Categories
news

ഓരോ കായിക ഇനങ്ങള്‍ക്കും ജാതി തിരിച്ച് ടീം; വിവാദമായി തിരുവനന്തപുരം നഗരസഭയുടെ സ്‌പോര്‍ട്‌സ് ടീം പദ്ധതി

ജാതിയും വര്‍ഗീയതയും വേണ്ടെന്നും അത് പറയരുത് എന്നും പറയുന്ന പാര്‍ട്ടി, ഒരു സ്‌പോര്‍ട്‌സ് ടീം ഉണ്ടാക്കുമ്പോള്‍ എന്തിനാണ് ഈ വേര്‍തിരിവ്

തിരുവനന്തപുരം നഗരസഭയുടെ സ്‌പോര്‍ട്‌സ് ടീം പദ്ധതിക്കെതിരെ വ്യാപക വിമര്‍ശനം. ഓരോ കായിക ഇനങ്ങള്‍ക്കും ജാതി തിരിച്ച് ടീം രൂപീകരിക്കുന്ന വിവരം മേയര്‍ ആര്യ രാജേന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതോടെ മേയറുടെ പോസ്റ്റില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ഫുട്‌ബോള്‍, ഹാന്‍ഡ് ബോള്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, അത്‌ലറ്റിക്‌സ് എന്നീ കായിക ഇനങ്ങളില്‍ നഗരസഭ ഔദ്യോഗികമായി ടീം രൂപീകരിക്കുമെന്ന വിവരം ഫേസ്ബുക്കിലൂടെയാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ പങ്കുവെച്ചത്. ഓരോ ടീമിലും 25 കുട്ടികള്‍ ഉണ്ടാകും. ജനറല്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും എസ്.സി/എസ്.ടി വിഭാഗത്തിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും ആണ് ഓരോ കായിക ഇനത്തിലും ഉണ്ടാവുകയെന്നാണ് മേയര്‍ പറഞ്ഞത്.

കായിക രംഗത്ത് പോലും ജാതി തിരിക്കുന്ന ഈ നടപടിക്ക് എതിരെയാണ് സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം ഉയരുന്നത്. ജാതിയും വര്‍ഗീയതയും വേണ്ടെന്നും അത് പറയരുത് എന്നും പറയുന്ന പാര്‍ട്ടി, ഒരു സ്‌പോര്‍ട്‌സ് ടീം ഉണ്ടാക്കുമ്പോള്‍ എന്തിനാണ് ഈ വേര്‍തിരിവ് എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം.

അതേസമയം, നഗരത്തിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്നതും കായിക അഭിരുചി ഉള്ളതുമായ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെ ട്രയല്‍സ് നടത്തിയാണ് പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നത്. ഇതിലേക്കായി വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ജനറല്‍ ഫണ്ട് ഉപയോഗിച്ചും എസ്.സി ഫണ്ട് ഉപയോഗിച്ചും പദ്ധതികള്‍ നടപ്പിലാക്കി വരുന്നു എന്ന് ആര്യ വിശദീകരണം നൽകിയിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest