Categories
news sports

കാസര്‍കോടിന്‍റെ കായിക കുതിപ്പിന് ഊര്‍ജ്ജം പകരാന്‍ പള്ളിക്കര ചെര്‍ക്കപ്പാറയില്‍ ഓപ്പണ്‍ സ്റ്റേഡിയം ഒരുങ്ങുന്നു

കാസര്‍കോട്: ഓപ്പണ്‍ സ്റ്റേഡിയങ്ങളുടെ പരിമിതികള്‍ കായിക രംഗത്തെ സാരമായി ബാധിക്കുന്ന സാഹചര്യത്തില്‍ കായിക കുതിപ്പിന് ഊര്‍ജ്ജം പകരാന്‍ പള്ളിക്കര ചെര്‍ക്കപ്പാറയില്‍ ഓപ്പണ്‍ സ്റ്റേഡിയം ഒരുങ്ങുന്നു. നാല്‍പത് ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തും ആറ് ലക്ഷം രൂപ ജില്ലാ പഞ്ചായത്തും വകയിരുത്തി സംയുക്തമായി നിര്‍മ്മിച്ച സ്റ്റേഡിയം പള്ളിക്കര പഞ്ചായത്തിന്‍റെ അനുമതിയോടെ ഒരുങ്ങുകയാണ്.

കേരളോത്സവത്തിന്‍റെയും മറ്റ് കായിക മത്സരങ്ങളും സംഘടിപ്പിക്കാനുള്ള സ്ഥല പരിമിതികള്‍ മറികടക്കാനുള്ള മാര്‍ഗ്ഗമാണ് ഈ സ്റ്റേഡിയം. രണ്ട് ഏക്കര്‍ സ്ഥലത്ത് പൂര്‍ത്തിയാകുന്ന കളിക്കളവും ഗാലറിയും അടങ്ങിയ സ്റ്റേഡിയം അവസാനഘട്ട മിനുക്കു പണികളിലാണ്. 700 പേര്‍ക്ക് ഒരേ സമയം മത്സരം ആസ്വദിക്കാവുന്ന തരത്തിലാണ് ഗാലറി പണികഴിപ്പിച്ചിരിക്കുന്നത്. ഫുട്ബോള്‍, വോളിബോള്‍, അത്ലറ്റിക്, കബഡി തുടങ്ങി വിവിധ കായിക മത്സരങ്ങള്‍ ഇവിടെ സംഘടിപ്പിക്കാന്‍ കഴിയും. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്‍റെ അഭിമാന പദ്ധതിയാണിത്..

ബ്ലോക്ക് പഞ്ചായത്തിന്‍റെ 2018-19,2019-20 വാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് സ്റ്റേഡിയം പണികഴിപ്പിക്കുന്നത്. ഫെബ്രുവരി അവസാന വാരം പണി പൂര്‍ത്തിയാകുന്ന സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനം ഏപ്രില്‍ മാസത്തില്‍ നടത്താനാണ് ആഗ്രഹിക്കുന്നതെന്നും ഓപ്പണ്‍ സ്റ്റേഡിയം പൂര്‍ത്തിയാകുന്നതോടെ കായിക കാസര്‍കോടിന്‍റെ മുഖം മാറുമെന്നും കായിക താരങ്ങളുടെ കായിക ശേഷി പരിപോഷിപ്പിക്കാന്‍ സ്പോര്‍ട്സ് കൗണ്‍സിലുമായി ചേര്‍ന്ന് നടപ്പാക്കുന്ന പരിശീലന പരിപാടിയും സ്റ്റേഡിയവും ബ്ലോക്കിന്‍റെ സ്വപ്ന പദ്ധതികളാണെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest