Categories
channelrb special Kerala news

തണ്ടർ ബോൾട്ടുമായി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് വനിതാ ഗറില്ല; പകരം വീട്ടുമെന്ന് പോസ്റ്റർ പതിച്ചു

തിരുനെല്ലിയിലെ ഗുണ്ടിക പറമ്പ് കോളനിയിലാണ് വ്യാഴാഴ്‌ച രാത്രിയോടെ പോസ്റ്റർ പതിച്ചത്

കണ്ണൂര്‍: നവംബർ 13ന് കണ്ണൂരിലെ ഞെട്ടിത്തോട്ടിൽ തണ്ടർബോൾട്ടുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി വിവരം. കവിത (ലക്ഷ്മി) എന്ന മാവോയിസ്റ്റ് വനിതാ ഗറില്ല കൊല്ലപ്പെട്ടതായി തിരുനെല്ലിയിൽ പതിച്ച പോസ്റ്ററിൽ മാവോയിസ്റ്റുകൾ തന്നെയാണ് വ്യക്തമാക്കുന്നത്. പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റിയുടെ പേരിലാണ് തിരുനെല്ലിയിൽ പോസ്റ്റർ പതിച്ചിരിക്കുന്നത്.

ആറളം ഫാമിന് സമീപമുണ്ടായ ഏറ്റുമുട്ടലിൽ കവിത രക്തസാക്ഷിയായെന്നും ഇതിന് പകരം വീട്ടുമെന്നുമാണ് പോസ്റ്ററിൽ പറയുന്നത്. നവംബർ 13ന് രാവിലെ 9:50ഓടെയാണ് തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഇരുവരും പരസ്പരം വെടിവെച്ചു. എന്നാൽ ആരെയും പിടികൂടാൻ തണ്ടർബോൾട്ടിന് കഴിഞ്ഞില്ല.

സ്ഥലത്ത് വ്യാപക തിരച്ചിൽ നടത്തുന്നതിനിടെ സ്ത്രീയുടെ കൈയിലെ അസ്ഥി കഷ്ണം ലഭിച്ചിരുന്നു. ഞെട്ടിത്തോട് നടന്ന ഏറ്റുമുട്ടലിൽ ചിലര്‍ക്ക് പരിക്കേറ്റിരുന്നുവെന്ന് അന്ന് തന്നെ ഡി.ഐ.ജി പുട്ട വിമലാദിത്യ വ്യക്തമാക്കിയിരുന്നു.

തിരുനെല്ലിയിലെ ഗുണ്ടിക പറമ്പ് കോളനിയിലാണ് വ്യാഴാഴ്‌ച രാത്രിയോടെ പോസ്റ്റർ പതിച്ചത്. കോളനിയിലെത്തിയ ആറംഗ സംഘമാണ് പോസ്റ്റർ പതിച്ചത്. ആറളത്ത് കവിത കൊല്ലപ്പെട്ടതിന് പകരം വീട്ടുമെന്നും പോസ്റ്ററിലുണ്ട്.

‘ഗ്രാമങ്ങളെ ചുവപ്പണിയിക്കാൻ സ്വന്തം ജീവൻ സമർപ്പിച്ച വനിതാ മാവോയിസ്റ്റ് വനിതാ ഗറില്ല സ. കവിതയ്ക്ക് ലാൽസലാം. രക്തകടങ്ങൾ രക്തത്താൽ പകരംവീട്ടും’- എന്നാണ് പോസ്റ്ററുകളിൽ പറഞ്ഞിരിക്കുന്നത്.

എന്നാൽ നവംബർ 13ലെ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ടിരിക്കാമെന്നും പൊലീസും പറയുന്നു. ഏറ്റുമുട്ടലിന് പിന്നാലെ ഇവിടെ ആരെയും കണ്ടെത്താൻ ആയിരുന്നില്ല. എന്നാൽ ഒരു സ്ത്രീയുടെ കൈയിലെ എല്ലിൻ കഷണം ലഭിച്ചിരുന്നു.

പരിക്കേറ്റയാൾ കൊല്ലപ്പെട്ടിരിക്കാമെന്ന സംശയം അന്ന് തന്നെ പൊലീസിനുണ്ടായിരുന്നു. മൃതദേഹം മാവോയിസ്റ്റുകൾ വനത്തിനുള്ളിൽ സംസ്കരിച്ചിരിക്കും എന്നാണ് പൊലീസ് കരുതുന്നത്. ചികിത്സ തേടാത്തത് കൊണ്ടാകാം മരണം സംഭവിച്ചതെന്നും പൊലീസ് അനുമാനിക്കുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest