Categories
articles local news

ചക്കര ബസാറിൽ ചിതറി കിടന്ന വ്യാപാരികളെ ഒരു കുടക്കീഴിൽ അണിനിരത്തി; അവരുടെ എല്ലാ പ്രശ്നങ്ങളിലും സജീവമായി ഇടപ്പെട്ടു; സാമ്പത്തികമായി പലരേയും സഹായിച്ചു; അകാലത്തിൽ അകന്നുപോയ ഞങ്ങളുടെ റഹീംച്ച; കാസർകോടിൻ്റെ സാംസ്ക്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോഴായിരുന്നു മരണം

മരണങ്ങൾ കടന്നു വരുന്നത് മുന്നറിയിപ്പില്ലാതെയാണല്ലോ..? നിനച്ചിരിക്കാതെ ചില വ്യക്തികളുടെ മരണം ആയുസ് മുഴുവനും ഓർമ്മയിൽ തങ്ങി നിൽക്കും. വർഷം എട്ട് പിന്നിടുമ്പോഴും ഞങ്ങളുടെ പ്രിയപ്പെട്ടവരായിരുന്ന എ.എം.എ റഹീംച്ചയുടെ മരണം ഓർമ്മയിൽ ഒരായിരം തവണയാണ് എത്തുന്നത്. നെല്ലിക്കുന്ന് പ്രദേശത്ത് മാത്രമല്ല കാസർകോടിൻ്റെ സാംസ്ക്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോഴായിരുന്നു അദ്ദേഹത്തെ മരണം കൈപിടിച്ച് കൊണ്ടു പോയത്. ആദ്യകാലത്ത ഏറ്റവും വലിയ മാർക്കറ്റായിരുന്നു ചക്കര ബസാർ. ചക്കര ബസാറിലൂടെ ഒന്ന് നടന്നാൽ ദുബായിലെ ഏതെങ്കിലും ഒരു സ്ട്രീറ്റിലൂടെ നടന്നുപോയ അനുഭവമായിരിന്നു. ചക്കര ബസാറിലൂടെയാണ് റഹീംച്ച വ്യാപാരത്തിന് തുടക്കമിടുന്നത്. പതിയെ ആ വ്യാപാരം വലിയ നിലയിലായി. ചക്കര ബസാറിൽ നിന്ന് പിന്നീട് അദ്ദേഹം പഴയ പ്രസ് ക്ലബ്ബ് ജംഗ്ഷനിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ വലിയൊരു ഇലക്ട്രോണിക്ക് കട തുറന്നു.

ചക്കര ബസാറിൽ ചിതറി കിടന്ന വ്യാപാരികളെ ഒരു കുടക്കീഴിൽ അണിനിരത്തി. അവരുടെ എല്ലാ പ്രശ്നങ്ങളിലും സജീവമായി ഇടപ്പെട്ടു. സാമ്പത്തികമായി പലരേയും വ്യാപാരത്തിൽ സഹായിച്ചു. വ്യാപാരികളുടെ ആവശ്യങ്ങൾ അധികാര വർഗത്തിന് മുന്നിൽ അവതരിപ്പിച്ചു. അദ്ദേഹത്തിൻ്റെ ഈ ഏകോപനം വ്യാപാരി വ്യവസായികൾക്കിടയിൽ മതിപ്പുളവാക്കി. വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ സംഘടനകളിൽ സ്ഥാനങ്ങൾ തേടിയെത്തുകയും നിറസാന്നിധ്യമാവുകയും ചെയ്തത് അദ്ദേഹം ചെയ്ത പ്രവൃത്തികളുടെ പരിണിത ഫലം കൊണ്ടായിരുന്നു. സംഘടനയുടെ കാസർകോട് യൂണിറ്റിൻ്റെയും ജില്ലാകമ്മിറ്റിയുടെയും പ്രവർത്തനങ്ങളിൽ സാമ്പത്തിക കാര്യങ്ങളിലും, നിർമ്മാണ പ്രവർത്തനങ്ങളിലും സജീവമായി ഇടപ്പെട്ടു. അവസാനവാക്ക് പ്രിയപെട്ട റഹിമിച്ചയുടെതായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ സധൈര്യം മുന്നോട്ട് പോകാൻ നേതാക്കൾക്ക് എന്നും പ്രചോദനമായത് അദ്ദേഹത്തിൻ്റെ നിശ്ചയദാർഡ്യവും ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകളുമായിരുന്നു.

ജില്ലാ വ്യാപാരഭവൻ നിർമ്മാണവുമായി ബന്ധപ്പെട്ട് അന്ന് കാസർഗോഡ് യൂണിറ്റ് ട്രഷറർ ആയിരുന്ന അദ്ദേഹം യുണിറ്റിൻ്റെ വകയായി വാഗ്ദത്വം ചെയ്ത അഞ്ച് ലക്ഷം രൂപയാണ് ജില്ലാ വ്യാപാരഭവൻ നിർമ്മാണത്തിൻ്റെ ആദ്യ മൂലധനം. ആ പ്രഖ്യാപനമാണ് നിർമ്മാണവുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകാൻ ധൈര്യം നൽകിയത്. കാസർഗോഡ് പോലുള്ള വലിയ യൂണിറ്റിൽ സംഘടന അംഗങ്ങളെ അഭിപ്രായ വ്യത്യാസങ്ങൾക്കതീതമായി കൊണ്ടു പോകുന്നതിന് മികച്ച പ്രവർത്തനമാണ് അദ്ദേഹത്തിൻ്റെ ഭാഗത്തു നിന്നുണ്ടായത്. ഒരു പതിറ്റാണ്ട് കാലം മർച്ചന്റ്സ്് അസോസിയേഷൻ്റെ അമരക്കാരനായി പ്രവർത്തിച്ചു. ജില്ലയിലെ ഇലക്ട്രോണിക്സ് വ്യാപാരികളെ സംഘടിപ്പിച്ചു കൊണ്ട്, സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഡീലേർസ് അസോസിയേഷൻ ഫോർ ടി.വി.ആന്റ് ഹോം അപ്ലയൻസസ് എന്ന സംഘടനയുടെ പ്രവർത്തനം ജില്ലയിൽ ആരംഭിക്കുന്നത് ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിലാണ്. പ്രസ്തുത സംഘടനയുടെ ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചു.

നെല്ലിക്കുന്ന് പ്രദേശവാസികൾക്ക് അദ്ദേഹത്തേക്കുറിച്ച് പറയുമ്പോൾ നുറു നാവാണ്. അൻവാറുൽ ഉലൂം എ.യു.പി സ്കൂളിൻ്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളിയായി.തങ്ങൾ ഉപ്പാപ്പ ഉറൂസിനെല്ലാം മുൻപന്തിയിൽ പ്രവർത്തിച്ചു. വലുപ്പം ചെറുപ്പമില്ലാതെ എല്ലാവരോടും സ്നേഹത്തോടെ പെരുമാറി. കാണുമ്പോൾ എന്താടാ എന്ന് പറയും. മുറുക്കാത്ത സമയങ്ങൾ വിരളം. മുറുക്കുന്നതിനെ പറ്റി എതിര് പറഞ്ഞാൽ നിർത്തണം, എന്ന പഴയ പല്ലവിയിൽ ഒതുക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ “ഒരു കൈ ചെയ്യുന്നത് മറു കൈ അറിയരുത്” എന്ന ആപ്തവാക്യം മുറുകെ പിടിച്ച് നിശ്ബ്ദനായ കാരുണ്യ പ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം. വർഷം എട്ട് പിന്നിടുന്നു. വ്യാപാരികൾക്ക് നാട്ടുകാർക്കും ഒരു പാട് നൻമകൾ ചെയ്ത വലിയ ഹൃദയ വിശുദ്ധി സൂക്ഷിച്ച അപൂർവ്വ വ്യക്തിയാണ് എ.എം എ റഹീം എന്ന ഞങ്ങളുടെ രഹീംച്ച.

പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുന്ന പുണ്യമാസത്തിൽ അകാലത്തിൽ അകന്നുപോയ റഹീംച്ചയുടെ പരലോക മോക്ഷത്തിനായി ദുആ ചെയ്യുന്നു.

ഹാരിസ് ബെന്നു നെല്ലിക്കുന്ന്
കാസർകോട് നഗരസഭ കൗൺസിലർ,
നാട്ടുകാരൻ

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest