Categories
news sports

മാസ്റ്റേഴ്സ് മീറ്റിൽ മിന്നും പ്രകടനം; ഇന്ത്യൻ പ്രതിനിധിയായി കാസര്‍കോട് നിന്നും അഭിലാഷ് കാനഡയിലേക്ക്

കാസർകോട്: മണിപ്പൂരിൽ നടന്ന മാസ്റ്റേഴ്സ് മീറ്റിൽ മിന്നും പ്രകടനം കാഴ്ച്ച വെച്ച അഭിലാഷ് നാടിന്‍റെ അഭിമാനമായി. മത്സരിച്ച ഇനങ്ങളിലെല്ലാം സ്വർണവും, വെള്ളിയും, വെങ്കലവും നേടിയ അഭിലാഷ് ഇനി ഇന്ത്യൻ പ്രതിനിധിയായി കാനഡയിലേക്ക്. ചെറുപ്പത്തിൽ സ്കൂൾ വിദ്യാഭ്യാസത്തോടപ്പം തന്നെ കായിക മത്സരങ്ങളിലും മികവ് കാട്ടിയ അഭിലാഷ് 100, 200, 400 മീറ്ററുകളിൽ ചാമ്പ്യാനായി.

പെരിയ ഗവണ്മെന്റ് സ്കൂളിൽ നിന്നും പത്താം തരം പാസ്സായെങ്കിലും സാമ്പത്തിക പ്രയാസം കാരണം തുടർപഠനം മുടങ്ങി. പെരിയ ആയ്യമ്പാറ കുഞ്ഞിരാമന്‍റെയും, സുശീലയുടെയും മകനായ അഭിലാഷ് പിന്നീട് ബേഡകം മോലോത്തും കാവിൽ അമ്മാവൻ ഗംഗാധരന്‍റെ കൂടെ താമസം തുടങ്ങി, ഓട്ടോറിക്ഷ തൊഴിലാളിയായി ഉപജീവനം നടത്തി.

15 വർഷമായി കേരളോത്സവ കായിക മത്സരങ്ങളിൽ ബേഡഡുക്ക പഞ്ചായത്തിലെ വിവിധ ക്ലബ്ബുകൾക്ക് വേണ്ടി സ്ഥിര സാന്നിദ്ധ്യമായിരുന്നു. ഇഷ്ടപ്പെട്ട കായിക ഇനമായ 100, 200, 400 മീറ്ററുകളിൽ നിരവധി വർഷങ്ങളായി മത്സരിച്ചു. മൂന്ന് തവണ സംസ്ഥാന കേരളോത്സവത്തിൽ പങ്കെടുത്തു.

അഭിലാഷിനെ ജനങ്ങൾക്കിടയിൽ അറിയപ്പെടുന്നത് ഫുട്ബോൾ താരമായിട്ടാണ്. ബേഡഡുക്ക, കുറ്റിക്കോൽ, മുളിയാർ, പുല്ലൂർ -പെരിയ തുടങ്ങിയവ പഞ്ചായത്തുകളിലെ നിരവധി ടീമുകൾക്ക് അഭിലാഷ് ബൂട്ടണിഞ്ഞു. കണ്ണൂർ, പറശ്ശിനി, റെഡ് സ്റ്റാർ കണ്ണൂർ തുടങ്ങിയ ഫുട്ബോൾ ടീമുകളിൽ കളിച്ചു.

മാസ്റ്റേഴ്സ് മീറ്റിൽ ആദ്യമായിട്ടാണ് അഭിലാഷ് മത്സരിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന മത്സരത്തിൽ 200, 400 മീറ്ററുകളിൽ സ്വർണം നേടുകയും 100 മീറ്ററിൽ വെള്ളിയും കരസ്ഥമാക്കി. ഇപ്പോൾ മണിപ്പൂരിൽ നടന്ന ദേശീയ മത്സരത്തിൽ 400 മീറ്ററിൽ സ്വർണ്ണവും,100, 200 മീറ്ററിൽ വെള്ളിയും 4×400 മീറ്റർ റിലേ മത്സരത്തിൽ വെങ്കലവും കരസ്ഥമാക്കി സ്വന്തം നാട്ടിലെത്തുന്ന അഭിലാഷിന് ഉജ്വല സ്വീകരണം നൽകാൻ നാട്ടുകാർ ഒരുക്കങ്ങൾ തുടങ്ങിയിരിക്കുകയാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest