Categories
channelrb special local news news

കാസര്‍കോട് നഗരത്തില്‍ രണ്ടാഴ്‌ചക്കിടെ പണം പിടികൂടുന്നത് മൂന്നാം തവണ; രേഖകൾ ഇല്ലാതെ കടത്തിയ 25 ലക്ഷം രൂപയുമായി രണ്ടുപേര്‍ അറസ്റ്റില്‍

പൊലീസ് ദേഹപരിശോധന നടത്തിയപ്പോഴാണ് പണം കണ്ടെത്തിയത്.

കാസർകോട്: രേഖകളില്ലാതെ കടത്തിയ 25.28 ലക്ഷം രൂപയുമായി രണ്ട് പേരെ കാസർകോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്‌തു. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ നവാസ്, കാസർകോട് ടൗണ്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ മഹ്‌മൂദ്‌ എന്നിവരാണ് പിടിയിലായത്.

കണ്ടെടുത്ത പണം കോടതിയില്‍ ഹാജരാക്കും. പണത്തിൻ്റെ ഉറവിടം സംബന്ധിച്ച്‌ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. രണ്ടാഴ്‌ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് കാസർകോട് ടൗണ്‍ പൊലീസ് പണം പിടികൂടുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് കാസർകോട് റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിന്നും രേഖകളില്ലാത്ത ഇൻഡ്യൻ- വിദേശ കറൻസികളുമായി രണ്ട് പേർ പിടിയിലായിരുന്നു.

കാസർകോട് ടൗണ്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ.എം മുഹമ്മദ് (52), മലപ്പുറം ജില്ലയിലെ സൈനുദ്ദീൻ (50) എന്നിവരെയാണ് പികൂടിയത്.

കഴിഞ്ഞ ശനിയാഴ്‌ച 15.15 ലക്ഷം രൂപയുമായി ഒരു യുവാവും അറസ്റ്റിലായി. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ അബൂബകർ ഹുസൈൻ (29) ആണ് പിടിയിലായത്. സംശയകരമായ സാഹചര്യത്തില്‍ കാസര്‍കോട് നഗരത്തില്‍ കണ്ട ഇയാളെ പൊലീസ് ദേഹപരിശോധന നടത്തിയപ്പോഴാണ് പണം കണ്ടെത്തിയത്.

ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍, അനധികൃത പണമൊഴുക്ക് തടയാൻ അധികൃതർ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest