Categories
local news news

കാസർകോട് ജില്ലയിലെ ആദ്യത്തെ കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിങ് ടെസ്റ്റിങ് കേന്ദ്രം പ്രവര്‍ത്തന സജ്ജം; മന്ത്രി എ. കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

കാസർകോട്: കമ്പ്യൂട്ടറിന്‍റെയും ക്യാമറയുടെയും സഹായത്തോടെ ഡ്രൈവിങ് വൈദഗ്ധ്യം അളക്കുന്ന കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രവും വാഹന പരിശോധന കേന്ദ്രവും ബേളയില്‍ പ്രവര്‍ത്തന സജ്ജമായി. ജില്ലയിലെ ആദ്യത്തെയും സംസ്ഥാനത്തെ എട്ടാമത്തതുമായ ആധുനിക പരിശോധന കേന്ദ്രത്തിന്‍റെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. റവന്യു-ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.

പുത്തന്‍ സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ ഡ്രൈവിങ് ടെസ്റ്റും വാഹനങ്ങളുടെ സാങ്കേതിക പരിശോധനയും കൂടുതല്‍ ഫലപ്രദമായി നടത്തുന്നതിനും സുതാര്യമാക്കുന്നതിനും പുതിയ കേന്ദ്രം സഹായകരമാകും. ആധുനിക പരിശോധനാ സംവിധാനം പ്രാവര്‍ത്തികമാവുന്നതോടെ വാഹന യാത്രക്കാരുടെയും റോഡ് ഉപയോക്താക്കളുടെയും ജീവന്‍ കൂടുതല്‍ സുരക്ഷിതമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.

കാസര്‍കോട് ആര്‍. ടി. ഒ പരിധിയിലുള്ളവര്‍ക്ക് ഈ കേന്ദ്രത്തിലായിരിക്കും പരിശോധന നടത്തുക. 2.03 ഏക്കര്‍ ഭൂമിയില്‍ 4.10 കോടി രൂപ ചെലവഴിച്ചാണ് ജര്‍മന്‍ സാങ്കേതിക വിദ്യയിലുള്ള സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. എട്ടിന്‍റെ ഒരു ട്രാക്കും എച്ചിന് രണ്ട് ട്രാക്കും ആങ്കുലാര്‍ റിവേഴ്‌സ് പാര്‍ക്കുമാണ് കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റ് ട്രാക്കിലുള്ളത്. എല്‍. എം. വി/ ത്രീ വീലര്‍ ടെസ്റ്റ് ട്രാക്ക്, എച്ച്. എം. വി ടെസ്റ്റ് ട്രാക്ക്, വെയ്റ്റിങ് ലോഞ്ചും അടങ്ങിയതാണ് കമ്പ്യൂട്ടറൈസ്ഡ് വെഹിക്കിള്‍ ടെസ്റ്റിങ് സ്റ്റേഷന്‍.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എന്‍. എ നെല്ലിക്കുന്ന് എം. എല്‍. എ മുഖ്യാതിഥികളായി. ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍ ശ്രീലേഖ, ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു, ജില്ലാ പോലീസ് മേധാവി പി. എസ് സാബു, ബദിയഡുക്ക പഞ്ചായത്ത് പ്രസിഡന്റ് കെ. എന്‍ കൃഷ്ണഭട്ട്, ആര്‍. ടി. ഒ എസ് മനോജ്, ബ്ലോക്ക് ആംഗം ശ്യാമപ്രസാദ്, പഞ്ചായത്ത് അംഗങ്ങളായ എസ്. സബാന, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest