തെ തൊലികള്‍ ചേർത്ത് ദ്വാരത്തിൻ്റെ ബാക്കി ഭാഗം തുന്നികെട്ടുന്ന രീതി ചിലയിടങ്ങളിലുണ്ട്. കല്യാണം കഴിഞ്ഞ ശേഷം മാത്രമേ തുന്നിക്കെട്ട് അഴിക്കുകയുള്ളു. സ്വയംഭോഗം ചെയ്യാതിരിക്കാനും, വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധങ്ങളില്‍ നിന്ന് സ്ത്രീകളെ തടയാനുമാണിത്.

UNICEF Data, Female Genital Mutilation: A global concern, https://data.unicef.org

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest