Categories
local news

കാസര്‍കോട് ജില്ലയുടെ ആദ്യ വനിതാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് മെയ് 15 നു പടിയിറങ്ങും; കെ.ഇന്‍പശേഖര്‍ പുതിയ കളക്ടര്‍

വിവിധ തലങ്ങളില്‍ നടത്തിയ യോഗങ്ങളിലൂടെയും മികച്ച പ്രാദേശിക ആസുത്രണത്തിലൂടെയും കോവിഡ് വ്യാപനം തടയുന്നതില്‍ കളക്ടറുടെ നേതൃത്വം ഏറെ സഹായകരമായി

കാസർകോട്: ജില്ലയുടെ ആദ്യത്തെ വനിതാ കളക്ടര്‍ മെയ് 15 നു പടിയിറങ്ങും. രണ്ടു വര്‍ഷത്തെ സേവനത്തിനുശേഷമാണ് കേരള ജല അതോറിറ്റി എം.ഡിയായി കളക്ടര്‍ കാസര്‍കോട് ജില്ലയില്‍നിന്ന് മടങ്ങുന്നത്. 2021 ജൂലൈ 13നാണ് ജില്ലയുടെ 24-മത് കളക്ടറായി ചുമതലയേറ്റത്. രണ്ടാം കോവിഡ് തരംഗത്തിനിടെയാണ് കളക്ടര്‍ ജില്ലയില്‍ സ്ഥാനമേല്‍ക്കുന്നത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കളക്ടര്‍ നടത്തിയ ഇടപെടലുകള്‍ ഏറെ പ്രശംസ പിടിച്ചുപറ്റി. വിവിധ തലങ്ങളില്‍ നടത്തിയ യോഗങ്ങളിലൂടെയും മികച്ച പ്രാദേശിക ആസുത്രണത്തിലൂടെയും കോവിഡ് വ്യാപനം തടയുന്നതില്‍ കളക്ടറുടെ നേതൃത്വം ഏറെ സഹായകരമായി. കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം കൃത്യമായി എത്തിക്കുന്നതിന് കളക്ടര്‍ ഇടപെടലുകള്‍ നടത്തി. വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ സംവിധാനമൊരുക്കി നടപടികള്‍ കൂടുതല്‍ സുതാര്യമാക്കി.

എന്‍ഡോസള്‍ഫാന്‍ ദുരിതം വിതച്ച കാസര്‍കോടിൻ്റെ മണ്ണില്‍ ദുരിതബാധിതര്‍ക്കായി ആശ്വാസത്തിൻ്റെ പുതിയ അന്തരീക്ഷം സൃഷ്ടിക്കാനും കളക്ടര്‍ക്ക് കഴിഞ്ഞു. സുപ്രീംകോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തില്‍ 7171 ദുരിതബാധിതരിലേക്ക് അഞ്ച് ലക്ഷം രൂപ വീതം എത്തിക്കാന്‍ നടത്തിയ ശ്രദ്ധേയമായ ഇടപെടലുകള്‍ ഏവരുടെയും ആദരവിന് പാത്രമായി. ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളും സന്ദര്‍ശിച്ച് വില്ലേജ് ഓഫീസുകളിലെ നടപടിക്രമങ്ങള്‍ വിലയിരുന്നതിനൊപ്പം പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിച്ച് അവ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈകൊണ്ടു.

വില്ലേജ് സന്ദര്‍ശനത്തിൻ്റെ തുടര്‍ നടപടി അവലോകനം ചെയ്യാന്‍ ആഴ്ച തോറും വില്ലേജ് ഓഫീസര്‍മാരുടെ യോഗം നടത്തി. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളിലും ജില്ലാ കളക്ടറുടെ കൈയൊപ്പ് എടുത്ത് പറയേണ്ടതാണ്. ദുരന്ത നിവാരണ നിയമം ഉപയോഗിച്ചും മാലിന്യനിര്‍മാര്‍ജനത്തിന് തദ്ദേശസ്ഥാപനങ്ങളെ മുന്നിട്ടിറങ്ങാന്‍ പ്രേരണ നല്‍കി. പ്രകൃതി ദുരന്തങ്ങള്‍ അനുഭവപ്പെട്ട സ്ഥലങ്ങളില്‍ നേരിട്ട് എത്തി നടത്തിയ ഇടപെടലുകള്‍ ഏറെ ആശ്വാസകരമായി.

ഭൂരഹിത പട്ടിക വര്‍ഗക്കാര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനും നടപടി ശക്തമാക്കി. പരവനടുക്കം ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്ക് രക്ഷാധികാരിയും കൂട്ടുകാരിയുമായിരുന്നു കളക്ടര്‍. ഇത്തരത്തില്‍ ജില്ലയിലെ സമസ്ത മേഖലകളിലും ഇടപ്പെട്ട ജനകീയ കളക്ടറായിരുന്നു ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് . കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സിലിൻ്റെ നേതൃത്വത്തില്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിന് യാത്രയയപ്പ് നല്‍കി. മെയ് 15 വരെ കളക്ടറുടെ സേവനം ജില്ലയില്‍ ഉണ്ടാകും. രജിസ്ട്രേഷന്‍ ഐ.ജിയായ കെ.ഇന്‍പശേഖര്‍ ആണ് പുതിയ കാസര്‍കോട് ജില്ലാ കളക്ടര്‍.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest