Categories
local news news

പ്രവാസികളോട് അലംഭാവം കാണിക്കുന്ന ഭരണാധികാരികള്‍ക്ക് അധികാരത്തില്‍ തുടാന്‍ യോഗ്യതയില്ല; സര്‍ക്കാരുകള്‍ കോഴിപ്പോര് നടത്തുന്നു: മുല്ലപ്പള്ളി

സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി മുഖ്യപ്രഭാഷണം നടത്തി.

കാസർകോട്: പ്രവാസികളുടെ ജീവിതം വച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ കോഴിപ്പോര് നടത്തുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.പ്രവാസി സമൂഹത്തോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന അവഗണനയ്‌ക്കെതിരേ കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നടത്തിയ 12 മണിക്കൂര്‍ ഉപവാസ സമരത്തിന്‍റെ ഉദ്ഘാടനം തിരുവനന്തപുരം കെ.പി.സി.സി ആസ്ഥാനത്ത് നിന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

നമ്മുടെ നാടിന്‍റെ വളര്‍ച്ചയ്ക്ക് സുപ്രധാന സംഭാവനകള്‍ നല്‍കിയ പ്രവാസികളോട് കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരതയാണ് ഇരുസര്‍ക്കാരുകളും കാട്ടുന്നത്.പിറന്ന നാട്ടിലേക്ക് മടങ്ങാനുള്ള അവകാശത്തെയാണ് സര്‍ക്കാരുകള്‍ നിഷേധിക്കുന്നത്. പ്രവാസികളോട് അലംഭാവം കാണിക്കുന്ന ഭരണാധികാരികള്‍ക്ക് അധികാരത്തില്‍ തുടാന്‍ യോഗ്യതയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

നാട്ടില്‍ തൊഴിലവസരം ഇല്ലാതെ വന്നപ്പോഴാണ് നമ്മുടെ സഹോദരങ്ങള്‍ക്ക് പ്രവാസജീവിതം തെരഞ്ഞെടുക്കേണ്ടി വന്നത്. രാജ്യത്ത് 90 ലക്ഷം പ്രവാസികളില്‍ 21 ലക്ഷം മലയാളികളാണ്. അവരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് നാം ഇന്ന് കാണുന്ന വികസനങ്ങള്‍. 2018ല്‍ 86.96 ബില്ല്യന്‍ ഡോളറാണ് പ്രവാസികളിലൂടെ രാജ്യത്തിന്‍റെ വരുമാനം. വിദ്യേശനാണ്യത്തിന്‍റെ നല്ലൊരുപങ്കും ഇവരുടെ സംഭാവനയാണ്. ജി.ഡി.പിയുടെ 4ശതമാനം വരുമിത്.

ലേബര്‍ ക്യാമ്പുകളില്‍ താമസിക്കുന്ന പ്രവാസികളുടെ ജീവതം നരകതുല്യമാണ്. പ്രവാസികളോട് നന്ദികേട് കാട്ടിയ ഭരണകൂടമാണ് ഇപ്പോള്‍ കേരളത്തിലേത്. പ്രവസികള്‍ക്ക് നല്‍കിയ മോഹനവാഗ്ദാനങ്ങളില്‍ നിന്നും മുഖ്യമന്ത്രി മലക്കം മറിഞ്ഞു. പാവപ്പെട്ട പ്രവാസികളുടെ രോദനം മുഖ്യമന്ത്രി കേള്‍ക്കുന്നില്ല. അദ്ദേഹം ശതകോടീശ്വരന്‍മാരുടെ അടിമയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേരളം കഞ്ഞികുടിച്ച് കിടക്കുന്നത് പ്രവാസികളെ കൊണ്ടാണെന്ന് പ്രസംഗിച്ച മുഖ്യമന്ത്രി ഇപ്പോള്‍ അതു മറക്കുകയാണ്. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് 48 മണിക്കൂര്‍ മുന്‍പായി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിലപാട് പ്രവാസികളോട് കാട്ടിയ ഏറ്റവും വലിയ നന്ദികേടാണ്.സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നട്ടിലെത്താമെന്ന് കരുതിയ പ്രവാസികള്‍ക്ക് അമിത ചെലവ് ഉണ്ടാക്കുന്ന തീരുമാനമാണിത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ചുരുങ്ങിയ സമയം കൊണ്ട് ലഭ്യമാകില്ലെന്ന് മാത്രമല്ല ഇതിന് വലിയ ചെലവുംവരും.

വിമാന ടിക്കറ്റ് ചാര്‍ജ് കൂടിയാകുമ്പോള്‍ നാട്ടിലെത്താന്‍ ഒരു ലക്ഷം രൂപയിലധികം ഓരോ പ്രവാസിയും കൊടുക്കേണ്ടി വരും. വരുമാനമില്ലാതെ കഴിയുന്ന പ്രവാസിക്ക് എങ്ങനെ ഇത് സാധ്യമാകുമെന്നും മുല്ലപ്പള്ളി ചോദിച്ചു. ഇറ്റലിയില്‍ നിന്നും മലയാളികളെ തിരികെ കൊണ്ടുവരുന്നതിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് നിലപാടെടുക്കുകയും മാര്‍ച്ച് 11ന് ഐക്യകണ്‌ഠേന നിയമസഭയില്‍ പ്രമേയം പാസാക്കുകയും ചെയ്ത മുഖ്യമന്ത്രി ഇപ്പോള്‍ അപഹാസ്യമായ ഒളിച്ചുകളി നടത്തുകയാണ്.

2.5 ലക്ഷം ക്വാറന്റൈന്‍ സൗകര്യം സര്‍ക്കാര്‍ ചെലവില്‍ ഏര്‍പ്പെടുത്തിയെന്ന് പ്രഖ്യാപിച്ച ശേഷം അതിന്‍റെ ചെലവ് പ്രവാസികള്‍ വഹിക്കണമെന്ന വിചിത്ര നിലപാടെടുത്തു. നിലവില്‍ ഇന്‍സ്റ്റിറ്റൂഷന്‍ ക്വാറന്റൈന് പകരം ഹോം ക്വാറന്റൈനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്. കൂടാതെ സി.പി.എം സൈബര്‍ ഗുണ്ടകളെ ഉപയോഗിച്ച് പ്രവാസികളെ മരണത്തിന്‍റെ വ്യാപാരികളായി ചിത്രീകരിക്കുന്നു. പ്രവാസികളെ സാഹായിക്കാന്‍ മനസ്സ് കാണിച്ചില്ലെങ്കിലും ഇതുപോലെ ഉപദ്രവിക്കരുതെന്നും മുല്ലപ്പള്ളി പറഞ്ഞു.

നോര്‍ക്കയുടെ സേവനം പ്രവാസികള്‍ക്ക് ലഭിക്കുന്നില്ല. പ്രവാസികള്‍ വരുമാനവും തൊഴിലും നഷ്ടപ്പെട്ട് ആഹാരവും വൈദ്യസഹായവും ഇല്ലാതെ കഷ്ടപ്പെടുമ്പോള്‍ രണ്ട് കോടി ചെലവാക്കി നോര്‍ക്കയുടെ കെട്ടിടം മോടിപിടിപ്പിക്കുന്നതിന്‍റെ തിരക്കിലാണ് നോര്‍ക്കയെന്നും മുല്ലപ്പള്ളി പരിഹസിച്ചു.

കേന്ദ്ര സര്‍ക്കാര്‍ വന്ദേഭാരത് മിഷനിലെ വിമാനങ്ങളില്‍ നിന്നും ഉയര്‍ന്ന ടിക്കറ്റ് ചാര്‍ജാണ് പ്രവാസികളില്‍ നിന്നും ഈടാക്കുന്നത്. കോവിഡ് പരിശോധനയ്ക്ക് ആവശ്യമായ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയില്ല.പ്രവാസികളുടെ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മുതലക്കണ്ണീരല്ല ഫലപ്രദമായ നടപടികളാണ് വേണ്ടതെന്നും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നത് വരെ കോണ്‍ഗ്രസിന്‍റെ എല്ലാ പിന്തുണയും പ്രവാസ സമൂഹത്തിന് ഉണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി മുഖ്യപ്രഭാഷണം നടത്തി. കാസര്‍കോട് ഡി.സി.സി പ്രസിഡന്റ്‌ ഹക്കീം കുന്നിൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. എ.ഗോവിന്ദൻ നായർ സ്വാഗതം പറഞ്ഞു.കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. രതികുമാർ,മുൻ മന്ത്രി സി .ടി അഹമ്മദ് അലി, എന്‍.എനെല്ലിക്കുന്ന് എം.എല്‍.എ, അഡ്വ. സി.കെ ശ്രീധരൻ, ടി.ഇ അബ്ദുള്ള ,കെ. നീലകണ്ഠൻ, യൂ .ഡി. എഫ് കൺവീനർ എ ഗോവിന്ദൻ നായർ,പി. എ അഷ്‌റഫലി, കെ. വി ഗംഗാധരൻ, മീനാക്ഷി ബാലകൃഷ്ണൻ, ഹരീഷ് ബി. നമ്പ്യാർ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, ബാലകൃഷ്ണൻ പെരിയ, പി.ജി ദേവ്, പി.കെ ഫൈസൽ, കെ.കെ രാജേന്ദ്രൻ, വിനോദ് കുമാർ പള്ളയിൽ വീട്, പി.വി സുരേഷ്, സി.വി ജെയിംസ്, എം.സി പ്രഭാകരൻ,കരുൺ താപ്പ, എം കുഞ്ഞമ്പു നമ്പ്യാർ,സുന്ദര ആരിക്കാടി, കെ.വി സുധാകരൻ, കെ.കെ.നാരായണൻ സോമശേഖര ജെ എസ്, മാമുനി വിജയൻ, ശാന്തമ്മ ഫിലിപ്പ്,കെ. പി പ്രകാശൻ, മൂസ ബി. ചെർക്കളം, എ വാസുദേവൻ, സാജിദ് മൗവ്വൽ,പദ്മരാജൻ ഐങ്ങോത്ത്, ജോമോൻ ജോസ്,ബിപി പ്രദീപ്‌ കുമാർ തുടങ്ങിയവർ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *